കാന്തല്ലൂര്‍ : ഇരുപതിലധികം വരുന്ന കാട്ടാനകളുടെ ആക്രമണത്തില്‍ നിന്നും അമ്മയും ബുദ്ധിമാന്ദ്യമുള്ള മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചങ്ങരക്കര സ്വദേശികളായ സുകുമാരന്റെ ഭാര്യ ഇന്ദിരയും മകന് രതീഷുമാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. കാന്തല്ലൂര്‍ കീഴാന്തൂര്‍ ചങ്ങരക്കരയിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കാട്ടാനക്കൂട്ടം ഭീതി പരത്തി വീടിന് ചുറ്റും തമ്പടിച്ചത്. പ്രധാന പാതയില്‍ നിന്നും മൂന്നൂ മണിക്കൂര്‍ കാല്‍നടയായി സഞ്ചരിച്ചാല്‍ മാത്രമാണ് ചങ്ങരക്കരയിലെ മലമുകളില്‍ എത്താനാകൂ. ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. സര്‍ക്കാര്‍ പതിച്ച് നല്കിയ ഭൂമിയിലാണ് സുകുമാരനും കുടുംബവും വര്‍ഷങ്ങളായി താമസിച്ചുവരുന്നത്. മുമ്പ് ഇവിടെ 25ലധികം കുടുംബങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മൂന്നു കുടുംബങ്ങള്‍ മാത്രമാണ് പ്രദേശത്ത് താമസിച്ചുവരുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ വീടിന് ചുറ്റും തീയിട്ട് ആന വരാതിരിക്കാനായി മുന്‍കരുതല്‍ എടുത്തെങ്കിലും കാട്ടാന എത്തുകയായിരുന്നു. ഇവരുടെ പുരയിടത്തിലെ വാഴയുള്‍പ്പെടെയുള്ള എല്ലാ കൃഷികളും ആന നശിപ്പിച്ചു. കാട്ടാനക്കൂട്ടം വീട് ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ദിരയും മകനും വീട് ഉപേക്ഷിച്ച് ഓടുകയായിരുന്നു. അല്‍പ്പം ദൂരെയായുള്ള മാരിയപ്പന്റെ ഭവനത്തില്‍ ഇവര്‍ അഭയം പ്രാപിച്ചു. പിന്നാലെയെത്തിയ കാട്ടാനക്കൂട്ടം മാരിയപ്പന്റെ കൃഷിത്തോട്ടവും നശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: