പീരുമേട് : അമ്മയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയ കുടുംബം ആഴങ്ങളിലേക്ക് മറിഞ്ഞത് നാടിനെ കണ്ണീരിലാഴ്ത്തി. ബുധനാഴ്ച രാത്രി 11.30ഓടെയാണ് ഏലപ്പാറയ്ക്ക് സമീപം ചിന്നാറില്‍ കാര്‍ അപകടത്തില്‍പ്പെട്ട് ഭാര്യയും ഭര്‍ത്താവും മരിച്ചത്. തിരുവനന്തപുരം കരമം ഉത്രാടം വീട്ടില്‍ പ്രദീപ് കുമാര്‍ (ചന്ദ്രന് – 50), വിജയശ്രീ (45) എന്നിവരാണ് മരിച്ചത്. മകനും ഡ്രൈവറുമായിരുന്ന അഖില്‍ (22) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിജയശ്രീയുടെ അമ്മയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി തിരിച്ചതായിരുന്നു കുടുംബം. ബുധനാഴ്ച വൈകിട്ടാണ് നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശി കൃഷ്ണമ്മ (86) നിര്യാതയായത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വിവരം അറിഞ്ഞ് വേഗത്തില്‍ മുണ്ടിയെരുമയിലേക്ക് തിരിച്ചതായിരുന്നു കുടുംബം. 200 അടി താഴ്ചയിലേക്ക് പതിച്ച കാര്‍ നാട്ടുകാരാണ് ആദ്യം കാണുന്നത്. ഉപ്പുതറ എം.ജെ ഭദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ സ്ഥലത്തെത്തി. പീരുമേട് ഫയര്‍ഫോഴ്സ് അംഗവും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സീറ്റ് ബെല്‍റ്റ് ധരിച്ചതിനാലാണ് അഖില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കാര്‍ അമിത വേഗത്തിലായിരുന്നു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇരുവരുടേയും മൃതദേഹം നെടുങ്കണ്ടത്ത് എത്തിച്ചു. നൂറുകണക്കിന് ആളുകള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. രാത്രി വൈകി നെടുങ്കണ്ടത്ത് അമ്മയ്ക്കൊപ്പം ഇരുവരുടേയും മൃതദേഹം സംസ്കരിച്ചു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അഖിലിന്റെ സഹോദരന് അലന്റെ വിവാഹം അടുത്ത ആഴ്ച നടത്താനായി നിശ്ചയിച്ചിക്കുമ്പോഴാണ് നിനച്ചിരിക്കാതെ അപകടം എത്തിയത്. പീരുമേട് ഫയര്‍ഫോഴ്സിലെ എല്‍.എഫ് മധു, വി.എസ് അനില്‍ കുമാര്‍, രാജ്കുമാര്, അമല്‍ജിത്ത്, മുരുകന്, രാജീവ്, ഷിജിന് ദാസ്, പ്രസു എസ്. ദര്ശന്, പോള്‍സണ്‍ ജോസഫ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: