കല്‍പ്പറ്റ : കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വയനാട്ടിലെത്തുന്ന ആഗസ്റ്റ് 20ന് വയനാട് ഭൂസംരക്ഷണ സമരസമിതി ജില്ലാ കളക്ടറേറ്റ് ഉപരോധിക്കും. വനവാസികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ഭൂമിയില്ലാതെ സര്‍ക്കാരിന് അപേക്ഷ നല്‍കി കാത്തിരിക്കുകയും നിരവധി ആദിവാസിസംഘടനകള്‍ ഭൂമിക്കായി സമരത്തിന്റെ പാത പിന്തുടരുകയും ചെയ്യുമ്പോള്‍ ആദിവാസികള്‍ക്ക് നല്‍കാന്‍ ഭൂമി ഇല്ലെന്നുപറയുന്ന സര്‍ക്കാര്‍ വയനാട്ടില്‍ െ്രെകസ്തവസഭകള്‍ക്ക് സൗജന്യമായി കോടികള്‍ വിലമതിക്കുന്ന ഭൂമി പതിച്ചുനല്‍കിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഉപരോധം.
വയനാട്ടില്‍ നിലവിലെ കണക്കനുസരിച്ച് 4272 പേര്‍ മൂന്ന് സെന്റ് സ്ഥലത്തിനും 6500 ല്‍ അധികംപേര്‍ ആശിക്കും ഭൂമി പദ്ധതി പ്രകാരവും ഭൂമിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കൊന്നും നല്‍കാന്‍ ഭൂമി ലഭ്യമല്ലെന്നാണ് സംസ്ഥാന ഭരണക്കാരുടെ വാദഗതി. എന്നാല്‍ ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിരവധി ഹെക്ടര്‍ ഭൂമി വിവിധ െ്രെകസ്തവ സഭകള്‍ക്കായി പതിച്ചുനല്‍കാന്‍ മത്സരിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍.
മാനന്തവാടി താലൂക്കില്‍ എടവക വില്ലേജില്‍ എടച്ചേന ദേശത്ത് 14 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഏക്കറിന് 100 രൂപ തോതില്‍ കല്ലോടി സെന്റ് ജോര്‍ജ് ദേവാലയത്തിന് നല്‍കാന്‍ ഉത്തരവായത് 2015 മെയ് 23ന് ആണ്. ഇതിനുപിന്നാലെ ജൂണ്‍ എട്ടിന് ജിഒഎംഎസ് 240/2015 ാം നമ്പര്‍ ഉത്തരവ് പ്രകാരം 5.18 ഏക്കര്‍ റവന്യു ഭൂമി 1956ലെ ഭൂ വില കണക്കാക്കി ബത്തേരി കുപ്പാടി വില്ലേജിലെ സെന്റ് മേരീസ് പള്ളിക്ക് നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്. പഴൂര്‍ സെന്റ് ആന്റണി പള്ളിക്ക് അഞ്ച് ഏക്കര്‍ ഭൂമിയും പതിച്ചുനല്‍കാന്‍ ഉത്തരവായി. മൂന്ന് സ്ഥലങ്ങളിലും സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത് പാട്ടക്കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നിര്‍മ്മാണപ്രവൃത്തികള്‍ നടത്തിയ ഭൂമിയാണിത്. പാട്ടകാലാവധി കഴിഞ്ഞ ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുകൊടുക്കണമെന്ന് വിവിധകാലങ്ങളില്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയ ഭൂമികളുമാണിത്.
സര്‍ക്കാരിന്റെ ജനവഞ്ചനയില്‍ പ്രതിഷേധിച്ച് വയനാട് ഭൂസംരക്ഷണ സമര സമിതി ജൂലൈ എട്ടിന് വയനാട് കളക്ടറേറ്റ് പടിക്കല്‍ ഉപവാസം നടത്തിയിരുന്നു. സമിതി കേരളാ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് പെറ്റീഷന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഭൂമി പതിച്ചുനല്‍കല്‍ നടപടി റദ്ദ് ചെയ്തിരുന്നു. എന്നാല്‍ കോടതി ഉത്തരവ് കാറ്റില്‍ പറത്തി മുന്‍കാല തിയതിയോടെ െ്രെകസ്തവ സഭകള്‍ക്ക് പട്ടയം അനുവദിക്കുകയായിരുന്നു. ഇതിനുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുത്തത് വയനാട് ജില്ലാഭരണകൂടമാണ്. ഇതിനെതിരെയാണ് സമിതി വീണ്ടും സമരരംഗത്തിറങ്ങുന്നതെന്ന് വയനാട് ഭൂസംരക്ഷണ സമരസമിതി കണ്‍വീനര്‍ കെ.മോഹന്‍ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: