ന്യൂദല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ കൂടുതല്‍ വിശദീകരണം തേടുമെന്ന് കേന്ദ്രപരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉമ്മന്‍ വി ഉമ്മന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലാണ് വിശദീകരണം ആരാഞ്ഞത്. സപ്തംബര്‍ 9ന് മുമ്പായി പശ്ചിമഘട്ട സംരക്ഷണത്തിനായി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
കേരളവും ഗോവയും മാത്രമാണ് ഇതുവരെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം നല്‍കിയിരിക്കുന്നത്. മഹാരാഷ്‌ട്ര, കര്‍ണ്ണാടക, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
അടുത്ത ആഴ്ചയോടെ ഇതു ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രകൃതി സംരക്ഷണത്തിനായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കും. പ്രകൃതിയുടെ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടുള്ള സുസ്ഥിര വികസനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
















