തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള നൂതന വിദ്യാഭ്യാസ പരിപാടിയായ ഇന്റല്‍ ടെക് ചലഞ്ചിന്റെ കേരള ചാപ്റ്റര്‍ ആരംഭിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ് മിഷനും (കെഎസ്യുഎം) ഇന്റല്‍ ടെക്നോളജി ഇന്ത്യയുമായി കൈകോര്‍ക്കുന്നു. ക്രിയാത്മകമായി ചിന്തിപ്പിക്കുന്ന വിവിധ തരം കളികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും രൂപകല്‍പ്പന, കണ്ടുപിടിത്തം, പ്രോഗ്രാമിങ് എന്നിവയില്‍ അഭിരുചി വളര്‍ത്തിയെടുക്കുന്നതിനായി ഒന്‍പതാം ക്ലാസ്സുമുതല്‍ മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്റല്‍ ടെക് ചലഞ്ച് കേരള 2015 ആവിഷ്കരിക്കുന്നത്.
മൂന്നു മാസം നീണ്ട ചലഞ്ചിന് ആശയസമാഹരണത്തിനുള്ള ഓണ്‍ലൈന്‍ ശില്പശാല, വിശദാംശങ്ങളുടെ സമര്‍പ്പണം, മേക്കത്തോണ്‍, ഫിനാലെ എന്നിവയടങ്ങുന്ന നാലു ഘട്ടങ്ങളാണുള്ളത്. വിജയികള്‍ക്ക് പുത്തന്‍ കണ്ടെത്തലുകള്‍ക്കും ആശയങ്ങള്‍ക്കും വേദിയൊരുക്കി ഡിസംബറില്‍ ദേശീയ തലത്തില്‍ നടക്കുന്ന ഇന്റല്‍ ടെക് ചലഞ്ച് ഇന്ത്യയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
ഓണ്‍ലൈന്‍ ശില്പശാലയില് പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റാര്‍ട്ടപ് മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓഗസ്റ്റ് 25 മുതല്‍ അപേക്ഷിക്കാം. നൂതന പദ്ധതികളുമായി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നോട്ടുവരാന്‍ തക്കവിധത്തിലുള്ള ഓണ്‍ലൈന്‍ വിഭവങ്ങളും ആശയങ്ങളും കോഡിങ്ങിനുള്ള മാനദണ്ഡങ്ങളുമാണ് ശില്പശാല പരിചയപ്പെടുത്തുന്നത്. പദ്ധതിയുടെ വിശദാംശം സെപ്തംബര്‍ 30 നകം സമര്‍പ്പിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന 100 വിദ്യാര്‍ത്ഥികള്‍ക്ക് ആശയങ്ങളെക്കുറിച്ചും സാങ്കേതികവിദ്യകളെക്കുറിച്ചും മേഖലയിലെ വിദഗ്ധര്‍ പ്രായോഗിക പരിശീലനം നല്‍കും. സെന്‍സറോടുകൂടിയ മൈക്രോ കണ്ട്രോളര് ബോര്‍ഡ്, എസ്ഡി കാര്‍ഡ്, കണ്ക്ടറുകള് എന്നിവ അടങ്ങിയ ടെക്നോളജി കിറ്റ് ഓരോ പ്രോജക്ടിനും ലഭിക്കും.
ഒക്ടോബറില്‍ നടക്കുന്ന മേക്കത്തോണിലാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആശയങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റേണ്ടത്. മേക്കത്തോണില് നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നവംബറില്‍ നടക്കുന്ന ഇന്റല്‍ ടെക് ചലഞ്ച് കേരളയില്‍ പങ്കെടുക്കാം. ഇതിലെ വിജയികള്‍ക്കാണ് ഇന്റല്‍ ടെക് ചലഞ്ച് ഇന്ത്യയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.കൂടുതല്‍ വിവരങ്ങള്‍ ംംം.േെമൃൗേുാശശൈീി.സലൃമഹമ.ഴീ്.ശി/ശരേ വെബ്സൈറ്റിലൂടെയും [email protected] ഇമെയിലൂടേയും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: