ചെറുതോണി : ഇടുക്കി ഐഡിയ മൈതാനത്ത് ജര്‍മ്മന്‍ ടെക്നോളജിയില്‍ നിര്‍മ്മിച്ച പടുകൂറ്റന്‍ പന്തലില്‍ 15000 പട്ടയം കേരള മുഖ്യമന്ത്രി വിതരണം ചെയ്യും. ഇതിനായി 40000 ചതുരശ്ര അടി പന്തലിന്റെ പണി പൂര്‍ത്തിയായി. സുരക്ഷയ്ക്കായി പോലീസ് ,ഫയര്‍ഫോഴ്സ എന്നിവയ്ക്കു പുറമേ അടിയന്തിര സേവനത്തിനായി അലോപ്പതി, ഹോമിയോ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കി കഴിഞ്ഞു. മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ ഉച്ചഭക്ഷണവും, വെള്ളവും ഏര്‍പ്പെടുത്തിട്ടുണ്ട്. രാവിലെ 11 മണിയോടെ പട്ടയമേള ആരംഭിക്കും. പട്ടയമേളയില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് തിരക്കില്ലാതെ പട്ടയം വാങ്ങുന്നതിന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ നേതൃത്വത്തില്‍ 50 കൗണ്ടറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. മേളയ്ക്ക് എത്തുന്നവര്‍ക്ക് വേണ്ടി ആര്‍ടിഒ യുടെ നേതൃത്വത്തില്‍ വാഹന സൗകര്യങ്ങളും ഒരുക്കി കഴിഞ്ഞു. താലൂക്കുകളില്‍ നിന്ന് പുറപ്പെടുന്ന വാഹനങ്ങള്‍ക്ക് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. വാഹനസൗകര്യങ്ങള്‍ കൃത്യമായി അറിയാന്‍ അതാതു വില്ലേജ് ഓഫീസര്‍മാരെ സമീപിക്കണം. വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ മൂലം ഉണ്ടാകുന്ന ഗതാഗതകുരുക്ക് ഒഴിവാക്കുവാന്‍ പോലീസ് വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേകം സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തു നിന്നും മേള സ്ഥലത്തെക്ക് ആള്‍ക്കാരെ എത്തിക്കാനും തിരികെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നിടത്തേയ്ക്ക് എത്തിക്കാനും പ്രത്യേകം ഷട്ടില്‍ സര്‍വ്വീസ് നടത്തും. ഗതാഗതം നിയന്തിക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്,സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്‍സിസി വോളന്റിയര്‍മാര്‍ എന്നിവരുടെയും ചില സന്നദ്ധ സംഘടനകളുടേയും സേവനം ലഭ്യമാക്കും നേതൃത്വം നല്കാന് മന്ത്രിമാരായ ആടൂര് പ്രകാശ്, പിജെ ജോസഫ് എന്നിവര്‍ എത്തും.
ഇടുക്കി ഭൂരഹിതരില്ലാത്ത ജില്ല
ഇടുക്കി : ഇടുക്കി കേരളത്തിലെ ഭൂരഹിതരില്ലാത്ത മൂന്നാമത്തെ ജില്ലയായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ നടക്കുന്ന മെഗാ പട്ടയമേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപനം നടത്തും.ധനമന്ത്രി കെ.എം.മാണി, റവന്യുമന്ത്രി അടൂര്‍ പ്രകാശ്, ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ് എന്നിവരുടെ സാന്നിദ്ധ്യത്തിലാകും പ്രഖ്യാപനം. കേരളത്തില്‍ 243928 കുടുംബങ്ങളെ ഭൂരഹിതരാണെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നത്. കണ്ണൂര്‍ ജില്ലയില്‍ അപേക്ഷ നല്കിയ 11,107 പേര്‍ക്കും 2013ല്‍ ഭൂമി നല്കി. കാസര്‍ഗോഡ് 11470 അപേക്ഷകര്‍ക്കും ഭൂമി നല്കി. ഇടുക്കിയില്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 9505 അപേക്ഷകരാണ് ഉള്ളത്. ഇതില്‍ 2005 പേര്‍ക്ക് ഭൂമി നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ള മുഴുവന്‍ അപേക്ഷകര്‍ക്കും ഇന്നു നടക്കുന്ന മെഗാ പട്ടയമേളയില്‍ നല്‍കും.
15,000 പട്ടയങ്ങള്‍
ഇടുക്കി : മലയോര കര്‍ഷകരുടെ കൈവശഭൂമിക്ക് പട്ടയം, ഭൂരഹിതരില്ലാത്തവര്ക്ക് ഭൂമി, വനഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് വനാവകാശനിയമ പ്രകാരം വനാവകാശ രേഖ തുടങ്ങി 15,000ത്തോളം പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുന്നത്. 1993ലെ പ്രത്യേക ഭൂമി പതിവ് ചട്ടപ്രകാരം 3066 ഉം 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം(പെരിഞ്ചാംകുട്ടി) 1760 ഉം 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം 518ഉം ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 8377 ഉം വനാവകാശ രേഖ 320ഉം ഹൈറേഞ്ച് കോളനൈസേഷന്‍ സ്കീം പ്രകാരം 110 ഉം മൂലമറ്റം എ.കെ.ജി കോളനി 93ഉം മുനിസിപ്പല്‍ ഭൂമിപതിവ് 1995 തൊടുപുഴ 88 ഉം പട്ടയങ്ങളാണ് മെഗാ പട്ടയമേളയോടനുബന്ധിച്ച് വിതരണം ചെയ്യുക.
ജില്ലാഭരണകൂടത്തിന്റെ കഠിനാധ്വാനം
ഇടുക്കി :അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും പട്ടയം നല്‍കുക, നല്കുന്ന പട്ടയങ്ങള്‍ നൂറുശതമാനവും നിയമപരമായിരിക്കുക എന്ന വലിയ വെല്ലുവിളിയാണ് ജില്ലാ ഭരണകൂടം ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയത്. ജില്ലയിലെ അനധികൃത കയ്യേറ്റങ്ങള്‍, വ്യാജരേഖ ചമക്കല്‍, തുടര്‍ന്നുള്ള സങ്കീര്‍ണമായ കോടതി വ്യവഹാരങ്ങള്‍, തല്ഫലമായിട്ടുള്ള നിയമക്കുരുക്കുകള്‍ എന്നിവയ്ക്കു നടുവില്‍ നിന്നുകൊണ്ട് കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാണെന്നും നിയമക്കുരുക്കില്‍ അകപ്പെടില്ലെന്നും ഉറപ്പുവരുത്തി പട്ടയങ്ങള്‍ നല്കുന്ന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെയും മേല്‍ ഉദ്യോഗസ്ഥരുടെയും പൂര്‍ണമായ പിന്തുണ ജില്ലാ ഭരണകൂടത്തിനു ലഭിച്ചിട്ടുണ്ടെന്ന് കളക്ടര്‍ വി. രതീശന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: