കാഞ്ഞങ്ങാട്: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ 13-ാം വാര്‍ഡിലുള്ള തടം-കാരിക്കൊച്ചി റോഡ്് നിര്‍മാണം മുന്നില്‍ കണ്ട് സിപിഎം അഴിമതിക്ക് കോപ്പുകൂട്ടുന്നതായി ബിജെപി പുല്ലൂര്‍ പെരിയ പഞ്ചായത്ത് കമ്മറ്റി. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ നിര്‍മിക്കാന്‍ പോകുന്ന തടം-കാരിക്കൊച്ചി റോഡ് നിര്‍മാണ കമ്മറ്റിയില്‍ സിപിഎം പ്രവര്‍ത്തകരെ മാത്രം ഉള്‍പ്പെടുത്തിയാണ് വന്‍ അഴിമതിക്ക് കളമൊരുക്കുന്നത്. സിപിഎം ചാലിങ്കാലില്‍ നിര്‍മിക്കുന്ന സ്മാരക കെട്ടിടത്തിന് ഫണ്ട് കണ്ടെത്താനുളള വേദിയായി റോഡ് നിര്‍മാണത്തെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബിജെപി പറഞ്ഞു.
എംഎല്എഫണ്ടില് നിന്നും 10 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും 5 ലക്ഷം രൂപയും അനുവദിച്ചാണ് റോഡ് നിര്‍മിക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസം നിര്‍മ്മാണ കമ്മിറ്റി രൂപീകരണ യോഗം ചേരുകയും 9 അംഗ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. യോഗത്തില്‍ സ്ഥലം എംഎല്‍എ, ബ്ലോക്ക് പഞ്ചായത്തംഗം, വാര്‍ഡംഗം എന്നിവര്‍ സംബന്ധിച്ചിരുന്നു. ഒരു സിപിഎം കുടുംബത്തിലെ കുടുംബനാഥന് ചെയര്‍മാനും അനുജനും ഭാര്യയും മകനും കമ്മിറ്റി അംഗങ്ങളും മരുമകന് ജനറല്‍ കണ്‍വീനറുമായി 4 സിപിഎം പ്രവര്‍ത്തകരെ അംഗങ്ങളുമാക്കിയാണ് കമ്മറ്റി രൂപീകരിച്ചിട്ടുള്ളത്. മാനദണ്ഡം അനുസരിച്ച് 30 ശതമാനം സ്ത്രീ സംവരണം ആവശ്യമാണ്. ഈ മാനദണ്ഡങ്ങളൊന്നും തന്നെ പാലിക്കാതെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്താതെയുമാണ് കമ്മറ്റി രൂപീകരിച്ചിട്ടുള്ളത്. റോഡിനനുവദിച്ച ഫണ്ടില്‍ നിന്നും തുക തിരിമറി നടത്തുവാന്‍ വേണ്ടിയാണ് ജനകീയ കമ്മറ്റിക്കു പകരം സിപിഎം കുടുംബ കമ്മറ്റി രൂപീകരിച്ചതെന്ന് ബിജെപി ആരോപിച്ചു. പുതിയ ജനകീയ കമ്മറ്റി രൂപീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് ബിജെപി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: