”നവീന ഭാരതമുടലെടുക്കട്ടേ! കലപ്പയേന്തിയ കര്‍ഷകന്റെ കുടിലില്‍ നിന്ന് ചെരുപ്പുകുത്തികളുടെ , തൂപ്പുകാരുടെ, മീന്‍ പിടുത്തക്കാരുടെ ചാളകളില്‍നിന്ന്, നവ ഭാരതം ഉയിര്‍ത്തെഴുന്നേല്‍ക്കട്ടേ! ഉയരട്ടെ,വഴിയരികില്‍ പാക്കും കടലയും, വില്‍ക്കുന്നവരുടെ ഇടയില്‍നിന്ന് ചെറുകടകളില്‍ നിന്ന് അവതരിക്കട്ടേ, ചന്തകളില്‍, അങ്ങാടികളില്‍, പണിപ്പുരകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ഇടയില്‍നിന്ന് നാട്ടിലും, കാട്ടിലും, മേട്ടിലും, മലയിലും അദ്ധ്വാനിക്കുന്നവര്‍ക്കിടയില്‍ ഇവര്‍ പ്രതികാര ബുദ്ധികൂടാതെ, ചിന്താ വിലാപ രഹിതരായിനിന്ന് ആയിരമായിരമാണ്ടുകളായി, ചൂഷണംസഹിച്ച് അഭൂതപൂര്‍വമായ സഹിഷ്ണുതാശക്തി നേടിയിട്ടുണ്ട്.
കാലാകാലങ്ങളായി അനുഭവിച്ച ദുഃഖ ഭോഗങ്ങളെ അതി ജീവിച്ച് നേടിയതാണ് അവരുടെ ഒന്നുകൊണ്ടും കെട്ടടങ്ങാത്ത വീര്യ ശക്തി. ഒരു പിടിച്ചോറുണ്ട് ഉലകം കീഴടക്കുവാന്‍ കെല്‍പ്പുള്ളവരാണ്. അര വയര്‍ നിറഞ്ഞാല്‍ അവരുടെ ശക്തി ത്രൈലോക്യം ജയിക്കും. ഓരോരുത്തനും ഓരോ രക്ത ബീജാസുരനാണ്. കൂടാതെ മൂന്നുലകവും തേടിയാല്‍ കിട്ടത്ത അത്യത്ഭുത സദാചാര ശുദ്ധിയും ബലവും ഇവര്‍ക്കുണ്ട്. എന്തൊരു ശാന്തി, പ്രീതി, എന്തൊരു സ്‌നേഹം!. മുറുമുറുപ്പു കൂടാതെ രാവും പകലും വേല ചെയ്യുവാനുള്ള കഴിവും, വേണ്ടേടത്ത് സിംഹപരാക്രമവും’.
















