കളമശ്ശേരി: ഹൈന്ദവ പ്രതീകങ്ങളെ പരിരക്ഷിക്കാന്‍ ഹിന്ദുക്കള്‍ രാഷ്ട്രീയാധികാരം കൈവശപ്പെടുത്തണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍ പറഞ്ഞു. ആസുരീകശക്തികള് അതിന്റെ എല്ലാതലത്തിലും സന്നാഹത്തോടെ ധര്‍മ്മത്തിനെതിരെ പോരടിക്കാന്‍ ശ്രമിക്കുമ്പോള്‍ നാനവിഭാഗം ഹൈന്ദവ സമൂഹങ്ങള്‍ ഒന്നുചേര്‍ന്ന് ധാര്‍മ്മിക ശക്തിയായി രൂപപ്പെടണം. ആദ്ധ്യാത്മികതയും ഭൗതീകതയും വഴിപിരിയുന്നിടത്ത് രാക്ഷസീയത കൊടികുത്തി വാഴും. രാമഭക്തന്മാര് വിചാരിച്ചാല്‍ കഴിയാത്തതായി ഒന്നുമില്ല. രാജ്യപുരോഗതിക്കായി പോരാടാന്‍ രാമായണം പ്രേരക ശക്തിയാകണമെന്ന് ടീച്ചര്‍ പറഞ്ഞു.
തേവയ്ക്കല്‍ മുക്കോട്ടില്‍ ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന 5-ാമത് അഖില ഭാരത രാമായണ സത്രത്തിന് ഞായറാഴ്ച കൊടിയിറങ്ങി. തേവയ്ക്കല്‍ ജംഗ്ഷനില്‍നിന്നും ആരംഭിച്ച ശ്രീരാമ പട്ടാഭിഷേക ഘോഷയാത്രയില്‍ ആയിരങ്ങള്‍ അണിനിരന്നു. പൂത്താലം, വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നെത്തിയ കലശക്കുടങ്ങള്‍ സത്രശാലയിലേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് ശ്രീരാമപട്ടാഭിഷേകം നടത്തി താന്ത്രികവൈദിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.
ചടങ്ങുകള്‍ക്ക് സത്രാചാര്യന്‍ ശ്രീരാമദാസ നീലംപേരൂര്‍ പുരുഷോത്തമദാസ്, ക്ഷേത്രം മേല്‍ശാന്തി സനോജ് നമ്പൂതിരി, പുരുഷോത്തമന് നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്കി. ഉച്ചക്ക് നടന്ന പ്രസാദ ഊട്ടില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.
സത്ര സമിതി പ്രസിഡന്റ് സ്വാമി അയ്യപ്പദാസിന്റെ സത്രസന്ദേശത്തോടെ സത്രം സമാപിച്ചു. സമാപന സമ്മേളനം കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആര്.വി.ബാബു, പി.സദാനന്ദന്, എം.സി.ഉണ്ണികൃഷ്ണന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: