കോഴിക്കോട്: ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് വിഭാഗം ആരംഭിച്ച സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെങ്ങും പരിശോധന കര്‍ശനമാക്കി. സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ച ആഗസ്റ്റ് അഞ്ചു മുതല്‍ ഇതിനകം 140 റെയ്ഡുകള്‍ നടത്തി. പോലീസ്, ഫോറസ്റ്റ്, റവന്യൂ വിഭാഗങ്ങളുമായി സഹകരിച്ച നടത്തിയ ആറു സംയുക്ത റെയ്ഡുകള്‍ക്കു പുറമെയാണിത്.
ഈ കാലയളവില്‍ 30 അബ്കാരി കേസുകള്‍, രണ്ട് മയക്കുമരുന്ന് കേസുകള്‍, പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട (കോട്പ) 12 കേസുകള്‍ എന്നിവ ഫയല്‍ ചെയ്തു. 19 പ്രതികളെ അറസ്റ്റ് ചെയ്തു പരിശോധനയില്‍ 32 ലിറ്റര്‍ ചാരായം, 92 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 79 ലിറ്റര്‍ മാഹി നിര്‍മ്മിത വിദേശദ്യം, 4.5 ലിറ്റര്‍ ഗോവ നിര്‍മ്മിത വിദേശമദ്യം, 110 ഗ്രാം കഞ്ചാവ് എന്നിവയും ഒരു വാഹനവും പിടിച്ചെടുക്കുകയും 1061 ലിറ്റര്‍ വാഷ് നശിപ്പിക്കുകയും ചെയ്തു. 178 ലൈസന്‍സ്ഡ് സ്ഥാപനങ്ങളില്‍ പരിശോധനയും നടത്തി.
വടകരയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ 10 കിലോ വെള്ളി കണ്ടെടുക്കുകയും വാണിജ്യനികുതി വകുപ്പിന് കൈമാറി ഉടമകളില്‍ നിന്ന് 30,000 രൂപ പിഴ ഈടാക്കുകയും ചെയ്തതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ സുരേഷ് അറിയിച്ചു.
സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലാതല എക്സൈസ് കണ്ട്രോള് റൂം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വ്യാജമദ്യം, മയക്കുമരുന്ന്, മദ്യക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 0495-2372927 നമ്പറില്‍ വിളിച്ച് അറിയിക്കാം. സുപ്രധാന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. അവരുടെ പേര് വിവരങ്ങള്‍ രഹസ്യമാക്കിവയ്ക്കും. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കാന്‍ കോഴിക്കോട്, വടകര കേന്ദ്രമായി രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിനു പുറമെ അനധികൃത സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ സൂക്ഷിപ്പ്, കടത്ത്, ഉല്‍പ്പാദനം, വിപണനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുന്നതിന് ഓരോ റെയിഞ്ച് ഓഫീസിനു കീഴിലും രണ്ട് പേരെ വീതം നിയോഗിച്ചിട്ടുണ്ട്.
സ്കൂളുകള്‍, കോളജുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനായി ഷാഡോ എക്സൈസും പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്.
ഇക്കാര്യത്തില്‍ ജനങ്ങളുടെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ, നിയോജക മണ്ഡലം, താലൂക്ക്, പഞ്ചായത്ത് തല ജനകീയ കമ്മറ്റികള്‍ വിളിച്ചുചേര്‍ക്കാനും പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: