കായംകുളം കൃഷ്ണപുരം സരസില്‍ ആദര്‍ശ് ഉണ്ണിത്താന് എന്ന ഇരുപത്തിയേഴുകാരനെ പുറം ലോകം അറിയുന്നത് കര്ഷകനായിട്ടല്ല. മറിച്ച് വിജയം നേടിയ ഒരു വ്യവസായിയായിട്ടാണ്. തന്റെ വ്യാപാര തിരക്കിനിടയിലും കൃഷിക്കായി സമയം കണ്ടെത്തുന്ന ഈ യുവാവ് വ്യാപാരമേഖലയില്‍ രണ്ട് വര്‍ഷത്തിനിടെ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. ബിസിനസ്സിനെ പോലെ തന്നെ കൃഷിയെ സ്നേഹിക്കുന്ന ആദര്‍ശ് കഴിഞ്ഞ മൂന്ന് വര്‍ഷമായി കടയില്‍ നിന്ന് പച്ചക്കറി വാങ്ങിയിട്ട്. വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം സ്വന്തം മണ്ണില്‍ വിളയിക്കുകയാണ്.
മധ്യതിരുവിതാംകൂറിലെ പ്രമുഖ ഗ്രാനൈറ്റ്, മാര്‍ബിള്‍ സ്റ്റോണ്‍ വിതരണ സ്ഥാപനമായ അശ്വതി മാര്‍ബിള്‍സ് ഉടമയാണ് ആദര്‍ശ് ഉണ്ണിത്താന്. വ്യാപാര രംഗത്ത് നേരിട്ട വീഴ്ച്ചകളെ ചവിട്ടുപടിയാക്കി മുന്നേറിയ ആ നിശ്ചയദാര്‍ഢ്യം ഇന്ന് നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് അത്താണിയാകുന്നു. 1984 ല്‍ അച്ഛന് കെ.പി. ഉണ്ണിത്താനാണ് അശ്വതി ഹാര്ഡ്വെയര് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്.
ബിസിനസിനോട് അത്ര താത്പര്യമില്ലാതിരുന്ന ആദര്‍ശ് പ്ലസ് ടു പഠനത്തിന് ശേഷം കോയമ്പത്തൂര്‍ കോളേജില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും നേടി. ആസ്ട്രേലിയ ഗ്രോഫിത്ത് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദത്തിന് ശേഷം ബാംഗ്ലൂരിലെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ മാര്‍ക്കറ്റിംഗ് അക്കൗണ്ട്സ് മാനേജരായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ അച്ഛന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ജോലി രാജിവച്ച് അച്ഛന്റെ കച്ചവടത്തെ സഹായിക്കാന്‍ എത്തുകയായിരുന്നു. തുടക്കക്കാരന് എന്ന നിലയില്‍ ആദ്യം വ്യാപാരത്തിന് ഏറെ തിരിച്ചടികള്ഉണ്ടായി. ഓരോ വീഴ്ച്ചയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നേറുകയായിരുന്നു.
ആദര്‍ശിന്റെ കഠിനപ്രയത്നത്താല്‍ മൂന്ന് വര്‍ഷംകൊണ്ട് സ്ഥാപനം വളര്‍ച്ചയുടെ സൂചനകള്‍ നല്‍കിത്തുടങ്ങി. തുടര്‍ന്നങ്ങോട്ട് ഗ്രാഫ് മുകളിലേയ്ക്കായിരുന്നു. അശ്വതി മാര്‍ബിള്‍സിന് കായംകുളം കൂടാതെ എറണാകുളം, ഇടപ്പള്ളി, മാന്നാര്‍, കോഴഞ്ചേരി എന്നിവിടങ്ങളിലും ശാഖകള്‍ വളര്‍ന്നു. ട്രെന്‍ഡുകള്‍ മനസ്സിലാക്കി ഏറ്റവും പുതിയ കളക്ഷന്‍സ് എത്തിച്ചതാണ് വ്യാപാരരംഗത്ത് കുതിച്ചുചാട്ടത്തിന് കാരണമായതെന്ന് ആദര്‍ശ് വിശ്വസിക്കുന്നു.
ഗുണനിലവാരത്തിലും, ട്രെന്‍ഡുകള്‍ക്ക് അനുയോജ്യമായും സാധനങ്ങള്‍ സ്ഥാപനത്തില്‍ എത്തിക്കുന്നതിന് യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല. അതിനാല്‍ ലോകത്ത് ഏത് രാജ്യത്തും പോയി പുതിയ മോഡലുകള്‍ നേരിട്ട് കണ്ട് ബോധ്യപ്പെട്ട് ഓര്‍ഡര്‍ നല്‍കുകയാണ് പതിവ്. നാല്പതിലധികം രാജ്യങ്ങളില്‍ യാത്ര ചെയ്തു. ലോകത്തെവിടെയും പുതിയ മോഡല്‍ ഇറങ്ങിയാല്‍ എത്രയും വേഗത്തില്‍ തന്റെ സ്ഥാപനത്തില്‍ എത്തിച്ച് ഉപഭോക്താവിന് നല്‍കുക എന്ന വെല്ലുവിളി ഏറ്റെടുക്കുമ്പോള്‍ പലപ്പോഴും ലാഭനഷ്ടങ്ങള്‍ നോക്കാറില്ലെന്ന് ആദര്‍ശ് പറഞ്ഞു. രാജസ്ഥാന്, ആന്ധ്ര, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും മലേഷ്യ, ചൈന, സ്പെയിന് രാജ്യങ്ങളില്‍ നിന്നും മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുമതി ചെയ്യുന്നു.
കൃഷിയെ സ്നേഹിക്കുന്ന ആദര്‍ശ് ഒരേക്കര്‍ സ്ഥലത്ത് വിഷാംശമില്ലാത്ത ജൈവകൃഷിയാണ് നടത്തുന്നത്.
ക്യാരറ്റും ബീറ്റ്റൂട്ടും ഒഴികെ ഒട്ടുമിക്ക പച്ചക്കറികളും ഇവിടെ വിളയിച്ചെടുത്തിട്ടുണ്ടെന്ന് ആദര്‍ശ് പറഞ്ഞു. കൃഷിയെക്കുറിച്ച് പറയുമ്പോള്‍ ഏറെ വാചാലനാകുന്ന ഈ യുവാവ് കേരളീയരെല്ലാം വീട്ടില്‍ ജൈവകൃഷി നിര്‍ബന്ധമാക്കണമെന്ന് ആഗ്രഹിക്കുന്നു. മലയാളിയുടെ പഴയ അദ്ധ്വാനചിന്ത നമുക്കെവിടെയോ നഷ്ടമായി. അത് വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ വിഷം കഴിക്കേണ്ടി വരില്ല. വൈറ്റ് കോളര്‍ ജോലി ഇഷ്ടപ്പെടുന്ന മലയാളിയുടെ മനസ്സിന്റെ കോണില്‍ എവിടെയോ കാര്‍ഷിക പാരമ്പര്യം ഒളിച്ചിരുപ്പുണ്ട്. അതിനെയൊന്ന് തട്ടി ഉണര്‍ത്തിയാല്‍ മതി കേരളം ഏറ്റവും വലിയ പച്ചക്കറി ഉത്പാദന സംസ്ഥാനമായി മാറാന്‍.
കര്‍ഷകനാകാന്‍ യുവാക്കളെ പ്രോത്സഹിപ്പിക്കുന്ന ഒരു കര്‍ഷകനയം നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. വീട്ടില്‍ ഉള്ളപ്പോഴെല്ലാം രാവിലെ കുറച്ച് സമയം കൃഷിയിടത്തില്‍ ചിലവഴിക്കും. അതില്‍ നിന്നും ലഭിക്കുന്നത്ര സംതൃപ്തി മറ്റൊരു തൊഴിലില്‍ നിന്നും ലഭിക്കില്ലെന്ന് ആദര്‍ശ് വിശ്വസിക്കുന്നു. വീട്ടിലെ ആവശ്യം കഴിഞ്ഞുള്ള പച്ചക്കറികള്‍ അടുത്ത ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും, സ്ഥാപനത്തിലെ ജീവനക്കാര്‍ക്കുമായി വീതിച്ചു നല്‍കും. അച്ഛനും നല്ലൊരു കര്‍ഷകനാണ്.
വാഴ, കാച്ചില്, ചേന എന്നിവയാണ് അച്ഛന്റെ കൃഷി.
യാത്രയും, ഡ്രൈവിംഗും, സിനിമയുമാണ് മറ്റ് ഹോബികള്‍. ആസ്ട്രേലിയയിലെ പഠനകാലത്ത് തെരെഞ്ഞെടുത്ത പാര്‍ട്ട് ടൈം ജോലി ഡ്രൈവറുടേതായിരുന്നു. വടക്കേ ഇന്ത്യയില്‍ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുമ്പോള്‍ മുഴുവന്‍ സമയവും ഡ്രൈവ് ചെയ്യുന്നത് ആദര്‍ശാണ്. കേരളത്തിന് വെളിയില്‍ എവിടെ ഡ്രൈവ് ചെയ്യുമ്പോഴും സുരക്ഷിതത്വം കൂടുതലായി അനുഭവപ്പെടും. ട്രാഫിക്ക് നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും നിയമം അനുസരിക്കാനുള്ള മലയാളിയുടെ മടിയുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് തന്റെ വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു.
ബിസിനസ്സ് രംഗത്തെ പിരിമുറുക്കങ്ങള്‍ തരണം ചെയ്യാന്‍ ആദര്‍ശിനെ സഹായിക്കുന്നത് യോഗയാണ്. വര്‍ഷങ്ങളായുള്ള തന്റെ യോഗ പരിശീനം മാനസികവും ശാരീരികവുമായി ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പിരിമുറുക്ക രഹിതമായ മനസ്സാണ് ഈ യുവാവിന്റെ ബിസിനസ്സ് വിജയത്തിന്റെ പിന്നിലുള്ളത്. ഇത് യോഗയിലൂടെയാണ് നേടിയെടുത്തത്. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ മുന്നേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ആദര്‍ശ്. അമ്മ പ്രേമ, ഭാര്യ ശ്രുതി, മകള്‍ ശിവാനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: