തിരുവനന്തപുരം: കെല്‍ട്രോണില്‍ വര്‍ഷങ്ങളായി പണിയെടുക്കുന്ന കോണ്ട്രാക്റ്റ്/കാഷ്വല്‍ ജീവനക്കാര്‍ക്ക് സീനിയോറിറ്റി അടിസ്ഥാനത്തില്‍ സ്ഥിരനിയമനം നല്‍കണമെന്നും ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാര്‍ സെക്രേട്ടറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തി. കെല്‍ട്രോണിലെ അംഗീകൃത സംഘടനയായ കെല്‍ട്രോണ്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലായിരുന്നു ധര്‍ണ.
ഈ സാമ്പത്തിക വര്‍ഷം 500 കോടി രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്ന കെല്‍ട്രോണില്‍ സ്ഥിരജീവനക്കാര്‍ 665 പേരും കോണ്ട്രാക്റ്റ്/കാഷ്യല്‍ ജീവനക്കാര്‍ ആയിരത്തോളവും വരും 2016 ആകുമ്പോള്‍ 95 ശതമാനംപേരും റിട്ടയര്‍ ആകുന്ന സ്ഥിതിക്ക് വര്‍ഷങ്ങളായി സ്ഥാപനത്തിനുവേണ്ടി പണിയെടുക്കുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ വേണ്ട നടപടികള്‍ കൈക്കൊളളണം. ശമ്പള പരിഷ്കരണത്തിന്റെ കാലാവധി നാലുവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ച് മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും കെല്‍ട്രോണ്‍ എംപ്ലോയീസ് ഓര്ഗനൈസേഷന് ചൂണ്ടിക്കാട്ടുന്നു. സി. ദിവാകരന് എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തു. കെല്‍ട്രോണ്‍ എംപ്ലോയീസ് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി പി. സുധാകരന്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, എഐടിയുസി ജില്ലാ സെക്രട്ടറി കെ.പി. ശങ്കരദാസ്, പി. വിജയകുമാര്‍ കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: