യോഗയിലൂടെ മനസ്സിനും ശരീരത്തിനും ശാന്തിയെന്ന സന്ദേശമുള്‍ക്കൊണ്ട് കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയില്‍ പതിനായിരത്തിലധികം പേരെ യോഗ പരിശീലിപ്പിച്ച് തൃശ്ശുരില്‍ യോഗാഞ്ജലി എന്ന സ്ഥാപനം നടത്തിവരികയാണ് പ്രശസ്ത യോഗ തെറാപ്പിസ്റ്റ് മിനി രവീന്ദ്രന്.
നിരവധി രോഗികള്‍ക്ക് യോഗയിലുടെ സാന്ത്വനമേകി ഒരു ആരോഗ്യ പരിപാലന പദ്ധതിയെന്ന നിലയില്‍ യോഗയെ കൂടുതല്‍ ജനകീയമാക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. ആസ്ത്മ, രക്തസമ്മര്‍ദം, മാനസിക സംഘര്‍ഷങ്ങള്‍ തുടങ്ങി കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ വരെ ഒരു പരിധിവരെ നിത്യമുള്ള യോഗയിലൂടെ മാറ്റിയെടുക്കാനാകുമെന്ന് മിനി ടീച്ചര്‍ പറയുന്നു. കാന്‍സര്‍ പോലുള്ള രോഗം ആദ്യം മനസ്സിനെ തളര്‍ത്തുന്നു. യോഗയിലൂടെ മനസ്സിനെ രോഗത്തിനു മുമ്പില്‍ തോല്ക്കാന് വിടാതെ കൂടുതല്‍ ആത്മവിശ്വാസം കൈവരുമ്പോള്‍ ക്രമേണ മരുന്നുകള്‍ ഫലം ചെയ്യാന്‍ തുടങ്ങുന്നു. നിത്യേനയുള്ള യോഗപരിശീലനം കൊണ്ടു അങ്ങനെ ഒരു പരിധിവരെ രോഗത്തെ മറികടക്കാനാകും എന്ന് ടീച്ചറുടെ അനുഭവ സാക്ഷ്യം.
ബെംഗളൂരുവിലെ സ്വാമി വിവേകാനന്ദ യോഗ അനുസന്താന സംസ്ഥാന(എസ് വ്യാസ) ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും യോഗ ഇന്‍സ്ട്രക്ടര്‍ പിജി ഡിപ്ലോമയും യോഗ തെറാപ്പിയിലും ബിരുദം നേടിയ മിനി അണ്ണാമല യുണിവേഴ്സിറ്റിയില്‍ നിന്നും യോഗയില്‍ പിജിഡിപ്ലോമയും കരസ്ഥമാക്കി. സ്ത്രീകള്‍ അധികം കടന്നുവരാത്ത ഒരുകാലത്ത് തൃശ്ശുരിലെ ഐക്കഫ് ക്ലബ്ബില്‍ ചിദംബരം മാഷ് പണ്ടുപഠിപ്പിച്ചിരുന്നു. പിന്നീടു മുടങ്ങിപ്പോയ യോഗ ക്ലാസ്സ് ഏറ്റെടുത്തു നടത്തിയാണ് മിനി ഈ രംഗത്തേക്കു കടന്നുവരുന്നത്. 18 സത്രീകളെ വച്ചായിരുന്നു ആദ്യത്തെ ബാച്ച് തുടങ്ങിയത്. പിന്നീടുള്ള വളര്‍ച്ച പടി പടിയായിട്ടായിരുന്നു.
യോഗയിലെ സ്ത്രീ പരിശീലക എന്ന പേരില്‍ ആദ്യകാലത്ത് സ്വാഭാവികമായി ചില വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉണ്ടായിരുന്നെങ്കിലും അവയെല്ലാം പിന്നിട് വിജയത്തിലേക്കുള്ള വഴികളായി മാറി. ഇന്ന് ദിനംതോറും 100 പേരെ യോഗ പരിശീലിപ്പിക്കുന്ന ടീച്ചര്‍ തിരക്കിലാണ്. മൂന്നുമാസത്തെ ചെറിയ കോഴ്സാണ് ആദ്യം നല്‍കുന്നത്. തുടക്കത്തില്‍ ചെറിയ ആസനങ്ങള്‍, ശ്വസനപ്രക്രിയ, പ്രാണായാമം, ധ്യാനം, ശവാസനം തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ പരിശീലിപ്പിക്കുന്നു.പിന്നീടുള്ള തുടര്‍പഠനങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ടു നില്ക്കും. 13 വര്‍ഷമായി ക്ലാസ്സില്‍ പങ്കെടുത്തു വരുന്നവര്‍ നിരവധിയാണ്. വര്‍ഷത്തിലൊരിക്കല്‍ കുറച്ചുപേരെ ബെംഗളൂരിലെ യോഗ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കൊണ്ടുപോയി 3 ദിവസത്തെ പാക്കേജില്‍ യോഗ പരിശീലിപ്പിക്കാറുണ്ട്. സാധാരണ ഒരു ദിവസം ഒരു മണിക്കുര്‍ ഇവിടെ ലഭിക്കുമ്പോള്‍ അവിടെ 11 മണിക്കൂര്‍ സമയം ഒരാള്‍ക്ക് ഒരു ദിവസം യോഗപരിശീലിക്കാന്‍ കഴിയുന്നു.
യോഗക്കുവേണ്ടി എന്നെങ്കിലും ഒരു നല്ലകാലം വരുമെന്ന് വിചാരിച്ചിരുന്നെങ്കിലും അത് ഇത്രയും വേഗത്തില്‍ എത്തുമെന്ന് സ്വപ്നത്തില്‍ പോലും കണ്ടില്ലെന്നും യോഗയെ ലോകത്തിന്റെ നെറുകയില്‍ കൊണ്ടെത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ നമിക്കുന്നുവെന്നും മിനി ടീച്ചര്‍ പറയുമ്പോള്‍ പ്രകടമാകുന്നതും യോഗയോടുള്ള ഇഷ്ടമാണ്. മനസ്സിനും ശരീരത്തിനും യോഗ നല്ലതാണെന്ന് പ്രചരിപ്പിച്ച് ജുണ് 21 ന് ലോക യോഗദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചപ്പോള്‍ യോഗയ്ക്ക് കേവലം ഒരു വ്യായാമ മുറ എന്നതിനപ്പുറം നിരവധിമാനങ്ങള്‍ കൈവന്നു. ഇതിനുശേഷം യോഗക്ക് നല്ല രീതിയില്‍ പ്രചാരണം ലഭിച്ചു.
ടീച്ചര്‍ക്കു അര്‍ദ്ധരാത്രിയില്‍ പോലും നിരവധി കോളുകള്‍ യോഗയെക്കുറിച്ചും ക്ലാസ്സിനെ കുറിച്ചും അറിയാനായി വരുന്നുണ്ട്. ആദ്യകാലങ്ങളില്‍ സ്ത്രീകളെ മാത്രമായിരുന്നു യോഗ പരിശീലിപ്പിച്ചിരുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പുരുഷന്മാരെയും ടീച്ചര്‍ യോഗ പഠിപ്പിക്കുന്നു. സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് കാര്യങ്ങള്‍ വേഗത്തില്‍ ഗ്രസിക്കുന്നതെന്നാണ് മിനി ടീച്ചറുടെ അനുഭവം. യോഗക്ക് പ്രചാരം കൂടിയപ്പോള്‍ യോഗ പരിശീലകരായി നിരവധി വ്യാജപരിശീലകരും രംഗത്തു വന്നെന്നും അല്പ്പജ്ഞാനികള് വരുത്തി വെയ്ക്കുന്ന വിനകള്‍ ഈ രംഗത്ത് അപകടം വരുത്തിവെയ്ക്കുമെന്ന് ടീച്ചര്‍ ഭയപ്പെടുന്നു.
അതുകൊണ്ട് യോഗ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നല്ല പരിശീലകന് വശം പോകണമെന്ന് ടീച്ചര്‍ ഉപദേശിക്കുന്നു. ജിവിതശൈലി രോഗങ്ങള്‍ മനുഷ്യരില്‍ മാരകമായി പിടിമുറുക്കിയിരിക്കുന്ന ഒരു കാലത്ത് 5000 വര്‍ഷം പഴക്കമുള്ള ഭാരതത്തിന്റെ അമൂല്യമായ ഒരു സമ്പത്തായ യോഗയുടെ തിരിച്ചുവരവ് ലോകത്തിലുള്ള മനുഷ്യരുടെ പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കിന്റെ സൂചകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: