ചെറുതോണി : പൈനാവിലെ വ്യാപാര സ്ഥാപനത്തില്‍ പതിവായി മോഷണം നടത്തി വന്ന സംഘം അറസ്റ്റില്‍. സംഘത്തിലെ നാല് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. ചെറുതോണി ഗാന്ധിനഗര്‍ കോളനി മണിവിലാസത്തില്‍ അജിത് (18) എന്ന യുവാവാണ് സംഘത്തിലെ പ്രധാനി. പൈനാവിലെ ഫെമിന ഫാന്‍സി സെന്ററിലെ കെ സി ഫുഡ് കോര്‍ട്ടിലും കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നുതവണ മോഷണം നടത്തിയ സംഘം പത്തു മൊബല് ഫോണുകളും, ഷര്‍ട്ട്, ജീന്‍സ്, മുണ്ട് തുടങ്ങി നിരവധി തുണിത്തരങ്ങളും, ഫാന്‍സി സാധനങ്ങളും മോഷ്ടിച്ച് കടത്തിയിരുന്നു. തിങ്കളാഴ്ച അര്‍ദ്ധരാത്രിക്ക് കടയില്‍ കയറിയ സംഘം നാലു മൊബൈല്‍ ഫോണുകളും തുണിത്തരങ്ങളുമാണ് കവര്‍ന്നത്. ഈ മാസം ആദ്യവും ഈ കടയില്‍ മോഷണം നടന്നിരുന്നു. ഇതേ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇടുക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തുടര്‍ന്ന് ഇവരെ തന്ത്രപൂര്‍വ്വം സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് എസ് ഐ എസ് ഷൈന്‍ പറഞ്ഞു. ഓണാഘോഷങ്ങള്‍ക്കു മുന്നോടിയായി ഇന്നലെ വീണ്ടും കടയില്‍ കയറി മോഷണം നടത്താന്‍ പദ്ധതിയിട്ടപ്പോഴായിരുന്നു അറസ്റ്റ്. മോഷണ മുതലുകള്‍ ഇവര്‍ ഗാന്ധിനഗര്‍ കോളനിയിലെ വീടിന് സമീപമുള്ള പെട്ടിക്കടയില്‍ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നുവെന്നും, മൊബൈല്‍ ഫോണുകളില്‍ കൈമാറിയവയും കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മോഷണ മുതലുകള്‍ വിറ്റ് കിട്ടുന്ന പണംകൊണ്ട് ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു ഈ വിദ്യാര്‍ത്ഥികള്‍. ഇടുക്കി സി ഐ ജോര്‍ജ് മാത്യുവിന്റെ നേതൃത്വത്തില്‍ എസ് ഐ എസ് ഷൈന്‍, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ കെ ജോസഫ്, ജോണ്‍ സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: