തൊടുപുഴ: ജലവിതരണ പൈപ്പിന്റെയും ടെലിഫോണ്‍ കേബിളുകളുടേയും അറ്റകുറ്റപ്പണികള്‍ക്ക് വ്യാപകമായി റോഡ് കുഴിച്ച് താറുമാറാക്കി. തൊടുപുഴ നഗരത്തില്‍ കുഴിക്കാത്ത റോഡ് ഇല്ലാത്ത അവസ്ഥയാണ്. കുഴിച്ച റോഡ് ആവശ്യം കഴിഞ്ഞ് വേണ്ടവിധം മൂടാത്തതിനാല്‍ റോഡ് ചെളിക്കുളമായി മാറി. ഇടയ്ക്കിടെ പെയ്യുന്ന മഴ റോഡിന്റെ അവസ്ഥ കൂടുതല്‍ ദുരിതമയമാക്കിയിരിക്കുകയാണ്. ഓണദിനം അടുത്തതോടെ അനേകം വാഹനങ്ങളാണ് നഗരത്തിലെത്തുന്നത്. റോഡിന്റെ വശങ്ങളില് ചെളിക്കുഴിയായതിനാല് വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കുവാന്‍ കഴിയുന്നില്ല. സഞ്ചാര സ്വാന്ത്ര്യത്തിനുമേലുള്ള ഈ കടന്നുകയറ്റത്തിനെതിരെ നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെടുകയാണ്.പല സമയങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര നഗരത്തില്‍ കാണാം. ജലവിതരണ പൈപ്പ് ഒരു സ്ഥലത്ത് കേടുപാടുകള്‍ തീര്‍ക്കുമ്പോള്‍ മറ്റൊരു സ്ഥലത്ത് പൊട്ടുന്നു. ഇതുമൂലം നഗരത്തിലെ റോഡുകളില്‍ കുഴിയെടുക്കുന്നത് സ്ഥിരം കാഴ്ചയായി മാറി. വാഹനങ്ങള്‍ വരുമ്പോള്‍ ചെളി മൂലം ഒതുങ്ങി നടക്കുവാനും കാല്‍നട യാത്രക്കാര്‍ക്ക് കഴിയുന്നില്ല. നഗരം ഓണത്തിരക്കില്‍ അമരുമ്പോള്‍ ഗതാഗതകുരുക്ക് അഴിക്കുവാന്‍ പാടുപെടുകയാണ് ട്രാഫിക് പോലീസ്. റോഡിന്റെ ശോച്യാവസ്ഥ ഓണക്കച്ചവടത്തെ ബാധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: