സാധാരണ പ്രേക്ഷകരെ മുഷിപ്പിക്കാതെ തിയേറ്ററില്‍ നിന്നും പോകാന്‍ അനുവദിക്കുന്നത് പങ്കപ്പാടു പിടിച്ച പണിയാണ്. ഇതു വലിയ മുട്ടിപ്പില്ലാതെ ചെയ്തു എന്നതാണ് അയാള്‍ ഞാനല്ല എന്ന സിനിമ തരുന്ന ചെറു കുളിര്‍മ. പേരു കേള്‍ക്കുമ്പോള്‍ തോന്നുന്ന പുതുമ സിനിമയ്ക്കില്ലെങ്കിലും വെളിവും വെള്ളിയാഴ്ചയുമില്ലാതിറങ്ങുന്ന കോമാളി സിനിമകള്‍ക്കിടയില്‍ ആശ്വാസമാണ് ഈ ചിത്രം. സാധാരണ തലത്തില്‍ തുടങ്ങി അസാധാരണ നിലയിലേക്കൊന്നും പോകാതെ തന്നെ കാണിയെ മടുപ്പിക്കാതെ പിടിച്ചിരുത്താനുള്ള ചേരുവകളെല്ലാം വിനീത് കുമാറിന്റെ അയാള്‍ ഞാനല്ല എന്ന ചിത്രത്തിനുണ്ട്.
കൂടെയുള്ളവരെ നഷ്ടപ്പെടാതെ ചേര്‍ത്തു വെക്കാനും നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാനുമുള്ള പ്രകാശനെന്ന സാധാരണക്കാരന്റെ തത്രപ്പാടിനിടയില്‍ നടന് ഫഹദ് ഫാസിലുമായുള്ള സാദൃശ്യത്തില്‍ അയാള്‍ പെട്ടുപോകുന്നതും രക്ഷപെട്ട് ഗുജറാത്തിലെ കച്ചിലെത്തുന്നതും കൊതിച്ചത് ഒപ്പമാക്കുന്നതുമാണ് സിനിമയുടെ പ്രമേയം.അനുബന്ധ കഥകളോ അതു നിറയുന്ന പാത്രങ്ങളോ കേന്ദ്ര പ്രമേയാതിര്ത്തി കടക്കുന്നില്ല. പ്രകാശന് എന്ന നായകന്റെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ടാണ് ഇതിവൃത്തം വികസിക്കുന്നത്.
ഭൂമിയിലും പാതാളത്തിലുമില്ലാത്ത പ്രേമം കൊണ്ടു ചക്കിലാട്ടി മലയാള സിനിമയെ അലമ്പാക്കുന്ന കോപ്രായമൊന്നും അയാളില്‍ ഇല്ല. പ്രണയം സ്വാഭാവികമായുംഅതിന്റെ വഴിക്കു പോകുന്നു. നായകന് പെട്ടുപോകുന്ന പ്രശ്നങ്ങളുടെ സ്വാഭാവികത കൊണ്ട് പ്രേക്ഷകന് പ്രണയം മറന്നു പോകുന്നു. അവസാനമാണ് അങ്ങനെയൊന്ന് തിരിച്ചോര്ക്കുന്നത്. പ്രകാശന് നടന് ഫഹദ് ഫാസിലിനുമായി സാദൃശ്യമുണ്ടെന്ന് ആള്ക്കാര് തിരിച്ചറിയുമ്പോഴാണ് സാധാരണ സിനിമയില്‍ പറയുന്ന ട്വിസ്റ്റുണ്ടാവുന്നത്. അവിടം മുതല്‍ ഉദ്വേഗം വളരുന്നുണ്ട്.
കഥയുടെ പശ്ചാത്തല സ്വഭാവം ഗംഭീരമാക്കുന്നതാണ് ഗുജറാത്തിലെ കച്ച്്. ശ്്മശാന നിശബ്ദതയോടെ ഏകാന്ത വിശാലമായിക്കിടക്കുന്ന കച്ചിലെ ഒറ്റപ്പെട്ട റോഡും ടയര്‍ റീസോളിങ് കടയും പെട്രോള്‍ ബങ്കും വല്ലപ്പോഴും വന്നുപോകുന്ന വാഹനങ്ങളും പ്രകാശന്റെ പ്രശ്നഭരിതമായ ജീവിതത്തിന്റെ ഇരുണ്ട നിറം വ്യക്തമാക്കുന്നുണ്ട്്. പ്രകാശന്റെ വിധി നിര്‍ണയിക്കാന്‍ പാകത്തിലുള്ളതാണ് കച്ചിന്റെ വരണ്ട ഭാവം.ചിത്രത്തിന്റെ പകുതി ഭാഗവും കച്ചിലാണ്. അവസാനവും കച്ചു തന്നെ. അതു പക്ഷേ പ്രതീക്ഷയുടെ മുഖമാണ്്.കണ്ടുമടുത്ത ലൊക്കേഷനില്‍ നിന്നുള്ള മോചനം പ്രേക്ഷകന് ആസ്വാദനത്തിന് പുതിയ കാഴ്്ച നല്‍കും.
ഫഹദ്, ടി.ജി രവി,ടിനിടോം, ശ്രീകുമാര്‍ തുടങ്ങിയ ഏതാനും ചിലരൊഴികെയുള്ളവര് കാണികള്‍ക്ക് ചിരപരിചിതരല്ല. എങ്കിലും താന്താങ്ങളുടെ കഥാപാത്രങ്ങള്‍ അവരുടെ കൈകളില്‍ ഭദ്രം. പതിറ്റാണ്ടുകളായി കണ്ടു മടുത്ത മുഖങ്ങളില്‍ നിന്നും കഥാപാത്രങ്ങളുടെ ഇത്തരം മോചനം ഇനിയും സംവിധായകര്‍ക്കു പരീക്ഷിക്കാവുന്നതാണ്. ഫഹദിന്റെ നടന വൈഭവം നിരീക്ഷിക്കാന്‍ മാത്രമുണ്ട് പ്രകാശനില്‍ നിന്നും ഫഹദ്ഫാസില്‍ എന്ന കഥാപാത്രത്തിലേക്കുള്ളദൂരം. ഒരാള്‍ രണ്ടാളായിത്തീരും പോലെയുള്ള അവസ്ഥ.
പ്രശ്ന സഹജമായ ജീവിതത്തിനിടയിലും ആരിലും ഉണ്ടാകാനിടയുള്ള സ്വാഭാവിക നര്‍മ്മമാണ് ഇതിലെ ചിരി. എല്ലാവരിലും ചിരിയുളളതു കൊണ്ട് ചിരിപ്പിക്കാന്‍ മാത്രമായി ഹാസ്യനടന്മാരുടെ പേക്കൂത്താവശ്യമില്ലെന്ന് ഈ ചിത്രം തെളിയിക്കുന്നു. സാന്ദര്‍ഭിക ഹാസ്യം അല്ലെങ്കില്‍ സിറ്റിയുവേഷന്‍ കോമഡിയാണ് സിനിമയ്ക്കാവശ്യം. ഓരോ കഥാപാത്രത്തിന്റെയും നാവില്‍ നിന്നും വീഴുന്ന സംഭാഷണ ശകലങ്ങള്‍ ഇതിനു തെളിവാണ്.
പൊതു ഭാഷ സംസാരിച്ചിരുന്ന മലയാള സിനിമയില്‍ കുറച്ചു കാലമായി ചില കഥാപാത്രങ്ങള്‍ പ്രാദേശിക ഭാഷ സംസാരിക്കുന്നുണ്ട്. ഇതു മറ്റു പ്രാദേശികക്കാരെ സുഖിപ്പിക്കുന്നുമുണ്ട്. രാജമാണിക്യം എന്ന സിനിമയാണ് ഇത്തരം ഭാഷാ പ്രാദേശികം ഇടക്കു കൊണ്ടു വന്നത്. ഇത് തിരോന്തോരം കാണികള്ക്കിഷ്ടപ്പെടുകയും ചെയ്തു. ഇതു പക്ഷേ പ്രാദേശികം പറയുന്ന ചില കഥാപാത്രങ്ങളെ മനപ്പൂര്‍വം സൃഷ്ടിക്കുന്നതില്‍ വരെ എത്തിയിട്ടുണ്ട്്.അടുത്ത കാലത്ത് ചില സിനിമകളില്‍ ഇതു പക്ഷേ തനി തറയായും മാറിയിട്ടുണ്ട്. അയാളിലെ പ്രകാശന്റെ കൊയിലാണ്ടി ഭാഷ എന്തായാലും കലക്കി. കേട്ടിരുന്നു പോകും.
രഞ്ജിത്തിന്റെ കഥയ്ക്കു പുതുമയില്ലെങ്കിലും തുടക്കക്കാരന്റെ ഇടറാത്ത തിരക്കഥ കൊണ്ടും സംവിധാനത്താലും ശരാശരി സിനിമയുടെ അപ്പുറത്തേക്കു കടക്കാന്‍ വിനീത്കുമാറിന്റെ ആദ്യ സംരംഭത്തിനായി. തിരക്കഥാകൃത്തു തന്നെ സംവിധായകനായിത്തീര്ന്നതിന്റെ സ്വാതന്ത്ര്യംകൊണ്ടാവണം ഇത്. പലപ്പോഴും കെട്ടഴിഞ്ഞു പോകുന്ന നമ്മുടെ പുതുതലമുറ സിനിമാക്കാര്‍ക്കിടയില്‍ വിനീത് എന്തുകൊണ്ടും വ്യത്യസ്തനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: