തിരുവനന്തപുരം: പതിനൊന്നാമത് എസ്ബിടി – ജിവി രാജ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ തുടക്കം. കെഎസ്ഇബിയും സ്റ്റേറ്റ് ബാങ്ക് ഒഫ് ഹൈദരാബാദും തമ്മിലുള്ള ഉദ്ഘാടന മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഗോള്‍ കീപ്പര്‍ നെല്‍സണും സുര്‍ജിത്തും വൈശാഖ് സുകുമാരനും അടക്കമുള്ള കേരളതാരങ്ങളുമായി ഇറങ്ങിയ കെഎസ്ഇബിക്കു മികച്ചപ്രകടനം പുറത്തെടുക്കാനായില്ല. കളിയുടെ തുടക്കം മുതല്‍ പ്രതിരോധത്തിലൂന്നിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് കളിച്ചത്.
ഹൈദരാബാദിന്റെ മുന്നേറ്റ നിരയില്‍ ഡേവിഡും അബ്ദുള്‍ റഹ്മാനും നടത്തിയ ഒറ്റയാള്‍ മുന്നേറ്റങ്ങള്‍ കെഎസ്ഇബിയുടെ പ്രതിരോധത്തിനുമുന്നില്‍ അവസാനിച്ചു. ഗോളെന്നുറപ്പിച്ച ഒരു കോര്‍ണര്‍ കിക്ക് പാഴാക്കിയതൊഴിച്ചാല്‍ ആദ്യപകുതിയില്‍ കെഎസ്ഇബിയുടെ ഗോള്‍മുഖത്ത് യാതൊരു ഭീഷണിയുമുയര്ത്താന് ഹൈദരാബാദിനായില്ല. കളിയുടെ 17-ാം മിനിറ്റില്‍ അബ്ദുള്‍ റഹ്മാന്റെ മികച്ച ഒരു ലോങ് ഷോട്ട് പോസ്റ്റിനു സമീപത്തുകൂടെ പുറത്തേക്കുപോയി. തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ കെഎസ്ഇബിയുടെ വൈശാഖ് സുകുമാരന്റെ ലോങ്റേഞ്ചര്‍ ഹൈദരാബാദ് ഗോളി ശ്രീകുമാര്‍ മികച്ച സേവിലൂടെ രക്ഷപ്പെടുത്തി. കെഎസ്ഇബിയുടെ അരഡസനോളം മുന്നേറ്റങ്ങള്‍ ഹൈദരാബാദ് ഗോളി ശ്രീകുമാറിന്റെ മുന്നില്‍ അവസാനിച്ചു.
രണ്ടാം പകുതിയുടെ ഒന്‍പതാം മിനിറ്റില്‍ ഡേവിഡിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് കെഎസ്ഇബിയുടെ ക്രോസ്ബാറിനെ സ്പര്‍ശിച്ചു പുറത്തേക്കുപോയി. 22-ാം മിനിറ്റില്‍ കെഎസ്ഇബിയുടെ അലക്സിന്റെ മനോഹരമായ ക്രോസ് സജീവ്ഖാനിലേക്ക്. മുന്നില്‍ ഹൈദരാബാദ് ഗോളിമാത്രം. എന്നാല്‍ സജീവ്ഖാനു പിഴച്ചു. 89-ാം മിനിറ്റില്‍ കെഎസ്ഇബിയുടെ സുര്‍ജിത്ത് എടുത്ത ത്രോ ഇന്‍ പകരക്കാരനായെത്തിയ സുഗുണ്‍ കുമാര്‍ മനോഹരമായി പോസ്റ്റിലേക്ക് പായിച്ചുവെങ്കിലും ഹൈദരാബാദ് ഗോളി ശ്രീകുമാര്‍ തട്ടിത്തെറിപ്പിച്ചു. സേവിനിടെ പോസ്റ്റില്‍ തലയിടിച്ചു ശ്രീകുമാറിനു പരിക്കുമേറ്റു. അവസാനിമിഷം ഇരു ടീമുകളും ആക്രമണത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: