നിലമ്പൂര്‍: കളിയും ചിരിയുമായി കുട്ടിപ്പട്ടാളത്തെപ്പോലെ ആവേശത്തോടെ കാരണവപ്പട ഓണാഘോഷത്തില്‍ പങ്കെടുത്തപ്പോള്‍ നിലമ്പൂരിന് അത് വേറിട്ട അനുഭവമായി. അറുപതു വയസുകഴിഞ്ഞ ആയിരത്തോളം പേരാണ് നഗരസഭയുടെ വയോസുകൃതമെന്ന കാരണവന്‍മാരുടെ ഓണാഘോഷത്തിനെത്തിയത്. പ്രതിസന്ധികളോട് മല്ലടിച്ച് നിലമ്പൂരില്‍ ജീവിതം കെട്ടിപ്പടുത്ത പഴയ തലമുറയെ ആദരിക്കുന്ന ആഘോഷം പലര്‍ക്കും ഒത്തുചേരലിനും പരിചയും പുതുക്കലിനുമുള്ള വേദിയുമായി. 75ന്റെ പടികടന്ന് ഊന്നുവടിയുടെ താങ്ങില്‍ എത്തിയ മുഹമ്മദുകുട്ടിയും ചെറിയാച്ചനും നാരായണന്‍കുട്ടിയുമെല്ലാം പഴയ കളിക്കൂട്ടുകാരായി. പൊടിവലിച്ചും തമാശപൊട്ടിച്ചും അവര്‍ പ്രായം മറന്നു കുടുംബശ്രീയുടെ ഓണ ചന്തയില്‍ കറങ്ങി നടന്നു. പ്രമേഹത്തിന്റെ വിലക്കില്‍ മധുരത്തെ അകറ്റി നിര്‍ത്തിയവര്‍ ഓണചന്തയില്‍ നിന്നും ഓരോ കപ്പ് മുളയരിപ്പായസം കുടിച്ചു. പിന്നെ മുതിര്‍ന്നവര്‍ക്കുള്ള മത്സരങ്ങളിലും പങ്കെടുത്ത് കുട്ടികളായി. കോലോത്തുംമുറിയിലെ ദേവകിയും നെടുമുണ്ടകുന്നിലെ ഫാത്തിമയുമെല്ലാം പൂവിളിയുമായുള്ള പഴയ ഓണക്കാലത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു. ശരീരത്തെ പ്രായം തളര്‍ത്തിയിട്ടും പരസ്പര സ്‌നേഹവും സൗഹൃദവുമെല്ലാം മുറുകെപിടിച്ചായിരുന്നു പഴയ തലമുറ എത്തിയത്. വീടിനു പുറത്തിറങ്ങാതിരുന്ന പലരും ഒന്നിച്ചു ഒരേ പ്രായക്കാരുമായി ആഘോഷിക്കാന്‍ അവസരം കിട്ടിയപ്പോള്‍ അത് ഉത്സവമാക്കി.
നഗരസഭയിലെ 70 വയസുകഴിഞ്ഞ 350 പേര്‍ക്കാണ് ഓണക്കോടി നല്‍കിയത്. സ്റ്റേജില്‍ നിന്നിറങ്ങി നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പ്രായം ചെന്നവരെ അവരുടെ ഇരിപ്പിടത്തിലെത്തി ഓണക്കോടി കൈമാറിയപ്പോള്‍ പലര്‍ക്കും കണ്ണു നിറഞ്ഞു. ചിലര്‍ മകനേ എന്നു വിളിച്ച് വാരിപ്പുണര്‍ന്നു. വികാര നിര്‍ഭരമായിരുന്നു ഓണക്കോടി വിതരണം. സത്രീകള്‍ക്ക് സാരിയും പുരുഷന്‍മാര്‍ക്ക് മുണ്ടുമാണ് നല്‍കിയത്. കാഴ്ചമങ്ങിയവര്‍ക്ക് കണ്ണടകളും വിതരണം ചെയ്തു. കാരണവന്‍മാരുടെ ഓണാഘോഷമായ വയോ സുകൃതം നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി വര്‍ഗീസ് ഉദഘാടനം ചെയ്തു. ആര്യാടന്‍ ഷൗക്കത്ത് ആധ്യക്ഷം വഹിച്ചു. 79 വയസെത്തിയ പ്രമുഖ നാടക, ചലച്ചിത്ര നടിയായ നിലമ്പൂര്‍ ആയിഷക്കാണ് ആദ്യ ഓണക്കോടി സമ്മാനിച്ചത്. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് ബാബു, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് ദേവശേരി, സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രസിഡന്റ് കെ. മുഹമ്മദ്കുട്ടി, സെക്രട്ടറി യു. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വൈകുന്നേരം നിലമ്പൂര്‍ ഗോത്രമൊഴി അവതരിപ്പിച്ച ഗോത്രകലകളും നാട്ടറിവു പാട്ടുകളും കൂടി ആസ്വദിച്ചാണ് പലരും മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: