തൊടുപുഴ: സ്കൂട്ടറില്‍ കാര്‍ തട്ടിയതിനെ ചോദ്യം ചെയ്ത യുവാവിനെ പോലീസുകാരന് മര്‍ദിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ അന്വേഷണ റിപ്പോര്‍ട്ടു കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. സാരമായി പരുക്കേറ്റ മുട്ടം പാറേക്കാട്ടില്‍ ജയചന്ദ്രന്(48) താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ഒരു കണ്ണിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 7.30 ന് മുട്ടം പഞ്ചായത്ത് ഗ്രൗണ്ടിന് സമീപമാണ് സംഭവം നടന്നത്. ഇവിടെ മര്‍ച്ചന്റ് അസോസിയേഷന് നേതൃത്വത്തില്‍ സംഘടിപ്പിച്ച വോളിബോള്‍ കളി കണ്ട ശേഷം മടങ്ങാനൊരുങ്ങവേ എതിരേ വന്ന ഉദ്യോഗസ്ഥന്റെ ഇന്നോവ കാര്‍ ഇയാളുടെ സ്കൂട്ടറില്‍ തട്ടി. ഇത് ജയചന്ദ്രന് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ പോലീസുകാരന് കാറില്‍ നിന്നും ഇറങ്ങി വന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കാഞ്ഞാര്‍ സബ് ഇന്‍സ്പെക്ടര്‍ക്ക് ഇയാള്‍ നല്കിയ പരാതിയിലുള്ളത്. ഉദ്യോഗസ്ഥന് തൊടുപുഴ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ്. മുന്‍പ് പണം പലിശക്കു കൊടുക്കുന്നുവെന്ന് നാട്ടുകാരില്‍ ചിലരുടെ പരാതിയുണ്ടായിരുന്നതിനെ തുടര്‍ന്ന് കുബേര ഓപ്പറേഷന് സമയത്ത് ഇയാളുടെ വീട്ടിലും മറ്റും പരിശോധന നടന്നിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ബംഗലുരു സത്യസായി ആശുപത്രില്‍ ശസ്ത്രക്രീയ കഴിഞ്ഞ ജയചന്ദ്രന് ആയാസകരമായ ജോലികളൊന്നും ചെയ്യാനാകില്ല. നഗരത്തിലെ വ്യാപാരസ്ഥാപനത്തിലെ ചെറിയ ജോലി ചെയ്ത് ലഭിക്കുന്ന പ്രതിഫലം കൊണ്ടാണ് ഇവര്‍ കുടുംബം മുന്നോട്ടു കൊണ്ടു പോകുന്നത്. മര്‍ദ്ദനത്തിന് ശേഷം കേള്‍വിക്കുറവും കാഴ്ചക്ക് മങ്ങലുണ്ടായതായും ഇയാള്‍ പറഞ്ഞു. പോലീസിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കാനിരിക്കുകയാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: