പെരിന്തല്‍മണ്ണ: ജില്ലയില്‍ അനധികൃത സിം കാര്‍ഡ് വില്‍പ്പന വ്യാപകമാകുന്നതായി പരാതി. സിം കാര്‍ഡ് എടുക്കുന്നതിനായി ഉപഭോക്താക്കള്‍ നല്കുന്ന തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്ത് ഇത്തരത്തില്‍ സിം കാര്‍ഡ് വിറ്റഴിക്കുന്നത് മൊബൈല്‍ വ്യാപാരികള്‍ തന്നെയാണ്. വന്‍കിട മൊബൈല്‍ കമ്പനികളുടെ ഉയര്‍ന്ന കമ്മീഷനാണ് ഇങ്ങനെ ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.
റീചാര്‍ജ്ജ് കൂപ്പണുകളും, ഫഌക്സി റീചാര്‍ജ്ജുകളും ചെയ്യുമ്പോള്‍ ലഭിക്കുന്ന് വെറും നാല് ശതമാനം കമ്മീഷനാണ്. എന്നാല്‍ സിം കാര്‍ഡിന് 100 ശതമാനം വരെ കമ്മീഷന് ലഭിക്കും. അതുകൊണ്ട് തന്നെ സൗജന്യമായി സിം കാര്‍ഡ് നല്‍കാനും വ്യാപാരികള്‍ മത്സരിക്കുകയാണ്. കൂടുതല്‍ സിം കാര്‍ഡ് വില്‍ക്കുന്നവര്‍ക്ക് സമ്മാനപ്പെരുമഴ തന്നെയാണ് കമ്പനികള്‍ വാഗ്ദ്ധാനം ചെയ്യുന്നത്. മൊബൈല്‍ ഫോണ്‍, അയണ്‍ ബോക്സ്, വാഷിംഗ് മെഷീന്, ടെലിവിഷന്‍, റഫ്രിജറേറ്റര്‍, സ്വര്‍ണ്ണ നാണയം തുടങ്ങി വലുതും ചെറുതുമായ നിരവധി സമ്മാനങ്ങളാണ് സിം വില്‍പ്പനയിലൂടെ വ്യാപാരികള്‍ക്ക് ലഭിക്കുന്നത്. ഇതിന് വേണ്ടതാകട്ടെ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മാത്രം ഉപഭോക്താക്കളുടെ ഒപ്പ് പോലും വ്യാപാരികള്‍ തന്നെയാണ് ഇടുന്നത്.
എന്നാല്‍ സംശയം തോന്നുന്ന രേഖകള്‍ പിടിച്ചു വെക്കുന്നുണ്ടെന്നും വ്യാജമായ കണക്ഷനുകള്‍ ക്യാന്‍സല്‍ ചെയ്യാറുണ്ടെന്നുമാണ് മൊബൈല്‍ സേവന ദാതാക്കള്‍ പറയുന്നത്. പക്ഷേ ഇവര്‍ പലപ്പോഴും ചെയ്യുന്നതാകട്ടെ വെരിഫിക്കേഷനുവേണ്ടി ഒരു ഫോണ്‍ കോള്‍ മാത്രം. മേല്‍വിലാസം ആവശ്യപ്പെടുമ്പോള്‍ ആരുടെ പേരിലാണോ സിം എടുത്തത് അത് പറഞ്ഞാല്‍ മതി വെരിഫിക്കേഷന് പൂര്‍ത്തിയായി.
പലപ്പോഴും ഇത്തരത്തിലുള്ള വ്യാജ സിം കാര്‍ഡുകള്‍ എത്തിച്ചേരുന്നതാകട്ടെ കുറ്റവാളികളുടെ കൈകളിലും. ഫോണ്‍ വിളികളെ കേന്ദ്രീകരിച്ചുള്ള പല അന്വേഷണങ്ങള്‍ അവസാനം എത്തുന്നത് ഏതെങ്കിലും നിരപരാധിയിലായിരിക്കും. തന്റെ പേരില്‍ ഒരു സിം ഉണ്ടെന്ന് അറിയുന്നത് പോലും അപ്പോഴായിരിക്കും. വ്യക്തമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കണക്ഷന് നല്‍കാവൂ എന്നാണ് നിയമം. പക്ഷേ ഇത് പലപ്പോഴും ലംഘിക്കുപ്പെടുന്നു. തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്തെടുക്കുന്ന സിം കാര്‍ഡുകള്‍ കൂടുതലും ഉപയോഗിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. ഇത്തരം സിം കാര്‍ഡിന് വ്യാപാരികള്‍ ഇരട്ടി തുകയാണ് ഈടാക്കുന്നത്.
നമ്പര്‍ മാറ്റാതെ തന്നെ മറ്റൊരു സര്‍വീസിലേക്ക് മാറാനുള്ള സൗകര്യമാണ് നമ്പര്‍ പോര്‍ട്ടബിലിറ്റി. ഈ സംവിധാനം വന്നതോടെ വ്യാജ സിം വില്‍പ്പന വര്‍ദ്ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു നമ്പര്‍ മൂന്ന് മാസം ഉപയോഗിച്ചാല്‍ പോര്‍ട്ടബിലിറ്റി സേവനം പ്രയോജനപ്പെടുത്താം. ഇങ്ങനെ പുതിയതായി എത്തുന്ന ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകളാണ് കമ്പനികള്‍ നല്‍കുന്നത്.
ചെറിയ ലാഭത്തിന് വേണ്ടി ചെയ്യുന്ന പ്രവര്‍ത്തികള്‍ ദേശവിരുദ്ധമായി മാറുന്നത് വ്യാപാരികള്‍ അറിയുന്നില്ല. കൃത്യമായ അന്വേഷണം നടത്തിയതിന് ശേഷം മാത്രം സിം കാര്‍ഡുകള്‍ നല്കിയാല് മാത്രമെ ഇതിനൊരു പരിഹാരമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: