
ന്യൂദല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ക്രമാതീതമായെന്നു പറഞ്ഞ കേന്ദ്ര ധനമന്ത്രി ഭരണ സംവിധാനത്തില്‍ ഉടച്ചുവാര്‍ക്കലുണ്ടാവുമെന്നു സൂചന നല്‍കി. ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായെന്നത് സത്യമാണെങ്കിലും പണം തിരിച്ചു പിടിക്കുന്നതിലെ വിവേചനമില്ലായ്‌മയും നിഷ്‌ക്രിയത്വവുമാണ് പ്രധാന കാരണമെന്ന് അഭിപ്രായപ്പെട്ടു.
ഈ പ്രശ്‌നം ഏതാനും സാമ്പത്തികപാദങ്ങള്‍കൊണ്ട് സാധിക്കാവുന്നതേയുള്ളു. സര്‍ക്കാര്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്യും. ബാങ്കുകളുടെ ഭരണത്തലപ്പത്തേക്ക് മികച്ച കഴിവുള്ളവരെ ആകര്‍ഷിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി ഇതു ലക്ഷ്യമിട്ടാണ്. എന്നു കരുതി ബാങ്കു ഭരണകാര്യങ്ങളില്‍ സര്‍ക്കാര്‍ വഴിവിട്ട് ഇടപെടാന്‍ പോകുന്നുവെന്ന് അര്‍ത്ഥമില്ല. അതിനു കുറ്റമറ്റ ഒരു സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. മാനേജ്‌മെന്റ് കൂടുതല്‍ പ്രൊഫഷണലാക്കണം. സര്‍ക്കാരിന് ആരെയും നിയമിക്കാമെന്ന് അതിനര്‍ത്ഥമില്ല. ഏറ്റവും മികച്ചവരെ ലഭിക്കാന്‍ വ്യക്തമായ നിയമന നടപടി ക്രമമുണ്ടാകും, ജെയ്റ്റ്‌ലി പറഞ്ഞു.
ഊര്‍ജ്ജം, ഉരുക്കു നിര്‍മ്മാണം, വിതരണം, ഹൈവേ പദ്ധതികള്‍ എന്നിവയ്‌ക്കു നല്‍കിയ പണമാണ് തിരികെ കിട്ടാതെ പോയിട്ടുള്ളത്. ഈ പ്രതിസന്ധിക്കു കാരണമായ ഓരോ മേഖലയേയും പഠിച്ച് പരിഹാരം കാണണം.
സാങ്കേതിക വിദ്യയുടെ കൂടുതല്‍ വിനിയോഗത്തിലൂടെ ബാങ്കിങ് രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കാനാകും. ജന്‍ധന്‍ പദ്ധതിക്ക് ബാങ്കുകള്‍ നല്ല സഹകരണമാണ് നല്‍കിയത്. തുടക്കത്തില്‍ അക്കൗണ്ടുകളില്‍ നിക്ഷേപം ഉണ്ടാകില്ലെന്നു ബാങ്കുകള്‍ ധരിച്ചു. ഇപ്പോള്‍ 56 ശതമാനത്തിലേറെ അക്കൗണ്ടുകളില്‍ ബാലന്‍സുണ്ട്. സര്‍ക്കാരിന്റെ ധനസഹായങ്ങള്‍ കൂടുതല്‍ കൂടുതല്‍ ബാങ്കുവഴിയാക്കുന്നതോടെ ഈ നിക്ഷേപത്തോത് കൂടും, ജെയ്റ്റ്‌ലി പറഞ്ഞു.