രാമവാക്യം കേട്ട് ധര്‍മ്മബോധം വന്ന ബാലി രാമനില്‍ അധര്‍മ്മമൊന്നും കാണുന്നില്ലെന്ന് പറഞ്ഞു. താന്‍ തെറ്റുകാരനാണെന്ന് സ്വയം സമ്മതിച്ചു. ഞാന്‍ ബലഗര്‍വം നിമിത്തം ഉന്മത്തനായിപ്പോയി. അനേകം വീരാത്മാക്കളെ തേജോവധം ചെയ്ത് അപമാനിച്ചു. എന്റെ ഏക സഹോദരനെ അഗതിയാക്കി അവന്റെ ഭാര്യയെ സ്വഭാര്യയാക്കി. ലോകകണ്ടകനാണെന്നറിഞ്ഞിരുന്നിട്ടും രാവണനുമായി സഖ്യംചെയ്തു. ഞാന്‍ ദുഷ്‌കൃത്യങ്ങള്‍ പലതും ചെയ്തു. എന്റെ നെഞ്ചില്‍ തറച്ച അങ്ങയുടെ ബാണവും എന്റെ കണ്ണില്‍ പതിഞ്ഞ അങ്ങയുടെ രൂപവും ഞാന്‍ ശ്രവിച്ചു.
അങ്ങയുടെ വാക്കുകളും എന്റെ പാപമോചനത്തിനിടയായിത്തീരട്ടെ. കടുത്ത വാക്കുകള്‍ ഉപയോഗിച്ചതിന് ക്ഷമചോദിച്ചു. പുത്രനായ അംഗദന് അഭയംകൊടുക്കണമെന്നപേക്ഷിച്ചു സുഗ്രീവനോട് ശ്രീരാമസേവ നടത്തിക്കൊടുക്കാനും താരയേയും അംഗദനേയും രാജ്യത്തേയും രക്ഷിച്ചുകൊള്ളണമെന്നും നിര്‍ദ്ദേശിച്ചു. രാമന്‍ അംഗദന് അഭയം വാഗ്ദാനം ചെയ്തു. താനറിയാതെ ചെയ്തുപോയ ധിക്കാരത്തെ ക്ഷമിക്കണമെന്നപേക്ഷിച്ചു.
രാമശരമേറ്റ് ബാലി നിലംപതിച്ച വിവരം കാട്ടിലെല്ലാം പരന്നു. താര ഓടിവന്ന് ഭര്‍തൃശരീരം കെട്ടിപ്പിടിച്ച് മുറവിളികൂട്ടി. കരച്ചിലിന്നിടയില്‍ സുഗ്രീവ പത്‌നിയെ അപഹരിച്ചതിന്റെ ഫലമാണീ അനുഭവം എന്നവള്‍ പറഞ്ഞു. ഹനുമാന്‍ താരയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അംഗദനെ രാജാവാക്കാന്‍ ഉപദേശിച്ചു. അതൊന്നും അവള്‍ അനുസരിച്ചില്ല. അവള്‍ പ്രായോപവേശം ആചരിക്കാന്‍ തീര്‍ച്ചയാക്കി.
ബാലിയുടെ ശ്വാസം മന്ദഗതിയിലായി. സുഗ്രീവനെ അടുത്തുവിളിച്ചു ചെയ്തുപോയ തെറ്റുകള്‍ക്ക് മാപ്പപേക്ഷിച്ചു. സൗഹൃദം പുനഃസ്ഥാപിച്ചു. രാജ്യവും തന്റെ കഴുത്തിലുണ്ടായിരുന്ന കാഞ്ചനമാലയും സുഗ്രീവനുനല്‍കി അംഗദനെ രക്ഷിക്കണമെന്നും താരയെ ധിക്കരിക്കരുതെന്നും രാമകാര്യത്തില്‍ ഒരുതരത്തിലുള്ള ഉപേക്ഷയും കാണിക്കരുതെന്നും കാണിച്ചാല്‍ ശിക്ഷകിട്ടുമെന്നും പറഞ്ഞു.
അംഗദനോട് സുഗ്രീവാനുവര്‍ത്തിയായി വാഴണമെന്നും ഉപദേശിച്ചു. ശ്രീരാമന്‍ ബാലിയുടെ ദേഹം മന്ദംമന്ദം തലോടിക്കൊണ്ട് വക്ഷസ്സില്‍ നിന്നും അസ്ത്രം വലിച്ചൂരി. ബാലിക്ക് വേദന അനുഭവപ്പെട്ടില്ല. കണ്ണുകള്‍ ഊര്‍ദ്ധ്വ ദര്‍ശനങ്ങളായി. കരചരണങ്ങള്‍ നിശ്ചലങ്ങളായി. ഒരു ദിവ്യപ്രഭ മുഖത്ത് പ്രകാശിച്ചു. ആത്മാവ് ദേഹം വിട്ടുപിരിഞ്ഞു. താര ദുഃഖത്തിലാമഗ്നയായി മുറവിളികൂട്ടി. സുഗ്രീവനും പരിതാപ പരവശനായി.
















