ന്യൂദല്‍ഹി: താനുള്‍പ്പടെ 18 ഭീകരര്‍ ഭാരതത്തിലേയ്‌ക്ക് നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സിയോട് ഭീകരന്‍ നവേദിന്റെ വെളിപ്പെടുത്തല്‍. കൂടാതെ 10 പേര്‍ കൂടി നുഴഞ്ഞു കയറ്റത്തിനായി അവസരം പാര്‍ത്തിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചതായാണ് സൂചന.
2008 മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ ഹഫീസ് സെയ്ദ് താന്‍ പരിശീലനം നടത്തിയ ലഷ്‌കര്‍ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നെന്നും നവേദ് പറഞ്ഞു. മനുഷ്യ ബോംബ് ആകാന്‍ പരിശീലനം നല്‍കിയ ലഷ്‌കറെ തയ്ബയിലെ ഉന്നതര്‍ക്കൊപ്പം പ്രചോദന ക്‌ളാസുകള്‍ക്കാണ് ഹഫീസ് എത്തിയിരുന്നത്.
നവേദിന് ഒളിച്ച് താമസിക്കാനിടം നല്‍കിയവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ അവരെ പിടികൂടാന്‍ സാധിക്കുമെന്ന് കരുതുന്നതായും എന്‍ഐഎ വ്യക്തമാക്കി.
നവേദുമായി നടത്തിയ സംവാദത്തില്‍ നിന്ന് 26/11 മുംബൈ ആക്രമണ സൂത്രധാരന്‍ ഹഫീസ് സയ്യീദിന്റെ മകന്‍ താല്‍ഹ ഉദംപൂര്‍ ആക്രമണത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ബിഎസ്എഫ് സൈനിക കാമ്പില്‍ ആക്രമണത്തിനയച്ചത് തല്‍ഹയാണെന്നും 25 പേജ് അന്വേഷണ ഫയലില്‍ പറയുന്നു.
ഫൈസലാബാദ് സ്വദേശിയായ നവേദ് 16 വയസ്സ് മുതല്‍ ഭീകരവാദ പരിശീലനം നടത്തുന്നുണ്ട്. അഞ്ചാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമാണ് ഇയാള്‍ക്കുള്ളതെന്നും ഇയാളുടെ ജ്യേഷ്ഠനും സഹോദരി ഭര്‍ത്താവും കോളേജദ്ധ്യാപകരാണെന്നും ചോദ്യംചെയ്യലില്‍ വ്യക്തമായി.
















