കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്വതന്ത്ര ചിന്തയും നവീന ആശയങ്ങളും പ്രോല്‍സാഹിപ്പിക്കാന്‍ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ഇനൊവേഷന്‍ ക്ലബ്ബുകള്‍ വരുന്നു. ജില്ലാ തലത്തില്‍ പുതുതായി രൂപീകൃതമായ ഇനൊവേഷന്‍ കൗണ്‍സിലിന്റേതാണ് തീരുമാനം.
ഉത്തരങ്ങളെഴുതാന്‍ മാത്രം ശീലിച്ച വിദ്യാര്‍ത്ഥികളെ ചോദ്യങ്ങളുന്നയിക്കാന്‍ പ്രാപ്തരാക്കിയാല്‍ മാത്രമേ അവരില്‍ നവീന ചിന്തയും ക്രിയാത്മകതയും വളര്‍ത്തിയെടുക്കാനാവൂ എന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അഭിപ്രായപ്പെട്ടു. പുതിയ വെല്ലുവിളികളേറ്റെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനും അവരില്‍ പ്രശ്നപരിഹാരത്തിനുള്ള കഴിവ് വളര്‍ത്തിയെടുക്കാനും ഇതിലൂടെ സാധ്യമാവും. ഇതിന്റെ ആദ്യപടിയെന്നോണമാണ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനൊവേഷന്‍ ക്ലബ്ബുകള്‍ രൂപീകരിക്കുന്നത്. പാഠ്യക്രമങ്ങളുടെ പതിവ് ചട്ടക്കൂടുകള്‍ക്ക് പുറത്തുകടന്ന് അതിരുകളില്ലാത്ത ഭാവനയുടെ ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ നയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.കലക്ടറേറ്റില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ സ്റ്റേറ്റ് ഇനൊവേഷന്‍ കൗണ്‍സില്‍ അംഗം ഡോ. തോമസ് ജോസഫ്, ഐഐഎമ്മിലെ പ്രൊഫ. ഡോ. സജി ഗോപിനാഥ്, എന്‍ഐടിയിലെ പ്രൊഫ. ഡോ. സി.ബി ശോഭന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം. സുരേഷ്, ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ മേഴ്സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: