കാന്തല്ലൂര്‍ (ഇടുക്കി):വില കുത്തനെ ഉയര്‍ന്നപ്പോള്‍ വിളവ് തീരെ ഇല്ലാതായി. കാന്തല്ലൂരിലെ വെളുത്തുള്ളി കര്‍ഷകര്‍ക്ക് ഈ ഓണക്കാലം കണ്ണീരാണ് പകരുന്നത്. ആയിരക്കണക്കിന് രൂപ മുടക്കിയാണ് കാന്തല്ലൂര്‍, കീഴാന്തൂര്‍, പുത്തൂര്‍, പെരുമല, കോവിലൂര്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ വെളുത്തുള്ളി കൃഷിയിറക്കിയത്. ഏറെ വിളവ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ചെടികളെ പരിപാലിക്കുന്നതിനിടെയാണ് മഞ്ഞളിപ്പ് രോഗം പടര്‍ന്നത്. ചെടികളുടെ തണ്ടിന് മഞ്ഞ ബാധ പിടിപെട്ടതോടെ വെളുത്തുള്ളിയുടെ വളര്‍ച്ച മുരടിച്ചു.
ചുരുക്കം ചില ചെടികള്‍ മാത്രമാണ് രോഗത്തെ അതിജീവിച്ചത്. ഇപ്പോള്‍ വെളുത്തുള്ളിയുടെ വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വിളവ് പകുതിയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒരു കിലോ വെളുത്തുള്ളിക്ക് 40 രൂപയായിരുന്നു വില.
ഇപ്പോള്‍ കിലോയ്ക്ക് നൂറ് രൂപ വിലയുണ്ട്. അപ്പോഴാകട്ടെ വിളവ് ചതിക്കുകയും ചെയ്തു. ഒരു വര്‍ഷം രണ്ട് തവണ കൃഷിയിറക്കാനാകും. അടുത്ത കൃഷി മെച്ചമാകുമെന്ന പ്രതീക്ഷയിലാണ് കാന്തല്ലൂരിലെ വെളുത്തുള്ളി കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: