ന്യൂദല്‍ഹി: അമിതമായി മദ്യപിച്ച് ലക്കുകെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ മെട്രോയില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ ഫേസ്ബുക്കില്‍ വൈറലായതോടുകൂടി ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബാസി ഇയാളെ സസ്‌പെന്‍ഡ് ചെയ്തു.
ഹെഡ് കോണ്‍സ്റ്റബിളായ പി.കെ. സലീമിനെയാണ് സസ്‌പെന്‍ഡു ചെയ്തത്. ഇയാള്‍ മലയാളിയാണ്.
ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കില്ലെന്നും ബി.എസ്.ബസി പറഞ്ഞു. പൊലീസുകാരെ യൂണിഫോമില്‍ മദ്യപിച്ചു കാണരുത്. ജോലിയില്‍ അല്ലാത്ത സമയത്തും ഇത്തരത്തില്‍ മോശം അവസ്ഥയില്‍ കാണരുതെന്നും ബസി വ്യക്തമാക്കി.
അമിതമായി മദ്യപിച്ച് മെട്രോയില്‍ കയറിയ പൊലീസുകാരന്‍ പുറത്തേ വാതില്‍ തിരയുകയും ഒടുവില്‍ നിലതെറ്റി താഴെ വീഴുന്നതുമാണ് ദൃശ്യങ്ങള്‍. താഴെ വീഴുന്ന പൊലീസുകാരനെ സഹയാത്രികള്‍ എഴുനേല്‍പ്പിക്കുന്നതും വിഡിയോയില്‍ കാണാം. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
നിയമം കര്‍ശനമായി പാലിക്കുന്ന ദല്‍ഹി മെട്രോയില്‍ യാത്രക്കാര്‍ക്ക് ശല്യമാകുമെന്നതിനാല്‍ മദ്യപിച്ച ആളുകളെ കയറ്റാറില്ല. മദ്യവുമായി യാത്ര ചെയ്യാനും അനുവദിക്കില്ല. ഇതിനിടെയാണ് നിയമസംരക്ഷകനായ പൊലീസുകാരന്‍ തന്നെ മദ്യപിച്ച് യാത്ര ചെയ്യുന്ന ദൃശ്യം പുറത്തായിരിക്കുന്നത്.
















