പാലക്കാട്: ജില്ലാ സഹകരണ നിന്ന് വൃദ്ധയായ സ്ത്രീയെ ബാത്ത്റൂമില്‍ തള്ളിയിട്ട് മാല കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോട്ടായി പരുത്തിപ്പുള്ളി പാറേപ്പടി കൊഴിഞ്ഞംപറമ്പ് വീട്ടില്‍ ചെല്ലമണിയുടെ മകന് ശശികുമാര്‍ എന്ന അഞ്ഞൂറാന് സുരേഷിനെയാണ് ടൗണ്‍ സൗത്ത് ക്രൈം സ്ക്വാഡ് പിടികൂടിയത്. ഓഗസ്റ്റ് നാലിന് പാലക്കാട് സഹകരണ ഹോസ്പിറ്റലില്‍ മരുമകള്‍ക്കൊപ്പം ചികിത്സയ്ക്ക് എത്തിയ കുഴല്‍മന്ദം കളപ്പെട്ടി മോനോട് വീട്ടില്‍ പരേതനായ വാസുവിന്റെ ഭാര്യ യശോദയുടെ കഴുത്തിലെ മാലയാണ് കവര്‍ന്നത്. ആശുപത്രിയില്‍ ടോക്കണെടുത്ത് ഡോക്ടറെ കാത്തിരിക്കേ ബന്ധുവിന്റെ ചികിത്സയ്ക്ക് വന്നതാണെന്നും കാവശേരിക്കാരനാണെന്നും പറഞ്ഞ് ഇയാള്‍ ഇ പരിചയപ്പെടുകയായിരുന്നു. ഡോക്ടറെ കാണിച്ച ശേഷം മരുമകള്‍ മരുന്ന് വാങ്ങാന്‍ പുറത്തു പോയ സമയം വൃദ്ധയെ ബാത്ത്റൂമില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് പിടിച്ച് നടത്തിക്കൊണ്ടുപോയി കഴുത്തിലുണ്ടായിരുന്ന രണ്ടര പവന്റെ മാല പൊട്ടിച്ചെടുത്ത ശേഷം ശശികുമാര്‍ മുങ്ങുകയായിരുന്നു. മരുന്ന് വാങ്ങി തിരിച്ചുവന്ന മരുമകള്‍ അമ്മയെ കാണാതെ തെരഞ്ഞ് കണ്ടെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പിന്നീട് പോലീസ് എത്തി ആശുപത്രിയിലെ സി.സി ടിവി പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ദിവസങ്ങളോളം ഒളിവിലായിരുന്ന പ്രതി സംസ്ഥാനം വിട്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ചോദ്യം ചെയ്തതില്‍ നിന്ന് 15 വര്‍ഷത്തോളമായി ഇത്തരത്തില്‍ നിരവധി മോഷണങ്ങളും തട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി. രണ്ടു മാസം മുമ്പ് ജില്ലാ ആശുപത്രി വാര്‍ഡില്‍ ചികിത്സ തേടി വന്നിരുന്ന യാക്കര സ്വദേശിനിയായ വൃദ്ധയുടെ കഴുത്തില്‍ നിന്നും മാല പറിച്ചെടുത്തിരുന്നു.
പാലക്കാട് നഗരത്തിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചും ഒറ്റപ്പാലം, വടക്കാഞ്ചേരി, തൃശൂര്‍ ജൂബിലി മിഷന് ആശുപത്രി, തൃശൂര്‍ ജില്ലാ ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ സ്ഥിരമായി പലതരത്തിലുള്ള തട്ടിപ്പുകളും വര്‍ഷങ്ങളായി നടത്തിവരുകയായിരുന്നു. ആദ്യമായാണ് പോലീസില്‍ പിടിയിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: