ശ്രീകാര്യം: ആറ്റിപ്ര വില്ലേജ് ഓഫീസില്‍ ഫയലുകള്‍ക്കിടയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുണ്യ പുരാതന വിഗ്രഹങ്ങള്‍ കണ്ടെത്തി. നാഗരുടെയും, ഗണപതിയുടെയും കല്ലില്‍ തീര്‍ത്ത വിഗ്രഹങ്ങളാണ് ആറ്റിപ്ര വില്ലേജ് ഓഫീസില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കണ്ടെത്തിയത്. 2000 മുതലുള്ള പോക്കുവരവ് ഫയലുകള്‍ ക്രമമായി അടുക്കി സൂക്ഷിക്കുന്നതിനായി വില്ലേജ് ഓഫീസര്‍ നാഗേഷും സഹ പ്രവര്‍ത്തകരും ഫയലുകള്‍ ഇളക്കി പരിശോധിക്കുമ്പോഴാണ് ഫയലുകള്‍ കൊണ്ട് മൂടിയ നിലയില്‍ വിഗ്രഹങ്ങള്‍ കണ്ടത്. കഴിഞ്ഞ ഇരുപത്തിയഞ്ചോളം വര്‍ഷമായി നാട്ടുകാര്‍ വിഗ്രഹത്തിനു വേണ്ടിയുള്ള അന്വേഷണം തുടങ്ങിയിട്ട്. ശ്രീനാരായണ ഗുരുദേവന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന നാഗരാജാ ക്ഷേത്രം ആക്കുളം ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കുന്ന സമയത്താണ് റോഡിന്റെ പടിഞ്ഞാറു ഭാഗത്തായി മാറ്റി സ്ഥാപിച്ചത്. മാറ്റി സ്ഥാപിച്ച സ്ഥലം സ്വകാര്യ വ്യക്തിയുടേതായിരുന്നു. സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ അന്നത്തെ ആര്‍ഡിഒ ഇടപെടുകയും വിഗ്രഹങ്ങള്‍ കണ്ടുകെട്ടി വില്ലേജ് ആഫീസില്‍ എത്തിക്കുകയായിരുന്നു. തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് നാട്ടുകാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവുമായി വിഗ്രഹങ്ങള്‍ വീണ്ടെടുക്കാന്‍ വില്ലേജ് ഓഫീസില്‍ എത്തിയെങ്കിലും വിഗ്രഹങ്ങള്‍ നഷ്ടപ്പെട്ടതായാണ് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ദേവപ്രശ്നങ്ങളും വര്‍ഷങ്ങള്‍ നീണ്ട അന്വേഷണവും നടന്നു. വില്ലേജ് ആഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം മുഴുവന്‍ ജെസിബി ഉപയോഗിച്ച് മണ്ണിളക്കി പരിശോധിച്ചെങ്കിലും വിഗ്രഹങ്ങള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് മുമ്പ് ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിനു സമീപത്തായി സ്ഥലം വാങ്ങി മറ്റൊരു ക്ഷേത്രം പണിത് പൂജ നടത്തി വരികയാണ്. ഇതിനിടെയാണ് ഇപ്പോള്‍ വിഗ്രഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വില്ലേജ് ഓഫീസര്‍ ക്ഷേത്ര ഭാരവാഹികളെ വിളിച്ചു വരുത്തി വിവരം ധരിപ്പിക്കുകയും അവര്‍ പരിശോധിച്ച് വിഗ്രഹം അത് തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വിഗ്രഹങ്ങള്‍ തിരിച്ചു നല്‍കാമെന്ന് ആര്‍ഡിഒ ക്ഷേത്ര ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: