തിരുവനന്തപുരം: ബിഎസ്എന്‍എല്ലിന്റെ കേരളാ സര്‍ക്കിളിനെ തകര്‍ക്കാനുള്ള ശ്രമമാണ് ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ബിടിഇയു ആള് ഇന്ത്യാ ഓര്‍ഗനൈസറായ സി.ദേവീദാസ് പറഞ്ഞു.
സിപിഎമ്മിന്റെ പിന്തുണയുള്ള സംഘടന നടത്തുന്ന അനാവശ്യസമരത്തില്നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടും ബിടിഇയു അംഗമായ രാജന് നായരെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പിഎംജിയിലെ ബിഎസ്എന്‍എല്‍ സര്‍ക്കിള്‍ ഓഫീസിനുമുന്നില്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ ബിടിഇയു നടത്തിയ പ്രതിഷേധസമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാര്‍ തൊഴിലാളികള്‍ക്ക് അലവന്‍സ് വര്ദ്ധിപ്പിക്കാമെന്നുപറഞ്ഞു നടത്തിവരുന്ന സമരം പാവങ്ങളെ ചൂഷണം ചെയ്യാന്‍ വേണ്ടിയാണ്. വീട്ടുജോലിക്കാര്‍ക്കുപോലും ശമ്പളസുരക്ഷ ഉറപ്പാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴാണ് ചില യൂണിയനുകളുടെ അനാവശ്യസമരം. സിജിഎമ്മിന്റെ അധികാര പരിധിക്കു പുറത്തുള്ള വിഷയങ്ങളില്‍നിന്ന് ഇടതു യൂണിയന് പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദിവസവവേതനക്കാരെ കബളിപ്പിക്കാനുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നത്. ബിഎസ്എന്‍എല്ലിലെ മുഴുവന്‍ കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്താനാണ് ഞങ്ങളുടെ സമരം.
ചാവേറുകളെ മുന്നില്‍ നിര്‍ത്തി ഭീകരര്‍ നടത്തുന്ന സമരതന്ത്രമാണ് ഇടതുയൂണിയന്‍ നടത്തുന്നത്. കേരളാ സര്‍ക്കിളിലും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ ബാധകമാണ്. അതിനാല്‍ പാവങ്ങള്‍ക്കുവേണ്ടി എന്നു പറയുന്ന സമരാഭാസം നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിഎസ്എന്‍എല്ലിലെ ജീവനക്കാര്‍ക്ക് ഇന്നുവരെ ബോണസ് ഇല്ലാതിരിക്കെ ബോണസ് നല്‍കാമെന്ന് പറഞ്ഞ് കരാര്‍ തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിടുന്നത് വിരോധാഭാസമാണെന്ന് ബിടിഇയു കേരളാ സര്‍ക്കിള്‍ പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് പറഞ്ഞു. 35,000 സാധാരണക്കാരായ ജീവനക്കാര്‍ക്ക് ധാരാളം പ്രശ്നങ്ങളുണ്ട്.
ഗ്രൂപ്പ് സി. വിഭാഗക്കാര്‍ക്ക് പ്രൊമോഷന് സംവിധാനമില്ല. എന്നാല്‍ അതൊന്നും പ്രശ്നമാക്കാതെ കരാര്‍ ജീവനക്കാരെ ഇളക്കിവിട്ട് സമരം നടത്തുകയാണ് ഇടതുപക്ഷ സംഘടനകള്‍ ചെയ്യുന്നത്. ബിടിഇയു വിലെ അംഗമായ രാജന് നായരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിടിഇയു കേരളാ സര്‍ക്കിള്‍ സെക്രട്ടറി തുളസീധരന്‍പിള്ള ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്.പത്മകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: