ന്യൂദല്‍ഹി: കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കീഴില്‍ കോഴിക്കോട്ട് സ്ഥാപിക്കുന്ന 600 കോടിയുടെ ഫൂട്ട്വെയര് ഡിസൈന്‍ ആന്‍ഡ് ഡവലപ്പ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന് അറിയിച്ചു. ഇന്‍സ്റ്റിറ്റിയൂട്ടിനായി 20 ഏക്കര്‍ സ്ഥലം കോഴിക്കോട്ട് ലഭ്യമാക്കുന്നതിനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം വന്നതോടെയാണ് ഉടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചിരിക്കുന്നത്.
രാമനാട്ടുകരയിലെ കിന്‍ഫ്രാ പാര്‍ക്കില്‍ 20 എക്കര്‍ സ്ഥലം ഫൂട്ട്വെയര് ഡിസൈന്‍ ആന്റ് ഡവലപ്പ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിനായി വിട്ടുനല്‍കുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ കത്ത് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മലാ സീതാറാമിന് ലഭിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര വാണിജ്യകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യേഗസ്ഥര്‍ രാമനാട്ടുകരയിലെത്തി സ്ഥലം പരിശോധിച്ച് അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സ്ഥലം ലഭ്യമാക്കുമെന്ന കേരള സര്‍ക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പ് ലഭിച്ച സാഹചര്യത്തില്‍ പദ്ധതി ഉടന്‍ തന്നെ ആരംഭിക്കുമെന്ന് മന്ത്രി നിര്‍മ്മലാ സീതാരാമന് എം.കെ. രാഘവന് എം.പിയെ അറിയിച്ചു. 600 കോടി രൂപയാണ് ഫൂട്ട് വിയര് ഇന്‍സ്റ്റിറ്റിയൂട്ടിന് കേന്ദ്ര വാണിജ്യകാര്യമന്ത്രാലയം വകയിരുത്തിയിരിക്കുന്നത്.
പ്രതിവര്‍ഷം അഞ്ച് ലക്ഷം ജോടി ചെരുപ്പുകളാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. കേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് വരുന്നതോടെ കോഴിക്കോട് മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് പുത്തന്‍ സങ്കേതിക വിദ്യയും അന്തരാഷ്ട്ര മാര്‍ക്കറ്റിലെ പുതിയ ഡൈസൈനുകളും ലഭ്യമാക്കും. മൂന്നു ലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായും പ്രത്യക്ഷമായും തൊഴിലും ലഭ്യമാകും. യൂറോപ്യന്‍ യൂണിയന് നിബന്ധനകള്‍ അനുസരിച്ച് ചെരുപ്പ് നിര്‍മ്മാണം നടത്താനും കോഴിക്കോട്ടെ ചെറുകിട ചെരുപ്പ് ഉല്പാദകര്ക്ക് കഴിയും. കേന്ദ്ര വാണിജ്യകാര്യമന്ത്രി നിര്‍മ്മലാ സീതാറാമന് മുഖ്യമന്ത്രിയുടെ കത്ത് കൈമാറിയ എം.കെ. രാഘവന് എംപിക്കൊപ്പം എഫ്ഡിഡിഐ മനേജിങ് ഡയറക്ടര്‍ അജയ്കുമാറും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: