തിരുവനന്തപുരം: ഓപ്പറേഷന് അനന്തയുടെ ഭാഗമായി ബിജുരമേശിന്റെ ഉടമസ്ഥതയിലുള്ള കിഴക്കേക്കോട്ടയിലെ രാജധാനി ബില്‍ഡിങ്സ് പൊളിക്കുന്നത് സംബന്ധിച്ച വാദംകേള്‍ക്കല്‍ ഇന്നും തുടരും. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമുള്ള സംയുക്ത പരിശോധന ഇന്നലെ നടന്നു. ഇന്നുകൂടി നടക്കുന്ന വാദംകേള്‍ക്കല്‍ പൂര്‍ത്തിയായ ശേഷമാവും കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാവുക.
കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് വന്നതിന്റെ അടിസ്ഥാനത്തിലാണ് ബിജുരമേശ് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ കൂടി സാന്നിധ്യത്തില്‍ കെട്ടിടം പരിശോധിക്കണമെന്നാണ് ബിജുരമേശ് ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സംയുക്ത പരിശോധന നടത്തിയത്. ഡെപ്യൂട്ടി കളക്ടര്‍ കെ. കാര്ത്തികേയന് എഡിഎം വി.ആര്. വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
ഇന്നലെ നടന്ന സംയുക്ത പരിശോധനയില്‍ കെട്ടിടഉടമ ബിജു രമേശ് പങ്കെടുത്തില്ല. സ്ഥലത്തില്ലാത്തതിനാല്‍ പരിശോധനക്കായി ഒരാഴ്ചത്തെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജു രമേശ് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന് സംഘം അറിയിച്ചതിനെത്തുടര്‍ന്ന് ബിജു രമേശിന്റെ പ്രതിനിധികളാണ് പരിശോധനയില്‍ പങ്കെടുത്തത്. കനാല്‍ കൈയേറിയല്ല നിര്‍മാണം നടത്തിയതെന്ന വാദം ബിജുരമേശിന്റെ പ്രതിനിധികള്‍ വിശദീകരിച്ചു. രാജധാനി ബില്‍ഡിങ്സിന്റെ പുറകിലായി കാണുന്ന കനാലിന്റെ ഭാഗവും സംഘം പരിശോധിച്ചു. സ്ഥല പരിശോധനക്ക് ശേഷം വൈകുന്നേനരം നാലിന് കളക്ടറേറ്റില്‍ നടന്ന ഹിയറിങിലും രമേശിന്റെ പ്രതിനിധികളാണ് പങ്കെടുത്തത്. ഇന്നും ഹിയറിങ് തുടരുമെന്ന് സബ് കളക്ടര്‍ കാര്ത്തികേയന് അറിയിച്ചു. പ്രാഥമിക പരിശോധനയിലെ കാര്യങ്ങള്‍ വിലയിരുത്തി ഉടന്‍ നടപടി സ്വീകരിക്കുമെന്ന് എഡിഎം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: