തിരുവനന്തപുരം: ജി.വി. രാജ – എസ്ബിടി അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാംദിനം ആതിഥേയരായ ട്രിവാന്‍ഡ്രം ഡിസ്ട്രിക്റ്റ് ഫുട്ബോള്‍ അസോസിയേഷനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് സ്റ്റേറ്റ് ബാങ്ക് ഹൈദരാബാദ് ആദ്യവിജയം നേടി. കെഎസ്ഇബിയും സ്റ്റേറ്റ് ബാങ്ക് ഹൈദരാബാദുമായി വ്യാഴാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിലും ഏജീസ് തിരുവനന്തപുരവും നാഗ്പൂര്‍ എഫ്സിയുമായി ഇന്നലെ നടന്ന ആദ്യമത്സരത്തിലും ഗോളുകളൊന്നും പിറന്നിരുന്നില്ല. 22-ാം മിനിറ്റില്‍ ഡേവിഡും 45-ാം മിനിറ്റില്‍ അബ്ദുള്‍ റഹ്മാനുമായിരുന്നു ബാങ്കുകാര്ക്കായി ലക്ഷ്യം കണ്ടത്. ട്രിവാന്‍ഡ്രം ഡിസ്ട്രിക്റ്റ് ഫുട്ബോള്‍ അസോസിയേഷനും സ്റ്റേറ്റ് ബാങ്ക് ഹൈദരാബാദുമായുള്ള ഏറ്റുമുട്ടലില്‍ ആദ്യപകുതിയിലാണ് രണ്ടുഗോളുകളും പിറന്നത്. രണ്ടാംപകുതിയില്‍ തിരിച്ചടിക്കാന്‍ ആതിഥേയര്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ശക്തമായ മഴയും ഹൈദരാബാദുകാരുടെപ്രതിരോധവും തടസമായി.
ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ അരഡസനിലേറെ അവസരങ്ങള്‍ കളഞ്ഞുകളിച്ചാണ് നാഗ്പൂര്‍ എഫ്സിയുമായി ഗോള്‍രഹിത സമനിലവഴങ്ങിയത്. ആദ്യപകുതിയില്‍ ഏജിസിന്റെ ഗോളെന്നുറപ്പിച്ച മൂന്ന് തകര്‍പ്പന്‍ ഷോട്ടുകളില്‍ രണ്ടെണ്ണം നാഗ്പൂരിന്റെ ഗോളിയും ഒരെണ്ണം പ്രതിരോധക്കാരനും നിഷ്ഫലമാക്കി.
ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ട്രിവാന്‍ഡ്രം ഡിസ്ട്രിക്റ്റ് ഫുട്ബോള്‍ അസോസിയേഷന് വെസ്റ്റേണ്‍ റെയില്‍വേയുമായും 6.30ന് നടക്കുന്ന മത്സരത്തില്‍ എംആര്‍സി വെല്ലിങ്ടണ്‍ നാഗ്പൂര്‍ എഫ്സിയുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: