സത്യന് അന്തിക്കാടിന്റെ മഴവില്‍ക്കാവടിയില്‍ തലകുത്തിച്ചിരിപ്പിച്ച പറവൂര്‍ ഭരതന്റെ വങ്കനായ നാട്ടിന്പുറത്തുകാരനെ ആര്‍ക്കാണ് മറക്കാനാവുക. ചിരിപ്പിച്ചും ചിന്തിപ്പിച്ചും വില്ലനായി ഭയപ്പെടുത്തിയുമൊക്കെ ആയിരത്തിലധികം വേഷങ്ങളുണ്ട് മലയാളസിനിമയില്‍ ഭരതന്റേതായി. വിവാദങ്ങളിലൂടെ ആളാകാതെയും അനാവശ്യമായ അവകാശവാദങ്ങളിലൂടെ പേരെടുക്കാതെയും സാധാരണക്കാരനെപ്പോലെ കടന്നുപോവുകയായിരുന്നു കുള്ളനായ ഈ സുന്ദരന്‍.
നാടകബലത്തില് സിനിമയിലെത്തിയ നടനാണ് പറവൂര്‍ ഭരതന്. നാട്ടുകാരനായ കെടാമംഗലം സദാനന്ദനാണ് ഭരതനെ നാടകവഴിയില്‍ എത്തിച്ചത്. 55 ല്‍ ആദ്യസിനിമ. 60-ല്‍ മുഴുനീളെ വില്ലനായി കറുത്തകൈയില്‍ അവതരിപ്പിച്ച വേഷം ഭരതനെ സിനിമയില്‍ പിടിച്ചുനിര്‍ത്തി. തുടര്‍ന്ന് വേഷങ്ങളുടെ പൂരമായിരുന്നു. കറുത്തകൈയിലെ കൊടിയ വില്ലവേഷത്തിന്റെ വകഭേദങ്ങളായിരുന്നു തുടര്‍ന്നുകിട്ടിയ കഥാപാത്രങ്ങളേറെയും. സത്യന്, പ്രേംനസീര്‍, വിന്‍സന്റ്, രാഘവന് തുടങ്ങിയ നായകരുടെ ചിത്രങ്ങളില്‍ വില്ലനായി ഭരതനുണ്ടായിരുന്നു.
സ്വഭാവ-ഹാസ്യവേഷങ്ങളും ഭദ്രമാക്കുമെന്ന് തെളിയിക്കുന്നതായിരുന്നു തുടര്‍ന്നുവന്ന ഭരതന്റെ അനേകം ചിത്രങ്ങള്‍. തന്റേതായ ചില മാനറിസങ്ങളിലൂടെ ക്യാരക്ടര്‍ റോളുകള്‍ ചെയ്ത ഈ നടന് ശബ്ദവിന്യാസത്തിലും വ്യത്യസ്തനായിരുന്നു. പിന്നീട് ഹാസ്യത്തിന്റെ തട്ടകവും ഭരതനിണങ്ങി. നഗരത്തിലെ പൊങ്ങച്ചക്കാരികളായ കൊച്ചമ്മമാരുടെ ഭര്‍ത്താവുദ്യോഗസ്ഥനായി കുറെ തിളങ്ങുന്ന വേഷങ്ങള്‍ അദ്ദേഹം ചെയ്തു. സമകാലീനരായ ഹാസ്യനടന്മാരില് നിന്നും വേറിട്ട് ഗോഷ്ഠി കാട്ടാതെ ചുണ്ടും കണ്ണും ശബ്ദവുമായി നിഷ്കളങ്കമായി ചിരിപ്പിക്കാന്‍ ഭരതനു കഴിഞ്ഞു. ഇത്തരം ചിരിവേഷങ്ങള്‍ നഗര-ഗ്രാമീണ തരംതിരിവില്ലാതെ അദ്ദേഹത്തിനിണങ്ങി.
നാടകത്തിന്റെ നിലപാടുതറയില്‍ നിന്നും വന്നതുകൊണ്ടാവണം സാന്ദര്‍ഭികമായി കൈചലനങ്ങള്‍ എങ്ങനെയായിരിക്കണമെന്ന ഗ്രാഹ്യം അപൂര്‍വമായി ഈ നടനെ അനുഗ്രഹിച്ചത്. സോമന്, തിലകന്, പി.ജെ. ആന്റണി, കുഞ്ഞാണ്ടി തുടങ്ങിയവരെപ്പോലെ സൂക്ഷ്മമായ കൈചലനങ്ങളായിരുന്നു ഭരതന്റേയും.
മലയാള സിനിമയിലെ നിരവധി നായകനടന്മാരുടെ കൂടെയും അനവധി തലമുറകളിലൂടെയും കടന്നുപോയവയാണ് ഭരതന് വേഷങ്ങള്‍. നമ്മുടെ ഹാസ്യനടന്മാര് അത്തരം വേഷങ്ങളുടെ വേലിക്കെട്ടിനകത്തുതന്നെ ചുറ്റിത്തിരിഞ്ഞപ്പോള്‍ അതിനപ്പുറം വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നതും ആയിരത്തിലധികം സിനിമകള്‍ സ്വന്തമാക്കി എന്നതും നടനെന്ന നിലയില്‍ അദ്ദേഹത്തിന് പൊക്കക്കൂടുതലുണ്ടാക്കുന്നു. അറുപത് വര്‍ഷങ്ങളോളം സിനിമ ചെയ്തിട്ടും താരത്തിന്റെ ധാടിയും മോടിയുമില്ലാതെ ശബ്ദകോലാഹലങ്ങളില്നിന്നുമകന്ന് നിശബ്ദനായത് ഭരതനില്‍ ഒരു നാട്ടുമ്പുറത്തുകാരന് ഉണ്ടായിരുന്നതുകൊണ്ടാവണം. പറവൂര്‍ എന്നു കേള്‍ക്കുമ്പോള്‍ ഭരതന് എന്നോര്‍ക്കുന്നതും മറ്റൊന്നുകൊണ്ടാവാനും തരമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: