കഴക്കൂട്ടം: കഥകളിയില്‍ പുതിയ തലമുറയുടെ അഭിരുചിയും പ്രാഗത്ഭ്യവും തെളിയിച്ച് കുട്ടികള്‍ അവതരിപ്പിച്ച കളിയാട്ടം കഥകളി കലാകാരന്മാാരുടെയും ആസ്വാദകരുടെയും മുക്തകണ്ഠമായ പ്രശംസ നേടി. 15 വര്‍ഷമായി കഴക്കൂട്ടത്ത് നടന്നു വരുന്ന അര്‍ജ്ജുന സൊസൈറ്റി ഓഫ് ക്ലാസ്സികള്‍ ആര്‍ട്സിന്റെ ആഭിമുഖ്യത്തിലാണ് കഥകളി സോദാഹരണ ശില്‍പ്പശാലയും, കഥകളി പ്രശ്നോത്തരിയും, ലവണാസുരവധം കഥകളിയിലൂടെ കുട്ടികളുടെ അരങ്ങേറ്റവും നടന്നത്.
നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ച നരകാസുരവധം സമ്പൂര്‍ണ്ണ കഥകളിയില്‍ കെട്ടിയാടിയവര്‍ വേദി കയ്യടക്കി. ഒരു വര്‍ഷം മുതല്‍ 14 വര്‍ഷം വരെ അര്ജ്ജുനയില് കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ ശിക്ഷണത്തില്‍ കഥകളി അഭ്യസിച്ച ആറു വയസ്സുകാരി മുതല്‍ 20 വയസ്സുവരെയുള്ളവരാണ് ചുട്ടികുത്തി നിറഞ്ഞാടിയത്. തുടര്‍ച്ചയായി നാലര മണിക്കൂര്‍ പ്രഗത്ഭരുടെ മേളത്തിനും പാട്ടിനുമൊപ്പം അരങ്ങിലാടിയവരില് ആറു വയസ്സുകാരി അനുഷ്കാരാജുള്പ്പെടെ ആറു പെണ്‍കുട്ടികളും 12 ആണ്‍കുട്ടികളും. കഥകളി കണ്ടിറങ്ങിയവര്‍ ഇത് കുട്ടികളുടെ കളിയല്ലെന്നും കഥകളിയെന്ന ഉത്തമകലയെ കുറ്റമറ്റതാക്കി ആടിയ ഇരുത്തം വന്ന കലാകാരന്മാരുടേതു പൊലെയാണെന്നും അഭിനന്ദിച്ചപ്പോള്‍ കുട്ടികളുടെ കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ നിറഞ്ഞു.
കഴക്കൂട്ടം അമ്മന്‍ കോവില്‍ ആഡിറ്റോറിയത്തില്‍ അര്‍ജ്ജുനയുടെ പ്രസിഡന്റ് കെ. ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനം മാര്‍ഗിയുടെ സെക്രട്ടറി എസ്. ശ്രീനിവാസന് ഉത്ഘാടനം ചെയ്തു. കഥകളിയ്ക്ക് നല്കിയ സമഗ്ര സംഭാവനയ്ക്ക് ഡോ. വെള്ളിനേഴി അച്ച്യുതന്‍ കുട്ടിയെ ചടങ്ങില്‍ ആദരിച്ചു. പ്രൊഫസര്‍ വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, വി. മധുകുമാര്‍, അഡ്വ. പിരപ്പന്‍കോട് ജയദേവന്‍നായര്‍, വി. രാജേന്ദ്രന് നായര്‍, കെ.ജി. രാഘവന് പിള്ള, വി.എസ്. സുനില്‍ കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: