തിരുവനന്തപുരം: പുതിയ തലമുറയിലുള്ളവരോട് പിന്നണിഗായകരെന്ന തൊഴില്‍ സ്വീകരിക്കാന്‍ ഒരിക്കലും പറയില്ലെന്ന് ഗായിക കെ.എസ്. ചിത്ര. നിരവധി ഗായകരാണ് ഇന്ന് സംഗീത രംഗത്തുള്ളത്. അവര്‍ക്കുപോലും അര്‍ഹമായ പ്രാധാന്യം കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ചിത്ര പറഞ്ഞു.
ഓണാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് സംഘടിപ്പിച്ച’ മീറ്റ് ദ ആര്‍ട്ടിസ്റ്റ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മലയാളത്തില്‍ ഒരുപാട് ഗായകര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല. അവര്‍ക്കും അവസരങ്ങളും അംഗീകാരവും നല്‍കണം. അന്യഭാഷാ ഗായികമാര്‍ക്ക് മലയാളത്തില്‍ കൂടുതല്‍ അംഗീകാരം നല്കുന്നതില് തെറ്റ് പറയാനാകില്ല. ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെടുന്നത് ശ്രേയാ ഘോഷലാണ്. ശ്രേയയ്ക്ക് അതിനുള്ള അര്‍ഹതയുണ്ടെന്നും ചിത്ര പറഞ്ഞു.
റിയാലിറ്റി ഷോകളിലൂടെ മികച്ച പരിശീലനമാണ് പുതിയ ഗായകര്‍ക്ക് ലഭിക്കുന്നത്. അവരിലെ തെറ്റ് തിരുത്തി നല്‍കിയില്ലെങ്കില്‍ പിന്നെ ആരാണ് അവരെ തിരുത്തുകയെന്ന് ചോദ്യത്തിനു മറുപടിയായി കെ.എസ്. ചിത്ര പറഞ്ഞു. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ അധികം കരയാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ കുട്ടികളോടുള്ള ആത്മബന്ധം കൊണ്ടാണ് ചിലപ്പോള്‍ കരഞ്ഞുപോകുന്നത്. ചാനലുകളുടെ റേറ്റിംഗ് കൂട്ടാനുള്ള ചെറിയ വിദ്യകള്‍ റിയാലിറ്റി ഷോകളില്‍ നടക്കാറുണ്ടെന്നും ചിത്ര സമ്മതിച്ചു. പഴയകാലത്തെപ്പോലുള്ള മധുരഗാനങ്ങളും നിലവാരമുള്ള ഗാനങ്ങളും ഇനിയും ഉണ്ടാകണം. പുത്തന്‍തലമുറ ഗാനങ്ങളെ ചൂണ്ടിക്കാണിച്ചപ്പോള്‍ ഒഴുക്കിനൊത്തു നീന്തണമെന്നായിരുന്നു പ്രതികരണം.
ചെന്നൈയിലായിരിക്കുമ്പോള്‍ ഓണം ആല്‍ബങ്ങളില്‍ പാടാനുള്ള വിളി വരും. അപ്പോഴാണ് ഓണമെത്താറായെന്ന് മനസിലാകുന്നതെന്ന് ചിത്ര പറഞ്ഞു. ഇത്തവണ ഓണത്തോടനുബന്ധിച്ച് പ്രത്യേക ആല്ബങ്ങളൊന്നും ഇല്ല. എന്നാല്‍ യൂട്യൂബിനായി ഓണപ്പാട്ട് തയ്യാറാക്കിയിട്ടുണ്ട്. തനിക്ക് പ്രത്യേകമായി ഒരു ആഘോഷവും ഇല്ലെന്ന് ചിത്ര പറഞ്ഞു. എല്ലാവരും ആഘോഷിക്കുന്നത് കണ്ടു സന്തോഷിക്കാനാണ് ഇഷ്ടം. പുത്തനുടുപ്പിട്ട് പൂപറിക്കാന്‍ ഓടിനടന്ന കുട്ടിക്കാലത്തായിരുന്നു ആഘോഷങ്ങള്‍. ഊഞ്ഞാലാട്ടത്തിന്റെയും പൂക്കളത്തിനായി പൂവ് കട്ടെടുത്തതിന്റെയും ഓര്‍മകളും ചിത്ര പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: