പാലക്കാട്: അബ്കാരി ജീവനക്കാര്‍ക്ക് ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നല്കാന് ബിവറേജ് കോര്പ്പറേഷന് ഹൈക്കോടതി നിര്‍ദ്ദേശം. ജീവനക്കാര്‍ക്കിടയില്‍ രണ്ടുതരം നീതി നടപ്പിലാക്കുകയാണെന്നും ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് കാണിച്ച് രണ്ടായിരത്തോളം വരുന്ന അബ്ക്കാരി ജീവനക്കാര്‍ നല്കിയ പരാതിയിന്മേലാണ് ഉത്തരവ്.
പഴയ സ്വകാര്യ വിദേശ മദ്യഷാപ്പ് നിര്‍ത്തലാക്കിയപ്പോള്‍ അതിലുണ്ടായിരുന്ന ജീവനക്കാര്‍, ചാരായം നിര്‍ത്തലാക്കിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ടതു മൂലം തൊഴില്‍ രഹിതരായവരുടെ ആശ്രിതര്‍, 2001 ല്‍ ബിവറേജസ് കോര്‍പ്പറേഷനിലുണ്ടായ ഒഴിവില്‍ കോര്പ്പറേഷന് നേരിട്ട് നിയമിച്ചവര്‍ എന്നിവരാണ് അബ്ക്കാരി ജീവനക്കാര്‍. ഇതിനുപുറമേ പിഎസ്സി നേരിട്ട് നിയമിച്ചവര്‍, 1984 ല്‍ കോര്പ്പറേഷന് രൂപീകരിച്ചപ്പോള്‍ നിയമിതരായവര്‍ എന്നിവരും ജീവനക്കാരായി ബിവറേജസ് കോര്‍പ്പറേഷനില്‍ വിവിധ ജില്ലകളിലായി ജോലി ചെയ്തുവരുന്നു. ഇതില്‍ അബ്ക്കാരി വര്ക്കേഴ്സിനോടാണ് കോര്പ്പറേഷന് അവഗണന തുടരുന്നത്. മറ്റു ജീവനക്കാരെപോലെ തന്നെ എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കും നല്കാന് നിയമം അനുശാസിക്കുന്നുണ്ട്. ഇവര്‍ക്കുള്ള പ്രമോഷനടക്കം തടസ്സപ്പെട്ടതായി പരാതിക്കാര്‍ പറയുന്നു. അബ്ക്കാരി ജീവനക്കാരെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായാണ് പരിഗണിക്കുന്നത്.
അബ്ക്കാരി ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്ക് പി.എഫ്. ആനുകൂല്യങ്ങള്‍, പെന്ഷന് ആനുകൂല്യങ്ങള്‍, ഗ്രാറ്റിവിറ്റി, പ്രമോഷന് എന്നിവ വര്‍ഷങ്ങളായി നല്കിവരുന്നു. എന്നാല്‍ അബ്ക്കാരി ജീവനക്കാര്‍ക്കുകൂടി ഈ ആനുകൂല്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് 2001 മുതല്‍ ജീവനക്കാര്‍ കോര്‍പ്പറേഷനും സര്ക്കാര്ക്കും നിരവധിതവണ നിവേദനം നല്‍കിയിരുന്നു.
എന്നാല്‍ നാളിതുവരേയും ഈ ആവശ്യം അനുവദിച്ചില്ല. ഇതിനെ തുടര്‍ന്ന് അബ്ക്കാരി ജീവനക്കാരായ ആര്യനാട് പ്രദീപ്, കണിയിക്കാവിള ജയചന്ദ്രന്, ശോഭന തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇരുപത്തിനാലോളം പേര് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജി രാമകൃഷ്ണപ്പിള്ള അബ്കാരി ജീവനക്കാര്‍ക്ക് ബിവറേജസ് കോര്പ്പറേഷന് സ്പെഷല്‍ റൂള്‍സ് ബാധകമാക്കണമെന്ന് വിധിച്ചു. ജൂലൈ 29നാണ് വിധി പ്രസ്താവിച്ചത്. വിധി വന്നിട്ടും ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കാത്തതില്‍ അബ്കാരി ജീവനക്കാര്‍ അമര്‍ഷത്തിലാണ്. ആനുകൂല്യങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: