മലപ്പുറം: മഹല്ല് കമ്മിറ്റിയുടെ അഴിമതി ചോദ്യം ചെയ്തതിന് ഭാരവാഹികള്‍ കുടുംബാംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ആരോപണം. മലപ്പുറം ചട്ടിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഹിദായത്തുല്‍ മുസ്ലിയാര്‍ സംഘം കമ്മിറ്റിക്കു കീഴിലുള്ള മസ്ജിദുല്‍ ബദ്‌രിയ എന്ന ജുമാ മസ്ജിദിന്റെ മഹല്ല് പരിധിയിലെ സ്ഥിരതാമസക്കാരായ തുമ്പത്ത് വീട്ടില്‍ അബ്ദുള്‍ അസീസ്, മുഹമ്മദ് മുസ്തഫ, അബൂബക്കര്‍ സിദ്ദിഖ്, തുളുവത്ത് വീട്ടില്‍ അബ്ദുള്‍ നാസര്‍, സൗദ അബ്ദുന്നാസര്‍ എന്നിവരാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ ഏകാതിപത്യപരമായ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിനാണ് തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ കമ്മിറ്റി മഹല്ലില്‍ നിന്നും സസ്‌പെന്‍ഷന്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഇവര്‍ വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു. മഹല്ല് ചടങ്ങുകളിലും മറ്റും പങ്കെടുക്കാന്‍ പാടില്ലെന്നാണ് വിലക്ക്. മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ വന്‍ ക്രമക്കേടുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വാര്‍ഷിക വരിസംഖ്യ, തുടങ്ങിയ പിരിവുകള്‍ കമ്മിറ്റിക്കു തോന്നിയപോലെയാണ് നടത്തുന്നത്. കമ്മിറ്റിയില്‍ ചര്‍ച്ച പോലും ചെയ്യാതെ വാര്‍ഷിക വരിസംഖ്യ അടക്കം മഹല്ല് കമ്മിറ്റി പ്രസിഡന്റ് തന്നിഷ്ടത്തിന് വര്‍ദ്ധിപ്പിക്കുകയാണ്. 330 ഓളം കുടുംബങ്ങളാണ് മഹല്ലിന് കീഴിലുള്ളത്. മഹല്ലിലെ ജീവനക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഓരോ കുടുംബത്തില്‍ നിന്നും 1000 രൂപാ വീതം പ്രതിവര്‍ഷം പിരിച്ചെടുക്കുന്നുണ്ട്. കൂടാതെ ഓരോ ദിവസവും ഓരോ കുടുംബക്കാര്‍ എന്ന രീതിയില്‍ മഹല്ലിലെ ജീവനക്കാര്‍ക്ക് ഭക്ഷണം പാകംചെയ്ത് വേറെയും നല്‍കണം. ഭക്ഷണത്തിനായി പിരിച്ചെടുക്കുന്ന ലക്ഷക്കണക്കിന് വരുന്ന തുക മഹല്ല് ജീവനക്കാര്‍ക്കു കൊടുക്കുന്നില്ല. ഈ തുക എന്തുചെയ്യുന്നു എന്നുള്ളതും വ്യക്തമല്ല. ഇതു സംബന്ധിച്ച് ഒരു ഹര്‍ജി കമ്മിറ്റിക്കു കൊടുത്തതിനാണ് മഹല്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ മദ്രസയില്‍ വെച്ച് തങ്ങളുടെ മക്കളെ മദ്രസ ജീവനക്കാരും പള്ളിക്കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ള കമ്മിറ്റി ഭാരവാഹികും മാനസികമായി പീഡിപ്പിക്കുന്നതായും ഇവര്‍ ആരോപിച്ചു. ഏകാധിപത്യപരമായ സമീപനമാണ് കമ്മിറ്റിയുടേത്. എതിര്‍ക്കുന്നവരെ കമ്മിറ്റിയില്‍ നിന്നും പുറത്താക്കുകയാണ്. 55 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന മഹല്ലിന് ഇതുവരെ റജിസ്‌ട്രേഷന്‍ ഇല്ലെന്നും ഇവര്‍ ആരോപിച്ചു. മഹല്ലിന് 15 പ്ലോട്ടുകളിലായി 10 ഏക്കറോളം സ്ഥലം ഉണ്ട്. ഇതില്‍ നാലര സെന്റ് സ്ഥലം മഹല്ല് ഭാരാഹികള്‍ വില്‍പ്പന നടത്തിയതായും ഇവര്‍ ആരോപിച്ചു. മഹല്ല് കമ്മിറ്റിയുടെ അഴിമതിക്കെതിരെ ശക്തമായ അന്വേഷണം നടത്തണമെന്നും ഇവരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനം തിരിച്ചറിയണമെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: