കോഴിക്കോട്: ഉത്സവകാലത്തെ പൊതു വിപണി വിലക്കയറ്റവും കരിഞ്ചന്തയും തടയുന്നതിനായി സിവില്‍ സപ്ലൈസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും ജില്ലയിലെ സിവില്‍ സപ്ലൈസ് ഉദ്ദ്യോഗസ്ഥരും കോഴിക്കോട്, കൊയിലാണ്ടി, വടകര കേന്ദ്രീകരിച്ച് പൊതുകമ്പോളത്തില്‍ പരിശോധന നടത്തി.
ക്രമക്കേടുകള്‍ കണ്ടെത്തിയ 21 ഹോട്ടലുകള്‍, 43 പച്ചക്കറിക്കടകള്‍, 28 പലചരക്കുകടകള്‍, 20 ഗ്യാസ് ഏജന്‍സികള്‍, അഞ്ച് ബേക്കറികള്‍ എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി ജില്ലയില്‍ നടത്തിയ പൊതു വിപണി പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ കട ഉടമകള്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം ജില്ലാ കലക്ടര്‍ 53,000 രൂപ പിഴ ചുമത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധനകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാപാര കേന്ദ്രങ്ങളില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിന് ഓണക്കാലത്ത് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കും. ഇതിനായി ജില്ലാ അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു.
അധിക വില ഈടാക്കക്കുക, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുക, കസ്റ്റമര്‍ കെയര്‍ ടെലഫോണ്‍ നമ്പര്‍, വിലാസം തുടങ്ങിയ വിവരങ്ങള്‍ പായ്‌ക്കറ്റിന്മേല്‍ രേഖപ്പെടുത്താതിരിക്കുക, മുദ്ര ചെയ്യാതെ ത്രാസുകളും മറ്റ് അളവുതൂക്ക ഉപകരണങ്ങളും ഉപയോഗിക്കുക, മുദ്ര ചെയ്ത സര്‍ട്ടിഫിക്കറ്റ് ഉപഭോക്താക്കള്‍ കാണണുംവിധം പ്രദര്‍ശിപ്പിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: