വണ്ടൂര്‍: രണ്ട് ദിവസമായി വണ്ടൂരില്‍ നടന്നുവന്ന ബാലകാരുണ്യം 2015 ഇന്ന് സമാപിക്കും. വണ്ടൂരിനെ ഉത്സവലഹരിയിലാഴ്‌ത്തിയ പരിപാടിക്ക് സമാപനമാകുമ്പോള്‍ ഒറ്റപ്പെടലിന്റെ വേദനകള്‍ മറന്നാണ് കുരുന്നുകള്‍ യാത്രയാകുന്നത്. പുതിയ സഹോദരങ്ങളെയും അച്ഛനെയും അമ്മയേയും കിട്ടിയ സന്തോഷത്തിലാണ് എല്ലാവരും. കേരളത്തിലെ 13 ബാല-ബാലികാ സദനങ്ങളില്‍ നിന്നായി ആയിരത്തോളം കുട്ടികളാണ് ബാലകാരുണ്യത്തില്‍ പങ്കെടുത്തത്.
രാവിലെ ഒന്‍പത് മണിക്ക് നടന്ന പൊതുപരിപാടി വിഎച്ച്പി അഖിലേന്ത്യാ സഹസേവാപ്രമുഖ് മധുകര്‍ ദീഷിത്ത് ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഷെരീഫ് ഉള്ളത്ത് കുട്ടികളുമായി സംവദിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ഓരോരുത്തരുടെയും കാര്യങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു. വിദ്യാര്‍ത്ഥികളെ വാക്കുകള്‍കൊണ്ട് കയ്യിലെടുത്ത അദ്ദേഹം ഏറെ നേരം അവരോടൊത്ത് കഴിഞ്ഞു. തുടര്‍ന്ന് കലാപരിപാടികളും വിസ്മയ 2015 മാജിക് ഷോയും അരങ്ങേറി.
ഇന്ന് നടക്കുന്ന സമാപന സഭ റിച്ചാര്‍ഡ് ഹെ എംപി ഉദ്ഘാടനം ചെയ്യും. മഞ്ചേരി അമൃതാനന്ദമയി മഠം വരാദാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ.ശ്രീനാഥ് കരയാട്ട് പ്രഭാഷണം നടത്തും. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ബാലകാരുണ്യ സന്ദേശം നല്‍കും. ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍. എം.കദംബന്‍ മാസ്റ്റര്‍ ഓണക്കോടികള്‍ വിതരണം ചെയ്യും.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകത്തിന്റെ കീഴിലുള്ള സേവാ വിഭാഗത്തിന്റെ അനുബന്ധമായ സ്വാമി വിവേകാനന്ദ കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ 13 ബാലബാലിക സദനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതികൂല ജീവിത സാഹചര്യങ്ങളില്‍ സാധാരണ നിലയില്‍ ജീവിക്കാനോ പഠിക്കുവാനോ കഴിയാത്ത ബാല്യങ്ങളാണ് ഈ സദനങ്ങളിലുള്ളത്. എല്ലാ വര്‍ഷവും ഓണക്കാലത്ത് ഇവരുടെ ഒത്തുചേരലിനും സര്‍ഗവാസനകള്‍ പ്രകടപ്പിക്കുന്നതിനുമായാണ് ബാലകാരുണ്യം എന്ന പേരില്‍ വേദിയൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: