കാലം മാറുകയാണ്, മനുഷ്യന്റെ പ്രവൃത്തികളിലൂടെ. വല്ലാത്ത ഒരു അവസ്ഥയിലേക്കാണ് സമൂഹത്തിന്റെ പോക്ക്. ഒരു ഒളിച്ചോട്ടമോ, കൊലപാതകമോ, പീഡനമോ, അഴിമതിയോ ഇല്ലാതെ ഒരു ദിനം പോലും കടന്നുപോകുന്നുമില്ല. എന്താണ് ഈ മൂല്യച്യുതിക്ക് കാരണം?. ആരെ വഞ്ചിച്ചിട്ടാണെങ്കിലും തന്‍കാര്യം നടക്കണമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം പെരുകുന്നു. പീഡനവും അഴിമതിയുമെല്ലാം തുടര്‍ക്കഥയായിട്ട് നാളേറെയായി. ഇതുപോലെതന്നെ ഗൗരവം അര്‍ഹിക്കുന്ന മറ്റൊരു വിഷയമാണ് കുട്ടികളുടെ ഒളിച്ചോട്ടം. പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ. എവിടേയ്ക്കാണ് ഇവര്‍ പോകുന്നത്. വീടുവിട്ടിറങ്ങാന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്താണ്. പലപ്പോഴും ഉത്തരമില്ലാത്ത സമസ്യയായി ഇതുമാറുന്നു. അടുത്തിടെയുണ്ടായ കോന്നി സംഭവം തന്നെ ഉദാഹരണം. വീടുവിട്ടിറങ്ങിയത് തനിച്ചല്ല, സുഹൃത്തുക്കള്ക്കൊപ്പമാണെന്നതാണ് ശ്രദ്ധേയം. ഇവരെയെല്ലാം ഒരുപോലെ ബാധിച്ച പ്രശ്നമെന്താണ്?. ദൂരൂഹതകള്‍ അവശേഷിപ്പിച്ചുകൊണ്ട് ആ കുട്ടികള്‍ ജീവിതം അവസാനിപ്പിച്ചപ്പോള്‍ ഇല്ലാതായത് അവരുടെ മാതാപിതാക്കള്‍ കണ്ട ഒരുപിടി സ്വപ്നങ്ങളാണ്.
രണ്ട് വര്‍ഷം മുമ്പ് നെടുമങ്ങാടും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങിയിയിരുന്നു. പ്രേമമാണ് ഇവിടെ വില്ലനായത്. ഇതിലൊരു കുട്ടിക്ക് ഒരാളോടുതോന്നിയ അടുപ്പമാണ് മറ്റ് സുഹൃത്തുക്കളേയും കുരുക്കിലാക്കിയത്. തക്ക സമയത്ത് വീട്ടുകാര്‍ കണ്ടെത്തി ഇടപെട്ടതുകൊണ്ട് കുട്ടികള്‍ സുരക്ഷിതരായി. പഠിക്കേണ്ട പ്രായത്തില്‍ കുട്ടികളുടെ ചിന്തകള്‍ എങ്ങനെയാണ് വഴിതെറ്റിപ്പോകുന്നത്. സോഷ്യല്‍ മീഡിയയുടെ പങ്ക് ഇക്കാര്യത്തില്‍ വളരെ വലുതാണ്. സൗഹൃദത്തിന്റെ വിശാലലോകമാണ് അവര്‍ക്കുമുന്നില്‍ തുറന്നുകിട്ടുന്നത്. പരിചയമില്ലാത്തവരോട് ഒരു ഹായ് പറച്ചിലില്‍ തുടങ്ങുന്ന ബന്ധം, മറ്റുപലതിലേക്കും വഴിമാറുന്നു. പക്വതയില്ലാത്ത പ്രായത്തില്‍ തോന്നുന്ന വികാരത്തിനടിപ്പെട്ട് പഠനംപോലും ഒരു കാട്ടിക്കൂട്ടലായി മാറുന്നു. മാതാപിതാക്കളോടുള്ളതിനേക്കാള്‍ വിശ്വാസം ഇന്നലെ പരിചയപ്പെട്ട അപരിചിതനോട് തോന്നുമ്പോള്‍ ആരാണ് യഥാര്‍ത്ഥ കുറ്റക്കാര്‍. ചിന്തിക്കുകയും അതിനനുസരിച്ച് പ്രവൃത്തിക്കുകയും ചെയ്തില്ലെങ്കില്‍ ദുരന്തങ്ങള്‍ സമൂഹത്തില്‍ നിന്നും ഒഴിയാതെ നില്ക്കും.
കാരണം കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട്. എല്ലാം നിന്റെ പിഴയാണെന്ന് പറഞ്ഞ് പരസ്പരം കുറ്റപ്പെടുത്തേണ്ടതിന് പകരം നമ്മള് എങ്ങനെയൊക്കെ മാറണം എന്നതാവണം ചിന്ത. മാതാപിതാക്കളും കുട്ടികളും അധ്യാപകരും വിചാരിച്ചാല്‍ത്തന്നെ വലിയൊരു പരിവര്‍ത്തനം സാധ്യമാകും. ഭാരതീയ പൈതൃക സന്ദേശങ്ങള്‍ അടുത്ത തലമുറയ്ക്ക് പകര്‍ന്ന് നല്‍കേണ്ടത് മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കടമയും, ദൗത്യവുമാണ്. വിദ്യാലയങ്ങളില്‍നിന്ന് കുട്ടികള്‍ക്ക് വളരെ പരിമിതമായ അറിവേ ലഭിക്കുന്നുള്ളു. പാഠപുസ്തകങ്ങളില്‍ നിന്നും കിട്ടുന്ന ആ അറിവ് ജീവിതം എന്തെന്ന് പഠിപ്പിക്കുന്നുമില്ല.
ഈ കാലഘട്ടം അധര്‍മ്മവും, അനീതിയും, അഴിമതിയും, ഭീകരവാദവും കൊടികുത്തി വാഴുന്നതാണ്. വിലകൊടുത്തു വാങ്ങിയ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുകളുപയോഗിച്ച് ഡോക്ടര്‍മാരും, എന്‍ജിനീയര്‍മാരും, വക്കീലന്മാരും മാത്രമല്ല വിദ്യാഭ്യാസ രംഗത്ത് വൈസ് ചാന്‍സലര്‍വരെയുള്ള ഉന്നതപദവികള്‍ നേടിയെടുക്കുന്നു. പിന്നത്തെക്കാര്യം പറയുകയും വേണ്ട. കുറുക്കു വഴികളിലൂടെ സ്ഥാനമാനങ്ങള്‍ നേടാനും പണം സമ്പാദിക്കാനുമുള്ള ആര്‍ത്തിയും മത്സരവുമാണ് എവിടെയും കാണുന്നത്. ഇതു തുടര്‍ന്നാല്‍ സമൂഹത്തില്‍ ദൂരവ്യാപകമായ നാശനഷ്ടങ്ങളും ദുരന്തങ്ങളും സംഭവിക്കുമെന്നതില്‍ സംശയമില്ല. നമ്മുടെ കുട്ടികള്‍ തിന്മയുടെ മാര്‍ഗ്ഗത്തിലേക്ക് പോകാതിരിക്കാന്‍ നാം എന്താണ് ചെയ്യേണ്ടത്? പില്ക്കാലത്ത് അവര്‍ നമ്മളെ കുറ്റപ്പെടുത്താനും നമുക്ക് കുറ്റബോധം തോന്നാനുമുള്ള അവസരങ്ങള്‍ ഉണ്ടാകാതെ നോക്കണം.
വഴിനടത്താം, നന്മകളിലൂടെ
ഭാരതത്തിലെ ഋഷി പരമ്പര നമുക്ക് ഉപദേശിച്ചു തന്നിട്ടുള്ളതെന്താണ്?
‘സത്യം വദ: ധര്‍മ്മം ചര:’ സത്യം മാത്രം പറയണം, ധര്‍മ്മ മാര്‍ഗ്ഗങ്ങളിലൂടെ മാത്രം ജീവിതം നയിക്കണം. ‘സത്യമേവ ജയതേ!’ എന്ന വാക്യം ഋഷി പ്രോക്തമാണ്. ജീവിത ലക്ഷ്യത്തിലെത്താനുള്ള നേരായ മാര്‍ഗ്ഗം എന്താണെന്ന് മനസ്സിലാക്കി പ്രവൃത്തിയില്‍ കൊണ്ടുവരണം. നന്മതിന്മകള് തിരിച്ചറിയാനുള്ള കഴിവുകള്‍ ഉണര്‍ത്തണം. ജീവിത വിജയം നേടാന്‍ മക്കളില്‍ ഇച്ഛാശക്തിയും, ജ്ഞാനശക്തിയും, ക്രിയാശക്തിയും വളര്‍ത്തിയെടുക്കണം.
ശൈശവത്തില്‍ മൂന്നാം വയസ്സുമുതല്‍ പഠിക്കാനും പഠിപ്പിക്കാനും ആരംഭിക്കണം. കഥകളില്‍ നിന്നുമുള്ള സന്ദേശങ്ങളും അനുഭവങ്ങളിലൂടെ പഠിച്ച പാഠങ്ങളും പറഞ്ഞുകൊടുക്കണം.
ആറു വയസ്സാകുന്നതോടെയാണ് കുട്ടികള്‍ സംശയങ്ങള്‍ തീര്‍ക്കാനായി ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുന്നത്. അതിനു സത്യസന്ധമായി, യുക്തിയുക്തമായി ഉത്തരങ്ങള്‍ നല്‍കണം.
വളരെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലേക്കാണ് 9-10 വയസ്സാകുമ്പോള്‍ എത്തിച്ചേരുന്നത്.
അപ്പോള്‍ മുതിര്‍ന്നവരോട് വാദിക്കാനും തര്‍ക്കിക്കാനുമുള്ള വാസനയാകും കൂടുതല്‍. വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. ഉപദേശങ്ങള്‍ സ്വീകരിക്കാനും അഭിപ്രായങ്ങളെ ആദരിക്കാനുമുള്ള മാനസികാവസ്ഥയിലേക്ക് അവരെ നയിക്കണം. അവര്‍ക്ക് സമയമുള്ളപ്പോള്‍ നമുക്ക് സമയമുണ്ടാകണം, അവര്‍ക്ക് സമയമില്ലാത്തപ്പോള്‍ നമ്മള് പറയുന്നത് ശ്രദ്ധിക്കുകയോ ഉപദേശങ്ങള്‍ സ്വീകരിക്കുകയോ അവ പ്രാവര്‍ത്തികമാക്കാനുള്ള സാധ്യതകളും കുറവാണെന്ന് അറിഞ്ഞുവേണം പ്രവൃത്തിക്കാന്‍.
കുട്ടികള്‍ പറയുന്നത് കേള്‍ക്കാന്‍ മാതാപിതാക്കള്‍ക്ക് സമയമുണ്ടാകണം. അങ്ങനെയല്ലാതെ വരുമ്പോഴാണ് കുട്ടികള്‍ സ്നേഹവും കരുതലും കിട്ടുന്നു എന്ന് തോന്നുന്നിടത്തേയ്ക്ക്, ശരിയും തെറ്റും മനസിലാക്കാതെ ചായുന്നത്. പ്രത്യേകിച്ച് കൗമാരത്തിലേക്ക് കാലൂന്നുന്ന സമയത്ത്.
വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് ജീവിത മൂല്യങ്ങള്‍ പകര്ന്നുനല്കുന്നതിന് അധ്യാപകര്‍ക്ക് വളരെ പരിമിതികളുണ്ട്. ആഴ്ചയില്‍ 35 മണിക്കൂറാണ് (5ഃ7) കുട്ടികള്‍ സ്കൂളില്‍ സമയം ചിലവിടുന്നത്. ബാക്കി സമയം വീട്ടിലും പുറത്തുമായി ചിലവിടുന്നു. അപ്പോള്‍ മൂല്യാധിഷ്ഠിത അറിവുകള്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നാണ് ലഭിക്കേണ്ടത്.
കുടുംബാംഗങ്ങളും, കൂട്ടുകാരും കുട്ടികളുടെ സ്വഭാവരൂപികരണത്തിലും അറിവ് സമ്പാദനത്തിലും ഭാവിജീവിതം കരുപ്പിടിപ്പിക്കുന്നതിലും, വലിയ പങ്ക് വഹിക്കുന്നു. കുടുംബാംഗങ്ങള്‍ക്കിടയിലെ സ്നേഹബന്ധങ്ങളും നന്മ നിറഞ്ഞ ചിന്തകളും പ്രവൃത്തികളും അതിനെല്ലാം അടിസ്ഥാനമായ ഈശ്വരവിശ്വാസവും എല്ലാം ആവശ്യമാണ്. ഇവിടെയാണ് മാതാപിതാഗുരുദൈവം എന്ന ചൊല്ലിന് പ്രസക്തി. ഇവരെല്ലാവരും ദൈവത്തിന് സമാനരായിക്കണ്ട് ആദരിക്കപ്പെടെണ്ടവരാണ്.
മുതിര്‍ന്നവരെ ആദരിക്കുകയെന്നത് ഭാരതീയ സംസ്കാരത്തിലധിഷ്ഠിതമായ പ്രവൃത്തിയാണ്. അവസരം വരുമ്പോളെല്ലാം മക്കളെ അനുമോദിക്കാനും അനുഗ്രഹിക്കാനും മടിക്കരുത്. മുതിര്‍ന്നവരുടെ ഉപദേശം തേടാനും സഹായം നല്‍കാനുമുള്ള സാഹചര്യം ഉണ്ടാക്കണം. മാതാപിതാക്കള്‍ തങ്ങളുടെ നന്മയും, സുരക്ഷയുമാണ് ആഗ്രഹിക്കുന്നതെന്നും അതിനുവേണ്ടി ത്യാഗങ്ങള്സഹിക്കുന്നു എന്നും മക്കള്‍ക്ക് ബോധ്യപ്പെടണം. മനസ്സ് തുറന്ന് ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ അച്ഛനമ്മമാര്‍ അവസരമൊരുക്കണം. ചെറിയ തെറ്റുകള്‍ക്ക് കോപിക്കുകയോ, ശിക്ഷിക്കുകയോ ചെയ്യാതെ സ്നേഹപൂര്‍വ്വം ഉപദേശിച്ച് തെറ്റുകള്‍ തിരുത്താന്‍ അവരെ പ്രേരിപ്പിക്കണം.
വാര്‍ധക്യത്തില്‍ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ധര്‍മ്മവും കടമയുമാണെന്ന് മക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം, അതിനായി അനാഥാലയങ്ങളും, വൃദ്ധസദനങ്ങളും കുട്ടികളോടൊപ്പം സന്ദര്‍ശിക്കാനും അന്തേവാസികള്‍ക്ക് ആവുന്നത്ര സഹായങ്ങള്‍ നല്‍കാനും സമയം കണ്ടെത്തണം. ഈ ഭൂമിയില്‍ സമ്പത്തും, സുഖലോലുപതയും മാത്രമല്ലെന്നും, ദാരിദ്രവും, ദുരിതങ്ങളും, രോഗങ്ങളും അനുഭവിക്കുന്നവരുണ്ട് എന്നറിയുന്നതും നല്ലൊരു ജീവിതപാഠമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.
സ്നേഹവും, ത്യാഗവും
ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്, കാരണം സ്നേഹമുള്ളിടത്തെ ത്യാഗമനോഭാവമുണ്ടാവുകയുള്ളു. അതില്ലാത്തിടത്ത് പകരമുണ്ടാകുന്നത് സ്വാര്‍ത്ഥതയും കാലുഷ്യവും അസൂയയുമാണ്.
സ്നേഹം പ്രകടിപ്പിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്, എന്നാല്‍ ത്യാഗത്തിലൂടെയുള്ള സ്നേഹപ്രകടനമാണ് ഏറ്റവും ഉല്‍കൃഷ്ടമായിട്ടുള്ളത്. വ്യക്തികളില്‍, അച്ഛനമ്മമാരും, മക്കളും തമ്മില്‍, മുതിര്‍ന്നവരും കുട്ടികളും തമ്മില്‍, സുഹൃത്തുക്കള്‍ തമ്മില്‍ സ്നേഹബന്ധങ്ങള്‍ ഉടലെടുക്കുന്നു. ഈ തലത്തില്‍ നിന്നാണ് സമൂഹസ്നേഹവും, രാജ്യസ്നേഹവും രൂപപ്പെടുന്നതും തന്മൂലം ജീവിതത്തില്‍ എല്ലാ രംഗത്തും ത്യാഗ മനസ്ഥിതിയോടെ പ്രവൃത്തിക്കാനും സാധിക്കു.
വീടുവിട്ടോടുന്ന തലമുറ
പീഡനം എന്ന വാക്ക് ഇപ്പോള്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്നു. മാധ്യമങ്ങളില്‍ ഇത് ദിവസവും കാണുന്നു, കേള്‍ക്കുന്നു. സ്ത്രീകളും കുട്ടികളുമാണ് പ്രധാന ഇരകള്‍. പുരുഷന്മാരും ഇപ്പോള്‍ ഇരകളാകുന്നുത് അപൂര്‍വ്വമല്ല. നമുക്ക് കുട്ടികളുടെ കാര്യമെടുക്കാം, പ്രത്യേകിച്ചും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ കാര്യം. അവര്‍ പ്രണയക്കുരുക്കില്‍പ്പെട്ട് കാമുകനോടൊപ്പം വീടുവിട്ട്, മാതാപിതാക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നു. ഒടുവില്ചതിയിലും, വഞ്ചനയിലുംപെട്ട് എത്തിച്ചേരുന്നത് തെരുവിലോ, പെണ്‍വാണിഭക്കാരുടെ കൈയിലോ ആകാം, അല്ലെങ്കില്‍ ഇവര്‍ ആത്മഹത്യചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു.
ആണ്‍കുട്ടികളാണെങ്കില്‍ മദ്യത്തിനും, മയക്കുമരുന്നിനും അടിമപ്പെടുന്നു. അവരും ലൈഗിക പീഡനത്തിന് ഇരകളാകുന്നതും ഇന്ന് സര്‍വസാധാരണമായിരിക്കുന്നു.
ഇവിടെയാണ് കൂട്ടുകുടുംബങ്ങളുടെ പ്രസക്തി. ഇപ്പോള്‍ എല്ലായിടത്തും അണുകുടുംബങ്ങളാണ്. തന്മൂലം കുട്ടികള്‍ക്ക് മുതിര്‍ന്നവരില്‍ നിന്നും ലഭിക്കേണ്ട സ്നേഹവാത്സല്യങ്ങളും, ആശ്വാസവചനങ്ങളും നഷ്ടമായിരിക്കുന്നു.
കുട്ടികള്‍ക്ക് കുടുംബത്തില്‍, സ്നേഹവും, സന്തോഷവും, വിശ്വാസവും നഷ്ടപ്പെടുന്നതാവാം ഓടിപ്പോകുന്നതിന്റെ പ്രധാന കാരണം. മുതിര്‍ന്നവരില്‍ നിന്നും നേരിടുന്ന വേദനാജനകവും അസഹനീയവുമായ പെരുമാറ്റവും, കൂടെ ദാരിദ്ര്യവും, കഷ്ടപ്പാടുകളും അനുഭവിക്കുന്നതുമാകാം. ലോകം എന്താണെന്നും ചുറ്റിലും നടക്കുന്ന സംഭവങ്ങള്‍ എന്തെന്നും ഇവര്‍ക്കറിയില്ല.
അധികസമയവും ചെലവിടുന്നത് ടിവിയുടെ മുമ്പിലാണ്. ഇന്റര്‍നെറ്റ് ഒരുക്കുന്ന ചതിക്കുഴികളെക്കുറിച്ച് മാതാപിതാക്കളും ബോധവാന്മാരല്ല. മക്കള്‍ നെറ്റിനുമുന്നില്‍ ചെലവഴിക്കുന്ന സമയം, ഏതെല്ലാം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു എന്നൊന്നും ഇവര്‍ അന്വേഷിക്കാറില്ല. അമിതമായ ആകാംക്ഷയും ത്രില്ലുമെല്ലാം കുട്ടികളെ വഴിതെറ്റിക്കുന്നു.
ഈ സാഹചര്യങ്ങളില്‍ മാതാപിതാക്കളുടെ ശ്രദ്ധാപൂര്‍വ്വമായ നിരീക്ഷണം കുട്ടികളിലുണ്ടാവണം. തുടക്കത്തില്‍ തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കണം.
ജയപരാജയങ്ങളും, സുഖദുഃഖങ്ങളും
ജയവും തോല്‍വിയും, സുഖവും ദു:ഖവും, സാധാരണ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. തോല്‍വിയെ നേരിടാനും, ദു:ഖത്തെ മറികടക്കാനും സാധിക്കേണ്ടത് ജീവിത വിജയത്തിന് വളരെ ആവശ്യമാണ്. ഇതിന് വേണ്ട ധൈര്യവും, ആത്മവിശ്വാസവും ചെറുപ്രായത്തില്‍ തന്നെ നേടേണ്ടതാണ്.
ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്നീ നാലുഘട്ടങ്ങളിലൂടെയാണ് മനുഷ്യജീവിതം കടന്നുപോകുന്നത്. ഇതില്‍ ബാല്യത്തിലും, കൗമാരത്തിലുമാണ് സ്വഭാവരൂപീകരണവും, ജീവിത ശൈലിയിലെ മാറ്റങ്ങളും സംഭവിക്കുന്നത്. ഈ സമയത്ത് മാതാപിതാക്കളുടെയും, മുതിര്‍ന്നവരുടേയും, സുഹൃത്തുക്കളുടെയും പെരുമാറ്റം അവരില്‍ സ്വാധീനം ചെലുത്തുന്നു. തോല്‍വിയിലും, ദു:ഖങ്ങളിലും, ഭയപ്പെടാതെ, തളരാതെ സധൈര്യം അതിനെ നേരിടുവാനും, അതിജീവിക്കാനും സാധിക്കണം. ജീവിതാരംഭത്തില്‍ നേടുന്ന ഈ മാനസികശാക്തീകരണം ശിഷ്ടകാല ജീവിതം വിജയകരമാക്കാന്‍ സഹായിക്കുമെന്നതിന് സംശയവുമില്ല.
വിജയകരമായ, സംതൃപ്തി നിറഞ്ഞ ഒരു ജീവിതം നയിക്കാന്‍ അഞ്ച് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അവ മനസ്സ്, ശരീരം, കുടുംബം, സ്വധര്‍മ്മം, രാഷ്ട്രം എന്നിവയാണ്.
സ്വന്തം മനസ്സിനെ നന്മകളിലേക്ക് നയിച്ച് ജീവിതനിലവാരം ഉയര്‍ത്താന്‍ നിരന്തരം ശ്രമിക്കണം.
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനുമായി ആഹാരവും, വ്യായാമവും ക്രമീകരിക്കണം.
കുടുംബഭദ്രത, സന്തോഷവും സംതൃപ്തിയും നിറഞ്ഞ കുടുംബജീവിതത്തിന് ആവശ്യമാണ്. കുടുംബാംഗങ്ങളില്‍ പരസ്പര സ്നേഹവും, ബഹുമാനവും, ത്യാഗമനസ്ഥിതിയും വളര്‍ത്തിയെടുക്കണം.
നമ്മുടെ നാടിന്റെ പാരമ്പര്യം എന്താണെന്നറിയാന്‍ ഭാരതീയ സംസ്കാരത്തെപ്പറ്റി അറിഞ്ഞിരിക്കണം. അതംഗീകരിച്ച് അതില്‍ സന്തോഷിക്കാനും, അഭിമാനിക്കാനും വകയുണ്ടെന്ന് തിരിച്ചറിയണം. ഇപ്പോള്‍ നാട് എവിടെ എത്തിനില്‍ക്കുന്നുവെന്നും ഭാവിയില്നമ്മുടെ രാഷ്ട്രം എങ്ങനെ വികസിക്കണമെന്നും, അതില്‍ നമ്മുടെ പങ്ക് എന്തായിരിക്കണമെന്നും തീരുമാനിച്ച് പ്രവര്‍ത്തിക്കണം. അടുത്ത തലമുറക്ക് പകര്‍ന്ന് നല്‍കാനുള്ള അറിവും, പ്രവര്‍ത്തന ശൈലിയും നമ്മുടെ ഭാഗത്തുനിന്നുമുണ്ടാവണം.
ബാല്യത്തിലെ തന്നെ അതിന്റെ അടിത്തറ സ്ഥാപിച്ച് നിശ്ചയദാര്‍ഡൃത്തോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. അങ്ങനെയെങ്കില്‍ വല്ലാത്തൊരു കാലമെന്നുപറഞ്ഞ് കാലത്തിനുമേല്‍ കുറ്റം ചാര്‍ത്തുന്നത് ഒഴിവാക്കാം. വ്യക്തികള്‍ നന്നായാല്‍ സമൂഹവും നന്നാവും. ആ ചിന്തയോടെയാവണം ഓരോ പ്രവൃത്തിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: