പാലക്കാട്: സംസ്ഥാനത്ത് വില്‍ക്കുന്ന മുക്കല്‍പങ്ക് കള്ളും വ്യാജം. വിഷമയമായ രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന വിഷക്കള്ള് വില്‍പ്പനയിലൂടെ കേരളം കാത്തിരിക്കുന്നത് വന്‍ ദുരന്തം. കേരളത്തിലേക്കാവശ്യമായ കള്ളിന്റെ 75 ശതമാനവും ഉത്പാദിപ്പിക്കുന്നത് പാലക്കാട് ജില്ലയിലെ ചിറ്റൂര്മേഖലയിലാണ്. ഇവിടെ ഉദ്പാദിപ്പിക്കുന്നതിന്റെ നാല് മടങ്ങോളമാണ് സംസ്ഥാനത്ത് വിതരണം ചെയ്യപ്പെടുന്നത്. അതേസമയം ഷാപ്പുകളില്‍ എത്തുന്ന കൃത്രിമ കള്ള് അതത് റേഞ്ചുകള്ക്കുള്ളില്നിന്നുതന്നെയെന്നാണ് എക്സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ 4,000ത്തില്‍പ്പരം ഷാപ്പുകളിലൂടെ പ്രതിദിനം വില്‍ക്കുന്നത് ഏതാണ്ട് 17ലക്ഷം ലിറ്റര്‍ കള്ളാണ്. ചെത്തിയെടുക്കുന്നത് മൂന്നരലക്ഷം ലിറ്ററും. വില്പനക്കെത്തുന്ന ബാക്കി കള്ള് എവിടെ നിന്ന് വരുന്നുവെന്നത് സംബന്ധിച്ച് എക്സൈസ് വകുപ്പിനും വ്യക്തമായ ഉത്തരമില്ല. രാസവസ്തുക്കളുപയോഗിച്ച് നിര്‍മിക്കുന്ന വ്യാജക്കള്ളും സാധാരണകള്ളില് സ്പിരിറ്റും മറ്റ് ലഹരിവസ്തുക്കളും കലര്‍ത്തിയാണ് ഇത്രയധികം കള്ളുണ്ടാക്കുന്നത്.ബാറുകള്‍ക്കുള്ള അനുമതിയില്ലാതാകും മുമ്പ് പ്രതിദിനം ഏതാണ്ട് 13 ലക്ഷം ലിറ്റര്‍ കള്ളാണ് വിറ്റിരുന്നത്. ഏപ്രില്‍ മുതലാണ് ഷാപ്പുകളില്‍ കള്ളുവില്പന ഉയര്‍ന്നത്.
്ചിറ്റൂര് മേഖലയില്‍ ചെത്താന്‍ 2.25 ലക്ഷം തെങ്ങുകള്‍ക്കാണ് എക്സൈസ് വകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്. ഒരു തെങ്ങില്‍നിന്ന് ശരാശരി ഒന്നരലിറ്റര്‍ കള്ള് കിട്ടുമെന്ന കണക്കുപ്രകാരം പ്രതിദിനം 3,37,500 ലിറ്റര്‍ കള്ളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. അതേസമയം കാറ്റുവീഴ്ച ബാധിച്ച ചിറ്റൂര്‍ മേഖലയില്‍ ഇപ്പോള്‍ കള്ളുത്പാദനം കുറവാണ്. പാലക്കാടിന് പുറമേ കണ്ണൂര്‍ജില്ലയില്‍ പ്രതിദിനം 12,000 ലിറ്ററില്ത്താഴെയും ആലപ്പുഴ ജില്ലയില്‍ 500 ലിറ്ററില്ത്താഴെയുമാണ് ഉത്പാദനം.
അമ്പത് തെങ്ങ് ചെത്തുന്ന ഷാപ്പിനാണ് ലൈസന്‍സ് നല്‍കുക. ഇതുവഴി 75 ലിറ്റര്‍ പ്രതിദിനം വില്‍ക്കുമെന്നാണ് എക്സൈസിന്റെ കണക്ക്. എന്നാല്‍ ചില ഷാപ്പുകളില്‍ പ്രതിദിനം ആയിരം ലിറ്റര്‍ വരെ കള്ള് വില്‍ക്കുന്നുണ്ട്. ശരാശരി 400 ലിറ്ററാണ് സംസ്ഥാനത്തെ ഷാപ്പുകളിലെ വില്പന.
മറ്റ് ജില്ലകളിലേക്ക് കള്ള് കൊണ്ടുപോകുന്നതിന് പാലക്കാട് ജില്ലയില്‍ 220 ഇന്റര്റേഞ്ച് പെര്‍മിറ്റും 750 ഇന്റര്‍ഡിവിഷന്‍ പെര്‍മിറ്റും എക്സൈസ് അനുവദിച്ചിട്ടുണ്ട്. 200 ലിറ്ററിന്റെ ബാരലില്‍ നാലുകുടം കള്ള്, 120 ലിറ്റര്‍ വെള്ളം, വ്യാജക്കള്ള് നിര്‍മിക്കുന്ന രാസവസ്തുക്കള്‍ എന്നിവചേര്‍ത്ത് പരമാവധി വേഗത്തിലാണ് കള്ളുവണ്ടികളുടെ പാച്ചില്‍. ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ ബാരല്നിറയെ കള്ള് തയ്യാറായിട്ടുണ്ടാകും. വീര്യം കൂട്ടാന്‍ സ്പിരിറ്റും കഞ്ചാവും കലര്‍ത്തുന്നത് അതാത് ഷാപ്പുകളില്ത്തന്നെ.
ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളില്‍ നടത്തിയ പരിശോധനകളില്‍ കള്ള് ‘നിര്‍മ്മാണ’ കേന്ദ്രങ്ങള്‍ കണ്ടെത്തിയിരുന്നു. പാലക്കാട്ടെ കള്ളുചെത്ത് കേന്ദ്രങ്ങളില്‍നിന്ന് കൃത്രിമ കള്ള് ഉണ്ടാക്കി സംസ്ഥാനത്തെ വിവിധ കള്ളുഷാപ്പുകളിലേക്കെത്തിക്കുന്നുവെന്നും വിവരം ലഭിച്ചിരുന്നു. ഈയിടെ ചിറ്റൂരില്‍ സ്പിരിറ്റും വ്യാജക്കള്ള് നിര്‍മാണ സാമഗ്രികളും പിടികൂടിയിരുന്നു. രണ്ടുമാസത്തിനിടെ 900 ലിറ്റര്‍ സ്പിരിറ്റും വ്യാജക്കള്ളുണ്ടാക്കുന്ന അഞ്ചരക്കിലോഗ്രാം രാസവസ്തുക്കളുമാണ് ചിറ്റൂരിലെ തോപ്പില്‍നിന്ന് പിടികൂടിയത്. കള്ളില്‍ കലര്‍ത്താനായി സൂക്ഷിച്ചതാണിതെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു. പിടിച്ചെടുത്ത രാസവസ്തുവിന്റെ കവറില്‍ ആരോഗ്യത്തിനു ഹാനികരമാണെന്നും ഭക്ഷ്യയോഗ്യമല്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പിടിച്ചെടുത്തത് വെറും സാക്കറിന് മാത്രമാണെന്നാണ് എക്സൈസ് ഉന്നതാധികാരികളുടെ ഭാഷ്യം. കള്ളുലോബിയുടെ കൈമടക്ക് തന്നെയാണ് ഇതിനു പിന്നിലെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: