തിരുവനന്തപുരം: ഇന്ന് ഉത്രാടപ്പാച്ചില്‍. നാടും നഗരവും ഓണത്തിരക്കില്‍. നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും വ്യാപാരകേന്ദ്രങ്ങളില്‍ ഓണക്കോപ്പുകള്‍ ഒരുക്കുകൂട്ടാനുള്ള തിരക്കിലാണ്. ഓണത്തോടനുബന്ധിച്ച് ദിവസങ്ങള്‍ക്ക് മുമ്പേ അനുഭവപ്പെട്ട തിരക്ക് ഇന്നലെയും വ്യാപാര കേന്ദ്രങ്ങളില്‍ തുടര്‍ന്നു. ഇന്ന് പച്ചക്കറി വാങ്ങാനുള്ള തിരക്കിലാണ് നാടെങ്ങും.
നഗരത്തിലെ ഷോപ്പിങ് കേന്ദ്രമായ എംജി റോഡില്‍ സൂചികുത്താന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. ഉത്രാടപ്പാച്ചിലിന്റെ ഹരംകൂടി ആകുമ്പോള്‍ നഗരം ഇന്ന് ജനസമുദ്രമാകും. വന്‍കിട വാണിജ്യസമുച്ചയങ്ങളിലും തെരുവോര കച്ചവടക്കാരുടെ മുന്നിലും ഒരേപോലെ ആള്‍ക്കൂട്ടം ഒഴുകിയെത്തി. പൂരാടദിവസമായ ഇന്നലെ കിഴക്കേകോട്ട മുതല്‍ പാളയം വരെയുള്ള വസ്ത്രാലയങ്ങളില്‍ റെക്കോര്‍ഡ് വ്യപാരമാണ് നടന്നത്. കനകക്കുന്നിലും പരിസരത്തും ഓണാഘോഷവും വൈദ്യുതാലങ്കാരവും കാണാന്‍ എത്തിയവര്‍ വീഥികള്‍ കൈയടക്കി.
റോഡുകളിലെല്ലാം അസാധാരണമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നഗരത്തിലോടിയ എല്ലാ ബസുകളിലും ഇന്നലെ സൂചികുത്താന്‍ ഇടമില്ലായിരുന്നു. തിരക്കുള്ള സ്ഥലങ്ങളിലേക്കു പ്രത്യേക സര്‍വീസുകള്‍ നടത്തി സ്വകാര്യബസുകാര്‍ക്ക് ചാകരക്കൊയ്ത്തായിരുന്നു. കെഎസ്ആര്‍ടിസിക്കും മോശമല്ലാത്ത കളക്ഷന്‍ ഇന്നലെ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: