മുംബയ്:ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യത്തകര്‍ച്ചയെത്തുടര്‍ന്ന് ലോകം ആശങ്കയില്‍. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ഉണ്ടായതുപോലുള്ള സാമ്പത്തികമാന്ദ്യം ഉണ്ടാകുമോയെന്നാണ് വിദഗ്ധരുടെ ഭയം.എന്നാല്‍ ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥ ഇന്ന് വളരെ മെച്ചപ്പെട്ട നിലയിലാണെന്നും ശക്തമാണെന്നും അതിനാല്‍ പ്രതിസന്ധി ഉണ്ടായാല്‍തന്നെ ഭാരതത്തെ ബാധിക്കില്ലെന്നും ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജന് വ്യക്തമാക്കി.
ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥ മറ്റുള്ള പലരാജ്യങ്ങളേക്കാള്‍ ശക്തമാണ്.അതിനാല്‍ സാമ്പത്തിക പ്രശ്നം ഉണ്ടാവില്ല. മാത്രമല്ല നമ്മുടെ വിദേശ നാണയ ശേഖരം വിപുലമാണ്. നമുക്ക് 38000 കോടി ഡോളറിന്റെ വിദേശനാണയശേഖരമുണ്ട്. രൂപയ്ക്ക് മൂല്യത്തകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ആവശ്യമെങ്കില്‍ നാം ഈ വിദേശ നാണയ ശേഖരം വിനിയോഗിക്കും, ഫിക്കിയുടെ ദേശീയ ബാങ്കിംഗ് ഉച്ചകോടിയില്‍ അദ്ദേഹം പറഞ്ഞു.
നിത്യോപയോഗ സാധനവില രാജ്യത്ത് കുറഞ്ഞുവരികയാണ്.മാത്രമല്ല ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും കേന്ദ്രം ശക്തമായ നടപടി എടുത്തുവരികയാണ്. ഇവ രണ്ടും രൂപയുടെ മൂല്യമിടിവ് പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐയെ സഹായിക്കും.എണ്ണവില കുറഞ്ഞുനില്ക്കുന്നതും ഭാരതത്തിന് സഹായകമാകും, രഘുറാം രാജന് പറഞ്ഞു. യെന്‍, യൂറോ തുടങ്ങിയവയെ അപേക്ഷിച്ച് രൂപ കൂടുതല്‍ കരുത്താര്ജ്ജിച്ചിട്ടുമുണ്ട്.നാണയവിപണിയിലെ പ്രശ്നം പുതുതല്ല. ചൈനയാണ് ഈ പ്രശ്നത്തില്‍ ഏറ്റവും ഒടുവില്‍ കുടുങ്ങിയതെന്നുമാത്രം,അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈന വന്‍തകര്‍ച്ചയില്‍
അതിനിടെ ആശങ്കകള്‍ക്കിടയില്‍ ചൈനീസ് സമ്പദ് വ്യവസ്ഥ വലിയ തകര്‍ച്ചയാണ് നേരിടുന്നത്. ഇതിന്റെ സൂചകമായി ഇന്നലെ സെന്‍സെക്സ് 1006 പോയന്റാണ് ഇടിഞ്ഞത്. ചൈനീസ് കമ്പനികളുടെ ഒാഹരികള്‍ മൂക്കുകുത്തി.
ഓഹരിവിപണിയില്‍ ഇടിവ്
ചൈനീസ് സമ്പദ്വ്യവസ്ഥ തകരുകയാണെന്ന ആശങ്കയെത്തുടര്‍ന്ന് ഭാരത ഓഹരി വിപണിയില്‍ വന്‍ ഇടിവ്.ചരിത്രത്തിലെ ഏറ്റവും വലിയ നാലാമത്തെ ഇടിവാണ് ഇന്നലെയുണ്ടായത്.മുംബയ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സെന്‍സെക്സ് 1127 പോയന്റാണ് ഇടിഞ്ഞത്. ഒഎന്ജിസിയുടേതടക്കം ഓഹരികള്‍ മൂക്കുകുത്തി.
ചൈന തകരുകയാണെന്ന ആശങ്കയാണ് ഇതിനുകാരണം,പ്രമുഖ ഓഹരി വില്‍പ്പനക്കാര്‍ പറയുന്നു.തകര്‍ച്ച എത്രമാത്രം ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ല, ഏയ്ഞ്ചല്‍ ബ്രോക്കിംഗ് കമ്പനിയിലെ മയൂരേഷ് ജോഷി പറഞ്ഞു. ഈ ആശങ്ക കാരണം പരിഭ്രാന്തമായ ഓഹരി വില്‍പ്പനയ്ക്കാണ് വിപണികള്‍ ഇന്നലെ സാക്ഷ്യം വഹിച്ചത്. പല കമ്പികളുടേയും ഓഹരികള്‍ കിട്ടിയവിലയ്ക്ക് വിറ്റഴിച്ചു.ഇതുവഴി ഓഹരിയുടമകള്‍ക്ക് കുറഞ്ഞത് ഏഴുകോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
എണ്ണവില വീണ്ടും ഇടിഞ്ഞു,
അതിനിടെ അസംസ്കൃതഎണ്ണവില അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും ഇടിഞ്ഞു. ആറു വര്‍ഷത്തിനിടെ എണ്ണവില ബാരലിന് 40 ഡോളറില്‍ താഴെയായി.
സ്വര്‍ണ്ണ വിലഉയര്ന്നു
ഓഹരി വിപണിയില്‍ ഇടിവുണ്ടായതോടെ സ്വര്‍ണവില ഉയര്‍ന്നു. സുരക്ഷിതമായ നിക്ഷേപമാണ് സ്വര്‍ണ്ണമാണ് എന്ന തിരിച്ചറിവാണ് ഇതിനു കാരണം.പവന് 80 രൂപയാണ് കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: