മേപ്പയൂര്‍: പുലപ്രക്കുന്ന് സാംബവ കോളനി നിവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം മേപ്പയൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. കഴിഞ്ഞ ആഴ്ച ജില്ലാ കലക്ടര്‍ പ്രശാന്ത് എന്‍. നായര്‍ പുലപ്രക്കുന്ന് കോളനി സന്ദര്‍ശിച്ചിരുന്നു.
എപിഎല്കാര്ഡുകള് ബിപിഎല്‍ ആക്കണം, വൈദ്യുതി, കുടിവെള്ളം, വീട് പുനര്‍നിര്‍മ്മാണം, അറ്റകുറ്റപ്പണി, കക്കൂസ്, റോഡ്, തെരുവ് വിളക്കുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കിത്തരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. മുല്ലപ്പള്ളി രാമചന്ദ്രന് എം.പി.യുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് കുഴല്‍കിണര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പഞ്ചായത്ത് രേഖകള്‍ പരിശോധിച്ച് അനുവാദ പത്രിക ലഭിക്കുന്ന മുറക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകും. നാല് തെരുവ് വിളക്കുകള്‍ ഉടനടി കോളനിയില്‍ സ്ഥാപിക്കുന്നതിനും തീരുമാനമായി.
മൂന്നുവീടുകള്‍ പുതുക്കിപണിയുന്നതിനും ഒരു വീടിന്റെ റിപ്പയറിംഗിനും അടിയന്തരമായി ധനസഹായം നല്‍കും. നിലവില്‍ ഉപയോഗിക്കാത്ത ഭൂമി പുതിയ ആവശ്യക്കാര്‍ക്ക് മുന്‍ഗണന ക്രമത്തില്‍ നല്‍കും.
വീടുകള്‍ പുനരുദ്ധരിച്ച് വയറിംഗ് പൂര്‍ത്തിയാക്കുന്ന മുറക്ക് സൗജന്യ വൈദ്യുതി കണക്ഷന് ലഭ്യമാക്കും. കോളനിയിലെ ട്രാവല്‍ ആന്റ് ടൂറിസം മാനേജ്മെന്റ് ബിരുദധാരിണിയായ അശ്വതിക്ക് ജോലി ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
കൊയിലാണ്ടി താലൂക്ക് തഹസില്‍ദാര്‍ സജീവ് ദാമോദര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ സി.കെ. രവി, വില്ലേജ് ഓഫീസര്‍ കെ. അനില, വില്ലേജ് അസിസ്റ്റന്റ് ജിനുരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ. രാജീവന്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ. പത്മരാജന്, ബ്ലോക്ക് പട്ടികജാതി ഓഫീസര്‍ ശ്രീലത, കെഎസ്ഇബി അസി. എന്‍ജിനീയര്‍ ബി. വിജയകുമാര്‍, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, അഡ്വ. പി. രജിലേഷ്, പി.കെ. പ്രയേഷ്കുമാര്, കോളനി കണ്‍വീനര്‍ രതീഷ് പുലപ്രക്കുന്ന് മുജീബ് കോമത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: