ന്യൂദല്‍ഹി: സംസാരിക്കുന്നതിനിടെ ഫോണ്‍ ബന്ധം മുറിയുന്നതിലൂടെ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ അധിക ലാഭം നേടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് (ട്രായ്) കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. സംസാരം മുറിയുന്നതായുള്ള പരാതികള്‍ വ്യാപകമായതോടെയാണ് ടെലികോം മന്ത്രാലയം നിലപാട് കര്‍ശനമാക്കിയത്. മൊബൈല്‍ ഡാറ്റ സര്‍വീസുകളേക്കാള്‍ മുന്‍ഗണന വോയ്സ് കോളിനു നല്‍കണമെന്നും കമ്പനികളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ടെലികോം മന്ത്രാലയം കഴിഞ്ഞ ദിവസം ഭാരതി എയര്‍ടെല്‍, വൊഡഫോണ്‍, ഐഡിയ, റിലയന്‍സ് അടക്കം മൊബൈല്‍ഫോണ്‍ സര്‍വീസ് ഓപ്പറേറ്റര്‍മാരുടെ യോഗം വിളിച്ചിരുന്നു. സ്പെക്ട്രം, ടവര്‍ പ്രശ്നങ്ങളാണു കാരണമെന്ന് യോഗത്തിനെത്തിയ കമ്പനി സിഇഒമാര്‍ വ്യക്തമാക്കി. താരിഫുകള്‍ പരിശോധിക്കുന്നതിനൊപ്പം, സംസാരം തടസപ്പെടുമ്പോള്‍ ചാര്‍ജ് ഈടാക്കുന്നുണ്ടോ, അതിലൂടെ കമ്പനികള്‍ക്ക് നേട്ടമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ട്രായ് പരിശോധിക്കുമെന്ന് ടെലികോം സെക്രട്ടറി രാകേഷ് ഗാര്‍ഗ്. ഇക്കാര്യത്തില്‍ യുക്തമായ നടപടിയുണ്ടാകും. ചില കമ്പനികള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ താരിഫ് ഇളവ് നല്‍കാറുണ്ട്. മറ്റുള്ളവര്‍ക്ക് അതിനാകുമോയെന്ന കാര്യവും പരിശോധിക്കും- ഗാര്‍ഗ് വ്യക്തമാക്കി. ഇത്തരം മുറിയലുകള് കമ്പനികളുടെ വിപണന തന്ത്രമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതും നടപടികളിലേക്കു കടക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചു.
സ്പെക്ട്രത്തിന്റെ ശേഷി വിനിയോഗിക്കുമ്പോള്‍ വോയ്സ് കോളുകള്‍ക്ക് മുന്‍ഗണന നല്‍കണം. ഗാര്‍ഗ് പറഞ്ഞു. മികച്ച സേവനം നല്കാന് കാലാകാലം ഉപകരണങ്ങള്‍ നവീകരിക്കണം. എന്നാല്‍, നിരവധി കമ്പനികള്‍ ഇതു കാര്യമായെടുക്കുന്നില്ല. ഈ രംഗത്ത് നിക്ഷേപം വൈകിക്കാനാകില്ല. സ്ഥിരമായി ലേലം നടത്തി ആവശ്യമായ സ്പെക്ട്രം കമ്പനികള്‍ക്ക് അനുവദിക്കുന്നത് പരിഗണനയിലാണെന്നും രാകേഷ് ഗാര്‍ഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: