Categories: India

അയോധ്യയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കണം: സുപ്രീംകോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: അയോധ്യയിലെ രാമ ലാല ക്ഷേത്രത്തിന് സമീപം ഭക്തര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ശ്രീരാമവിഗ്രഹം സ്ഥാപിച്ചിരിക്കുന്ന താല്‍ക്കാലിക ഷെഡിന് അറ്റകുറ്റപ്പണികള്‍ നടത്താന്‍ അനുമതി നല്‍കിയ കോടതി ക്ഷേത്രപരിസരത്ത് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കി നല്‍കാനും നിര്‍ദ്ദേശിച്ചു.

ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ രണ്ട് സ്വതന്ത്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ വേണം പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തേണ്ടത്. അയോദ്ധ്യയിലേക്കുള്ള തീര്‍ത്ഥാടകരുടെ വരവിനെ കണ്ടില്ലെന്നു നടിക്കാനാവില്ല, എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കണം. ക്ഷേത്രം നിലനില്‍ക്കുന്ന പ്രദേശം സംരക്ഷിക്കണം,  സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് അനില്‍ ആര്‍ ദവെ, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അയോധ്യയിലെ ക്ഷേത്രം പുനരുദ്ധാരണം നടത്തുന്നത് സംബന്ധിച്ച് മാര്‍ച്ച് മാസത്തില്‍ കോടതി കേന്ദ്ര-ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് അഭിപ്രായം തേടിയിരുന്നു. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ഇടപെടല്‍. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍സിങ് പറഞ്ഞു.

ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ വര്‍ഷംതോറും എത്തുന്ന അയോധ്യയില്‍ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലെന്നും ഇതിന് പരിഹാരം കാണമെന്നും ആവശ്യപ്പെട്ടാണ് സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീംകോടതിയെ സമീപിച്ചത്. പ്രദേശത്ത് നിര്‍മ്മാണമൊന്നും നടത്തരുതെന്ന സുപ്രീംകോടതിയുടെ 1996 ലെ ഉത്തരവ് ക്ഷേത്രത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിര്‍മ്മാണം നടത്തുന്നതിന് മാത്രമാണ് ബാധകമെന്നും ഭക്തര്‍ക്ക് ദര്‍ശനവും പൂജയും നടത്താനുള്ള സൗകര്യം നല്‍കണമെന്നും സ്വാമിയുടെ ഹര്‍ജിയില്‍ പറയുന്നു.

Recent Posts