ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും പരിശീലനം നേടിയ മുന്നൂറോളം ഭീകരര്‍ ഭാരതത്തിലേക്ക് അതിര്‍ത്തി കടന്ന് നുഴഞ്ഞുകയറാന്‍ തയാറെടുത്ത് നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ട്. പാക് അധിനിവേശ കാശ്മീരില്‍ എല്‍ഇടി, ജെഇഎം, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ നിരവധി സംഘടനകളുടെ പതിനേഴോളം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം റദ്ദാക്കിയ ഇന്ത്യപാക് ദേശീയ സുരക്ഷാ ഉപദേശക ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ ഇന്ത്യ തയ്യാറാക്കിയ റിപ്പോര്‍ട്ടാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഐ.എസ്.ഐയുടെയും സൈന്യത്തിന്റെയും പിന്തുണയോടെ ലഷ്‌കറെ തോയിബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയ്‌ക്കു പുറമേ ഏതാനും ചെറുകിട ഭീകര സംഘടനകളും പാക് അധിനിവേശ കാശ്മീരില്‍ ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.
ഈ ക്യാമ്പുകള്‍ എവിടെ സ്ഥിതി ചെയ്യുന്നു, ഓരോ ക്യാംപിലും എത്ര അംഗങ്ങളുണ്ട്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ക്യാമ്പുകള്‍ ഏവ എന്നുള്ള വിവരങ്ങളും രഹസ്യാന്വേഷണ ഏജന്‍സി സര്‍ക്കാരിന് കൈമാറിയിരുന്നു. ഇവയുടെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ തയ്യാറാക്കിയിരുന്നത്.
കൂടാതെ, ഭാരതം തേടുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് ശേഖരിച്ച വിവരങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കാന്‍ തയ്യാറാക്കിയിരുന്നു. ദാവൂദ് രണ്ടു വര്‍ഷം ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ വസതിക്കു സമീപം വാങ്ങിയ വീടുകള്‍ ഉള്‍പ്പെടെ ഒമ്പത് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഭാരതം ശേഖരിച്ചിരുന്നു.
















