ഓണം നമ്മുടെ വീട്ടുമുറ്റത്ത് ഒരുങ്ങുമ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിക്കുന്നത് കച്ചവട സ്ഥാപനങ്ങളാണ്. അവരുടെ സാധന സാമഗ്രികള്‍ പരമാവധി വിറ്റഴിക്കാനാണ് ഓണവിപണികള്‍ ഇന്ന് ലക്ഷ്യംവെക്കുന്നത്. ഓണക്കിഴിവും, സമ്മാനങ്ങളും ഏര്‍പ്പെടുത്തി പൊതുജനങ്ങളെ കടയിലേക്ക് ആകര്‍ഷിക്കുമ്പോള്‍ കോടികളുടെ സാധന സാമഗ്രികളാണ് വിപണിയില്‍ പ്രതിദിനം വിറ്റഴിക്കപ്പെടുന്നത്. വിഭവസമൃദ്ധമായ സദ്യയും ഓണക്കോടിയും ബന്ധുമിത്രാദികളുടെ ഒത്തുചേരലുമായിരുന്നു പണ്ടത്തെ ഓണം. എന്നാല്‍ ഇപ്പോള്‍ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പടെയുള്ള സാധന സാമഗ്രികള്‍ വാങ്ങിക്കാനുള്ള കാലമായി മാറിയിട്ടുണ്ട്. പൊതുജനങ്ങളെ തങ്ങളുടെ വ്യാപാര കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി അതിനൊത്ത് സമ്മാനങ്ങളും കിഴിവുകളും കച്ചവടസ്ഥാപനങ്ങളും നല്‍കുന്നുണ്ട്.
‘കാണം വിറ്റും ഓണമുണ്ണണം’ എന്നതാണ് ഓണത്തോടനുബന്ധിച്ചുള്ള മലയാളിയുടെ പഴമൊഴി. ഓണ വിപണിയുടെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഇതെന്നാണ് പഴമക്കാര്‍ പറയുന്നത്. അത്തത്തില്‍ ആരംഭിച്ച് തിരുവോണ നാളിലെത്തുന്ന ഉത്സവകാലത്ത് ‘മാവേലിമന്നനെ’ വരവേല്‍ക്കാന്‍ മടിശ്ശീലയുടെ കനം നോക്കാതെ മാനംമുട്ടെ ആറാടാനാണ് മലയാളികള്‍ താത്പ്പര്യപ്പെടുന്നത്. ആനന്ദം പണം ഒഴുക്കുന്ന ആഘോഷമാകുമ്പോള്‍ അതിര്‍ത്തി കടന്നെത്തുന്ന ഓണ വിഭവങ്ങളും വിപണി കൈയ്യേറുന്നുണ്ട്.
ഓണാഘോഷത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഓണക്കോടി. പരമ്പരാഗതമായുള്ള ഓണക്കോടിയുള്പ്പടെ മലയാളിക്ക് മുമ്പില്‍ വൈവിധ്യമാര്‍ന്ന വസ്ത്ര ശേഖരമാണ് കൈത്തറിശാലകള്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്. സ്വര്‍ണ്ണക്കരയുള്ള സെറ്റും മുണ്ടും മുതല്‍ ന്യൂ ജനറേഷന് ഫാഷന്‍ വസ്ത്രങ്ങള്‍വരെ കൈത്തറി വസ്ത്രശാലകളില്‍ ലഭ്യമാണ്.
ഓണക്കാലത്ത് കേരളത്തിന്റെ തനത് സംസ്കാരം ആചരിക്കാനാണ് മലയാളികള്‍ ഇഷ്ടപ്പെടുന്നത്. വേഷവിധാനത്തിലും ഇത് ഏറെക്കുറെ പ്രാവര്‍ത്തികമാക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ഇക്കാലയളവില്‍ കൈത്തറി, ഖാദി വസ്ത്രങ്ങളോടാണ് കേരളീയര്‍ക്ക് കൂടുതല്‍ പ്രിയം. ഓണത്തിന്റെ വസ്ത്ര വിപണിയില്‍ അന്യ സംസ്ഥാന നെയ്ത്തു തറികളില്‍ നിന്നും ഇറക്കുമതി ചെയ്തിട്ടുള്ള പട്ടുവസ്ത്രങ്ങളുടേയും, റെഡിമെയ്ഡ് കുട്ടിയുടുപ്പുകളുടെ വില്‍പ്പനയും ഇതോടൊപ്പം പൊടിപൊടിക്കുന്നുണ്ട്. ബനാറസ്, കാഞ്ചീപുരം പട്ടുവില്പ്പന കേന്ദ്രങ്ങള്‍ക്കൊപ്പം കസവു വസ്ത്രശാലകളിലാണ് ഓണത്തിന് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നത്. 500 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ വിലയുള്ള പട്ടു വസ്ത്രങ്ങള്‍ വരെ ഇന്ന് വില്‍പ്പനയ്ക്കുണ്ട്. റെഡിമെയ്ഡ് വസത്ര വിപണിയാണ് മറ്റൊന്ന്. കുട്ടിയുടുപ്പുകള്‍ മുതല്‍ എണ്‍പതുകാരന്റെ വരെ മനം മയക്കുന്ന ഫാഷന്‍ തരംഗമാണ് റെഡിമെയ്ഡ് വസ്ത്രശാലകളില്‍ കാണാന്‍ കഴിയുന്നത്. കൂടാതെ വഴിയോര വില്‍പ്പനക്കാരുടേയും ബ്രാന്‍ഡഡ് വില്‍പ്പന കേന്ദ്രങ്ങളുടേയും ഫാഷന്‍ തരംഗങ്ങളും മലയാളികളുടെ മാറുന്ന വസ്ത്രധാരണ രീതിയില്‍ ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്.
ഓണക്കോടിക്കൊപ്പം ഒഴിച്ചുകൂടാനാവത്തതാണ് ഓണപ്പൂക്കളം. എന്നാല്‍ ഇന്ന് പണ്ടത്തെപ്പോലെ തൊടിയിലും മുറ്റത്തും പൂക്കളില്ലാത്തതിനാല്‍ അതിനും വിപണിയേയാണ് ആശ്രയിക്കുന്നത്. മറുനാടന്‍ പൂക്കളാണ് ഈ മേഖലയിലെ മുഖ്യ താരം. അത്തത്തില്‍ തുടങ്ങുന്ന വീട്ടുമുറ്റത്തെ പൂക്കളങ്ങള്‍ക്കായി പ്രതിദിനം പത്ത് ലക്ഷം കിലോയിലേറെ പൂക്കളാണ് അതിര്‍ത്തി കടന്നെത്തുന്നത്.
ഓണപ്പുടവയും ഓണപ്പൂക്കളുമെന്നപോലെ മലയാളിയുടെ ഓണസദ്യ ലോകപ്രശസ്തമാണ്. മധുരം നുണയുന്ന വിവിധതരം പായസങ്ങളും കറിക്കൂട്ടുകളും ഉപ്പേരിയും പപ്പടവും തുടങ്ങി വിഭവങ്ങള്‍ നിരത്തിയുള്ള ഓണസദ്യ മലയാളിക്ക് മാത്രം സ്വന്തമായുള്ളതാണ്. ‘വാഴ’ ഇലയില്‍ വിളമ്പി ഉണ്ണുന്ന ഓണസദ്യ ഇന്ന് ഏറെ ചെലവേറിയതാണ്. സാധനങ്ങളുടെ വില പ്രതിദിനം വര്‍ധിച്ചുവരുന്നതാണ് ഇതിനു കാരണം. അണുകുടുംബത്തിന് ഒരു ചെറിയ സന സദ്യ ഒരുക്കണമെങ്കില്‍ ഇന്ന് ചുരുങ്ങിയത് ആയിരം രൂപയെങ്കിലും ചെലവാകും. ഓണം മലയാളികളുടെ പോക്കറ്റ് കാലിയാക്കുമെങ്കിലും ആഘോഷത്തിനു മുമ്പില്‍ ഇതൊന്നും ആരും വകവെക്കാറില്ല.
മലയാളിയുടെ കാര്‍ഷിക സമൃദ്ധിയുടെ വിളവെടുപ്പുകാലം കൂടിയാണ് ഓണം. ഇലയില്‍ നിരന്നിരിക്കുന്ന സദ്യവട്ടങ്ങള്‍ കര്‍ഷകരുടെ അധ്വാനത്തിനുള്ള പ്രതിഫലമാണ്. അടുക്കള മുറ്റത്തെ കാര്‍ഷിക വിഭവങ്ങളുമായി മലയാളി ഓണസദ്യ ഒരുക്കിയിരുന്ന കാലം ഇന്ന് വിസ്മൃതിയിലാണ്. കാര്‍ഷിക വൃത്തിയില്‍ നിന്നും വൈറ്റ്കോളര്‍ ഉദ്യോഗങ്ങളിലേക്ക് മലയാളികള്‍ ചേക്കേറുമ്പോള്‍ പണ്ട് നിലം ഉഴലിന്റേയും വിളവെടുപ്പിന്റേയും ഉത്സവങ്ങള്‍ കൊണ്ടാടിയിരുന്ന പാടങ്ങള്‍ ഫഌറ്റ് നിര്‍മാണ കമ്പനികളും കൈയടക്കി.
ഓണം ഇപ്പോള്‍ അന്യസംസ്ഥാന കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടം കൊയ്യാനുള്ള വലിയൊരു അവസരമാണ്. ഓണസദ്യയ്ക്കുള്ള തൂശന് ഇല മുതല്‍ പപ്പടം വരെ മലയാളക്കരയിലെത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. കേരളത്തിലെ കാര്ഷികപ്പെരുമയ്ക്ക് കനത്ത വെല്ലുവിളിയാണ് ഇത്. കാര്‍ഷികവൃത്തിയോടുള്ള മലയാളികളുടെ ആവേശം കുറഞ്ഞപ്പോള്‍ അയല്‍ സംസ്ഥാനങ്ങള്‍ അത് മുതലെടുത്തു. വിഷാംശത്തിന്റെയും വിലക്കയറ്റത്തിന്റെയും ഗുണനിലവാരത്തകര്ച്ചയുടെയും ആശങ്കകള്‍ സൃഷ്ടിച്ചാണ് മലയാളി ഇത്തവണ ഓണ സദ്യ ഉണ്ണാനിരിക്കുന്നത്. അതേസമയം സദ്യയുണ്ടാക്കി സമയം മെനക്കെടുത്താന്‍ ആഗ്രഹിക്കാത്തവര്‍ക്കായി കാറ്ററിംങ് സര്‍വ്വീസുകളും രംഗത്തുണ്ട്. ആളുകളുടേയും വേണ്ട വിഭവങ്ങളുടേയും എണ്ണം നല്കിയാല് മതി സദ്യ ഇവര്‍ കൃത്യസമയത്ത് വീട്ടിലെത്തിച്ച് തരും. ഇന്‍സ്റ്റന്റ് സദ്യവിഭവങ്ങളും ഇതോടൊപ്പം വിപണിയിലുണ്ട്.
ഓണത്തില്‍ എല്ലാ വിപണികളും ആഘോഷിച്ച് തിമിര്‍ക്കുമ്പോള്‍ ജ്വല്ലറികള്‍ എന്തിന് പിന്നോട്ടു നില്‍ക്കണം. അവരും ഒട്ടും മാറ്റ് കുറയ്ക്കുന്നില്ല. പണിക്കുറവും, സമ്മാനങ്ങളും പ്രഖ്യാപിച്ച് ആഭരണ വിപണിയും മലയാളികളുടെ ഓണാഘോഷം കെങ്കേമമാക്കാന്‍ മത്സരിക്കുന്നുണ്ട്. മാറുന്ന ഫാഷന്‍ തരംഗത്തെയും മലയാളിയുടെ ഭ്രമങ്ങളെയും തിരിച്ചറിഞ്ഞ് സ്വര്‍ണ്ണാഭരണ വിപണനശാലകള്ക്കൊപ്പം വജ്രം, വെള്ളി വില്‍പ്പനകേന്ദ്രങ്ങളും ഓണവിപണിയില്‍ മുന്നിട്ടു നില്‍ക്കുന്നുണ്ട്. ഓണക്കാലയളവില്‍ സംസ്ഥാനത്ത് മാത്രം 1000 കിലോ സ്വര്‍ണ്ണം വിറ്റഴിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആധുനിക വിവര സാങ്കേതിക ഉല്‍പ്പന്ന വിപണനകേന്ദ്രങ്ങളും ഓണവിപണിയില്‍ സജീവമാണ്. വിവര സാങ്കേതിക മേഖലയിലെ മൊബൈലുകള്‍ മുതല്‍ കമ്പ്യൂട്ടര്വരെയും, ഗൃഹോപകരണമേഖലയില്‍ കറിക്കരിയുന്ന മെഷീനുകള്‍ മുതല്‍ ഫ്രിഡ്ജ്, എസി, ടിവി എന്നിങ്ങനെ അത്യാകര്ഷക ഇളവുകളും സേവന വാഗ്ദാനങ്ങളും മലയാളികള്‍ക്കായി ഒരുക്കുന്നുണ്ട്. ഇലക്ട്രോണിക് ഉല്‍പ്പന്ന വിപണിയില്‍ മാത്രം ഇത്തവണ 25,000 കോടി രൂപയുടെ വില്‍പ്പനയ്ക്കാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇതോടൊപ്പം കരകൗശല വസ്തുക്കളും കളിക്കോപ്പുകളും പടക്കവും കാര്‍ഷികവിത്തു വില്‍പ്പനയും തുടങ്ങി വീടുകളില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഉല്‍പ്പന്നങ്ങളും ഇന്ന് ഓണവിപണികള്‍ക്ക് കരുത്തേകുന്നുണ്ട്.
മാറുന്ന വിപണനശൈലിയില് മലയാളിയുടെ മനം കവര്‍ന്ന് വിപണന തന്ത്രങ്ങളുമായി വ്യാപാരികളെത്തുന്ന ഓണവിപണി സംസ്ഥാനത്തിന്റെ സാമ്പത്തിക വരുമാന നേട്ടത്തിന്റെ മറ്റൊരു സ്രോതസ്സായും മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: