ന്യൂദല്‍ഹി: ഭാരതം അതിന്റെ സ്വാതന്ത്യ പോരാട്ടത്തിന്റെ മഹത്തായ പാരമ്പര്യം ഓര്‍മ്മിക്കണമെന്നും, പോരാട്ട ഇതിഹാസങ്ങളും, സ്വാതന്ത്ര്യസമരസേനാനികളുടെ നേട്ടങ്ങളും വരും തലമുറകള്‍ക്ക് കൈമാറുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നരേന്ദമോദി പറഞ്ഞു. നാഗാലാന്റിലെ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന റാണി ഗായിഡിന്‍ലിയുവിന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ നാണയം ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിര്‍ഭാഗ്യവശാല്‍ റാണി ഗായിഡിന്‍ലിയുവിനെപ്പോലുള്ളവരെ നാം വേണ്ടത്ര സ്മരിക്കുന്നില്ലെന്നും മനപ്പൂര്‍വ്വം വിസ്മരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തില്‍ റാണി ഗായിഡിന്‍ലിയുവിന്റെ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരായി നാഗാ ജനതയ്‌ക്കുവേണ്ടിയുള്ള അവരുടെ പോരാട്ടം, ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും വേണ്ടിയുള്ളതായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ പ്രധാമനന്ത്രി അവരെ ‘റാണി മാ’ എന്നും വിശേഷിപ്പിക്കുകയും ചെയ്തു. മഹാത്മഗാന്ധിയുടെ സന്ദേശം വടക്കു കിഴക്കന്‍ മേഖലകളില്‍ എത്തിച്ചത് റാണി ഗായിഡിന്‍ലിയു ആയിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
പരിസ്ഥിതിക്കിണങ്ങുന്ന തരത്തിലുള്ള റാണി മായുടെ ജീവിതചിന്തകള്‍ വഴി ലോകം ഇന്ന് നേരിടുന്ന കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കന്‍ മേഖലക്ക് രാജ്യമൊട്ടുക്കുള്ള വികസനത്തെ ഉത്തേജിപ്പിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗ്ലാദേശുമായി ഈയിടെ ഒപ്പിട്ട അതിര്‍ത്തിപ്രദേശ കരാര്‍ രാജ്യത്തിന്റെ ഇതരഭാഗങ്ങളുമായി ഈ മോഖലയ്‌ക്കുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രഗവണ്‍മെന്റെ തുടര്‍ച്ചയായുള്ള പരിശ്രമത്തിന്റെ ഫലമായാണ് അടുത്തിടെ ഒപ്പുവച്ച നാഗാ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമാക്കാനായതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
















