തിരുവനന്തപുരം: കക്ഷിരാഷ്ട്രീയം നോക്കാതെ ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ പെന്‍ഷന്‍കാര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് എം.ജി. പുഷ്പാംഗദന്. അതിനായി പെന്‍ഷന്‍കാരുടെ ഐക്യനിര ഉണ്ടാക്കാന്‍ പെന്‍ഷനേഴ്സ് സംഘ് നേതൃത്വം നല്‍കും. കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും തമ്മിലുള്ള വിവേചനം നിലനില്ക്കുന്നു. കേന്ദ്ര മാനദണ്ഡമനുസരിച്ചുള്ള ആനുകൂല്യം, ആരോഗ്യമേഖലയിലെ പരിഷ്കരണം തുടങ്ങിയവ പെന്ഷന് പരിഷ്കരണ റിപ്പോര്‍ട്ടിലില്ല. റിപ്പോര്‍ട്ട് നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകാനാണ് സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പെന്‍ഷന്‍കാര്‍ക്കുവേണ്ടി കാലാനുസൃതമായ ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതില്‍ പെന്‍ഷനേഴ്സ് സംഘ് എന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘിന്റെ ജില്ലാ സമ്മേളനം കെ. ബാലചന്ദ്രന് നഗറില്‍ (ഹോട്ടല്‍ റീജന്‍സി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്തുവര്ഷത്തിലൊരിക്കല് പെന്ഷന് പരിഷ്കരണം മതി എന്നുള്ള സര്‍ക്കാര്‍ നിലപാട് അംഗീകരിക്കില്ല. പരിഷ്കരണം അഞ്ചുവര്ഷത്തിലൊരിക്കലാക്കണം. പതിറ്റാണ്ടുകള്‍ ജനസേവനം നടത്തിയ പെന്‍ഷന്‍കാരോട് സര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് പുലര്‍ത്തുന്നത്. ഓണത്തിന് നാമമാത്രമായ ഉത്സവബത്ത നല്കി പെന്‍ഷന്‍കാരെ സര്‍ക്കാര്‍ അവഹേളിക്കുകയാണ്. രൂക്ഷമായ വിലക്കയറ്റം നിലനില്ക്കുമ്പോള് കൂലിപ്പണിക്കാരന്റെ ഒരുദിവസത്തെ കൂലിയുടെ അടുത്തുപോലും വരുന്നില്ല പെന്‍ഷന്‍കാരുടെ ഉത്സവബത്ത. ഓണപ്പരീക്ഷ വേണ്ടെന്നു വച്ച സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് ഭാവിയില്‍ ഓണാഘോഷവും വേണ്ടെന്നു വച്ചേക്കാം. ഇക്കാര്യത്തില്‍ പെന്ഷന് സംഘടനകളുടെ പ്രതികരണം ശക്തമാക്കണം. സംസ്ഥാനത്തെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനാണ് കേന്ദ്രത്തിനെതിരെ യുഡിഎഫും എല്‍ഡിഎഫും സമരം ചെയ്യുന്നത്. വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാതെ സംസ്ഥാനസര്‍ക്കാര്‍ കുറ്റം മുഴുവന്‍ കേന്ദ്രസര്‍ക്കാരിനു മേല്‍ കെട്ടിവയ്ക്കുകയാണ്. ഇത് കേരളത്തില്‍ ബിജെപിയിലേക്കുള്ള ജനങ്ങളുടെ ഒഴുക്കുതടയാനുള്ള കുത്സിതശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നത്തെ ആഗോള കാഴ്ചപ്പാടില്‍ ലോകം മാര്‍ക്കറ്റും ജീവിതം വ്യാപാരവും ലക്ഷ്യം പണമുണ്ടാക്കലുമാണെന്ന് മുഖ്യപ്രഭാഷകനായ ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് പ്രൊഫ. എം.എസ്. രമേശന് പറഞ്ഞു. ലോകത്തെ കുടുംബമായി കാണുന്നതാണ് ഭാരതീയ കാഴ്ചപ്പാട്. ലോകവും സംസ്കാരവും രൂപപ്പെടുന്നത് സാമ്പത്തികശക്തിയാലല്ല ആധ്യാത്മികതയിലാണെന്ന് ഭാരതം വിശ്വസിക്കുന്നു. സ്വദേശിവത്കരണം, മാതൃശാക്തീകരണം, പ്രകൃതിസംരക്ഷണം ഒക്കെ അതില്‍ നിന്നുദ്ഭവിച്ചതാണ്. അതിന് പ്രേരകമായ ധര്മത്തില് അടിയുറച്ച ഏകാത്മമാനവ ദര്‍ശനമാണ് പെന്‍ഷനേഴ്സ് സംഘ് പോലുള്ള സംഘപരിവാര്‍ സംഘടനകളുടെ പ്രത്യയശാസ്ത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെന്‍ഷനേഴ്സ് സംഘ് ജില്ലാപ്രസിഡന്റ് റ്റി. പദ്മനാഭന് നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി. രാമചന്ദ്രന്‍നായര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഭാകരന്‍നായര്‍, ട്രഷറര്‍ സുധാകരന്‍നായര്‍, നേതാക്കളായ ആര്. കേശവന്നായര്, പി.റ്റി. ശ്രീകുമാരന്‍ തമ്പി, ബി. രാധാകൃഷ്ണന്‍നായര്‍, ബിഎംഎസ്, ജില്ലാ ജോയിന്റ് സെക്രട്ടറി സതീശന് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ അമൃത ടിവി എക്സിക്യൂട്ടീവ് എഡിറ്റര്‍ ഹരി എസ്. കര്‍ത്ത ജനാധിപത്യവും മാധ്യമപ്രവര്‍ത്തനവും എന്ന വിഷയം അവതരിപ്പിച്ചു. ഫെറ്റോ സംസ്ഥാന സെക്രട്ടറി എസ്.കെ. ജയകുമാര്‍, എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് വി. രാധാകൃഷ്ണന്, പെന്‍ഷനേഴ്സ് സംഘ് വൈസ് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്‍നായര്‍, ആര്. സദാശിവന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പെന്‍ഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി കെ.പി. രാമചന്ദ്രന്‍നായര്‍ വാര്‍ഷികറിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ വി. രാമചന്ദ്രന്‍നായര്‍ വരവു ചെലവു കണക്കും അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: